മോദി പ്രതിച്ഛായയുടെ തടവറയിലെന്നു രാഹുൽ
മോദി പ്രതിച്ഛായയുടെ തടവറയിലെന്നു രാഹുൽ
Friday, December 2, 2016 3:11 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പ്രതിച്ഛായയുടെ തടവിൽ അകപ്പെട്ടിരിക്കുകയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒരിക്കൽ പോലും ഇതുപോലൊരു പ്രധാനമന്ത്രിയെ രാജ്യത്തിനു നൽകിയിട്ടില്ല. ടിആർപി രാഷ്ട്രീയത്തിലാണു മോദിക്ക് താത്പര്യമെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ പറഞ്ഞു.

ജനാധിപത്യ സ്‌ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന അനുഭവ സമ്പത്തുള്ള ആളുകളുടെ അഭിപ്രായങ്ങളെ മറികടന്നു പ്രവർത്തിക്കുന്ന ഒരു പ്രധാനമന്ത്രിപോലും കോൺഗ്രസിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയും പൊങ്ങച്ചവും കാരണം അടിക്കടി നഷ്‌ടങ്ങൾ ഏറ്റുവാങ്ങേണ്ട ഗതികേടിലാണ് രാജ്യം. ഭീകരവാദത്തിനെതിരേ ഉചിതമായ തീരുമാനമെടുക്കാൻ സർക്കാരിന് ഇനിയും സാധിച്ചിട്ടില്ല. അതിർത്തിയിൽ പാക്കിസ്‌ഥാൻ തുടരുന്ന പ്രകോപനങ്ങൾ അവസാനിപ്പിക്കുന്നതിനാണു നാം മിന്നലാക്രമണം നടത്തിയത്. എന്നാൽ, പാക് അധീന കാഷ്മീരിലെ മിന്നലാക്രമണത്തിനുശേഷം 21 വലിയ ആക്രമണങ്ങളും നൂറോളം വെടിനിർത്തൽ കരാർ ലംഘനങ്ങളുമാണ് അതിർത്തിയിലുണ്ടായിട്ടുള്ളത്. 85 സൈനികർ ഇതുവരെ വീരമൃത്യു വരിച്ചുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.


കാഷ്മീരിൽ വലിയ രാഷ്ട്രീയ ശൂന്യതയാണു മോദി സൃഷ്‌ടിച്ചത്. അതാണു ഭീകരർക്ക് അവിടെ പ്രവർത്തിക്കുന്നതിനുള്ള അവസരം നൽകിയത്. കാഷ്മീർ കത്തിക്കൊണ്ടിരുന്നപ്പോൾ മൗനം പാലിച്ചയാൾ ഇപ്പോൾ തങ്ങളെ അധിക്ഷേപിക്കുകയാണ്. ബിജെപി, പിഡിപി രാഷ്ട്രീയ സഖ്യത്തിലൂടെ കാഷ്മീരിൽ രാഷ്ട്രീയ ശൂന്യത സൃഷ്‌ടിച്ച് ഭീകരവാദം വളർത്തിയ പ്രധാനമന്ത്രിയെന്നാകും മോദിയെ ചരിത്രം രേഖപ്പെടുത്തുകയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.