ബാങ്കിൽ ക്യൂ നിന്ന യുവതി പ്രസവിച്ചു
Saturday, December 3, 2016 2:49 PM IST
കാൺപുർ: നോട്ട് നിരോധനത്തെത്തുടർന്ന് പണത്തിനായി ബാങ്കിൽ ക്യൂ നിൽക്കുന്നതിനിടെ യുവതി പ്രസവിച്ചു. ഉത്തർപ്രദേശിലെ ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണു സംഭവം. ഭർത്താവിന്റെ മരണത്തിലുള്ള നഷ്‌ടപരിഹാരത്തുക വാങ്ങാനെത്തിയതാണു സർവേഷ എന്ന യുവതി.

ഭർതൃമാതാവുമൊത്തു തുടർച്ചയായ രണ്ടാം ദിവസമാണു യുവതി ബാങ്കിലെത്തിയത്. ക്യൂ നിൽക്കവെ സർവേഷയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിക്കാൻ ആംബുലൻസിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്നു പണമെടുക്കാനെത്തിയ സ്ത്രീകളുടെ ശുശ്രൂഷയിലാണ് യുവതി പ്രസവിച്ചത്.


കുഞ്ഞിന് കുഴപ്പൊന്നുമില്ലെങ്കിലും യുവതിയുടെ ആരോഗ്യസ്‌ഥിതി മോശമാണെന്നും ഭർതൃമാതാവ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിലാണ് സർവേഷയുടെ ഭർത്താവ് അശ്വേന്ദ്ര വാഹനാപകടത്തിൽ മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.