മോദിയുടെ നീക്കം ഗുജറാത്ത് കലാപത്തിനു സമാനം: തോമസ് ഐസക്
മോദിയുടെ നീക്കം ഗുജറാത്ത് കലാപത്തിനു സമാനം: തോമസ് ഐസക്
Saturday, December 3, 2016 2:07 PM IST
ന്യൂഡൽഹി: കറൻസി നിരോധനത്തിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കം ഗുജറാത്ത് കലാപത്തിനു സമാനമാണെന്നു ധനമന്ത്രി തോമസ് ഐസക്. നോട്ട് അസാധുവാക്കൽ നടപടി മൂലം കേരളത്തിനു 34 മുതൽ 40 ശതമാനം വരെ വരുമാന നഷ്ടം ഉണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടം നികത്തുന്നതു സംബന്ധിച്ചു ജിഎസ്ടി കൗൺസിൽ ചർച്ച ചെയ്തെങ്കിലും ധാരണയിലെത്തിയില്ല.

ജനങ്ങളിൽ ഭീതിയുണ്ടാക്കി അതു മുതലെടുക്കുകയാണു ഗുജറാത്തിൽ മോദി അന്നു ചെയ്തത്. ഇപ്പോഴത്തെ നടപടികളിലൂടെയും ജനങ്ങളെ ഭീതിയിലാക്കി മുതലെടുപ്പാണു ലക്ഷ്യമെന്നു മന്ത്രി ആരോപിച്ചു. ഡിസംബർ 30 നു ശേഷം കേരളത്തിൽ ലോട്ടറിയിൽ നിന്നുള്ള വരുമാനം പാടേ ഇടിയും. വസ്തു രജിസ്ട്രേഷൻ കുറയുന്നത് 50 ശതമാനം വരുമാന നഷ്ടമാണ് ഉണ്ടാക്കുക. വാറ്റ് വഴി കിട്ടേണ്ട 40 ശതമാനം വരുമാനത്തിലും കുറവുണ്ടാകുമെന്നു ധനമന്ത്രി പറഞ്ഞു. ഇതിനു പുറമെ സഹകരണ മേഖലയെ തകർക്കാനുള്ള അവസരമാക്കുകയാണ് ഇപ്പോഴത്തെ നടപടികളെന്ന് ഐസക് ആരോപിച്ചു.

കേരളത്തിൽ കൊമേഴ്സ്യൽ ബാങ്കുകൾക്കൊപ്പമാണു സഹകരണ മേഖലയുടെ സ്‌ഥാനം. കൊമേഴ്സ്യൽ ബാങ്കുകളിലേതിന്റെ മൂന്നിലൊന്ന് ഇടപാടുകൾ അവിടെ നടക്കുന്നു. കേന്ദ്രസർക്കാർ ഭയപ്പെടുന്നതുപോലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെങ്കിൽ ഇപ്പോഴത്തെ നിയന്ത്രണം വഴി അതിനു തടയിടാൻ കഴിയില്ലേയെന്നും ഐസക് ചോദിച്ചു.

കറൻസി നിരോധനം വന്ന നവംബർ എട്ടിനുശേഷം അഞ്ഞൂറോളം ജൻധൻ അക്കൗണ്ടുകളിൽ ദുരൂഹതയുണർത്തും വിധം നിക്ഷേപങ്ങൾ വന്നതായി റിപ്പോർട്ടുമുണ്ട്. രാജ്യത്താകെ 1.8 കോടി ജൻധൻ അക്കൗണ്ടുകളിൽ 25,876 കോടി രൂപയാണ് ആകെ നിക്ഷേപം. ഈ അക്കൗണ്ടുകളുടെ ശരാശരി നിക്ഷേപം 14,340 രൂപ വരും. എന്നാൽ അഞ്ഞൂറോളം അക്കൗണ്ടുകളിൽ മൂന്നു ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപിക്കപ്പെട്ടതായി തോമസ് ഐസക് പറഞ്ഞു.


പത്ത് അക്കൗണ്ടുകളിൽ മാത്രം 20 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കപ്പെട്ടു. പത്തു ലക്ഷം രൂപയ്ക്കു മുകളിൽ നിക്ഷേപം വന്ന 34 അക്കൗണ്ടുകളും സംശയത്തിന്റെ നിഴലിലാണെന്നു മന്ത്രി പറഞ്ഞു.


കോൺഗ്രസ് ബിജെപിയുടെ ബി ടീമാകരുത്

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ സമരം ചെയ്യുന്നതിനു പകരം ബിജെപിയുടെ ബി ടീമായി കോൺഗ്രസും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രവർത്തിക്കരുതെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. ഒന്നിച്ചു നിന്നു സമരം ചെയ്യണമെന്നു പറഞ്ഞിട്ട് ഇപ്പോൾ ബിജെപി പറയുന്ന കാര്യങ്ങൾ ഏറ്റുപിടിക്കുകയാണ്. അടിസ്‌ഥാനരഹിതവും വിചിത്രമായ കാര്യങ്ങളാണു ചെന്നിത്തല പറയുന്നത്. കോൺഗ്രസ് എഴുതിത്തന്ന കുറിപ്പിൽ പറയുന്ന ഏതു കാര്യമാണ് ചെയ്യാതിരുന്നത്. കറൻസി റദ്ദാക്കലിനു ശേഷം കേരളത്തിൽ പ്രതിപക്ഷം അപ്രസക്‌തമായതിലുള്ള ജാള്യത മറയ്ക്കാനാണു പ്രതിപക്ഷ നേതാവിന്റെ ശ്രമമെന്നും ഐസക് പരിഹസിച്ചു. സംസ്‌ഥാനം കൃത്യമായി ഇടപെട്ടതിനാലാണ് 24,000 രൂപ വരെ പിൻവലിക്കാൻ അനുമതി ലഭിച്ചത്. മറ്റു സംസ്‌ഥാനങ്ങളിൽ ഇത്രയുമില്ല. 29നു റിസർവ് ബാങ്ക് ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചതും പ്രയോജനം ചെയ്തതായി ധനമന്ത്രി അവകാശപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.