നോട്ട്: നിലപാടിലുറച്ച് പ്രതിപക്ഷം
നോട്ട്: നിലപാടിലുറച്ച് പ്രതിപക്ഷം
Monday, December 5, 2016 3:23 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിലുടക്കി പ്രതിപക്ഷം ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിച്ചു. രാജ്യസഭ ഇന്നലെ ചേർന്നപ്പോൾ തന്നെ പ്രതിപക്ഷം വിഷയമുന്നയിച്ചു. പാർലമെന്റിലെ എടിഎം കൗണ്ടറിൽ പോലും നോട്ടുകളില്ലെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ബഹളമുയർത്തി നടുത്തളത്തിലിറങ്ങി. വിഷയത്തിൽ മറുപടി നൽകാൻ സർക്കാർ തയാറായാൽ പ്രതിഷേധക്കാർ പിൻവലിയാൻ ഒരുക്കമാണെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. എന്നാൽ, മുദ്രാവാക്യം മുഴക്കിയതുകൊണ്ട് പരിഹാരമുണ്ടാകില്ലെന്നും വാർത്തകളിൽ തലക്കെട്ടുകൾ മാത്രം സൃഷ്‌ടിക്കാനേ അതുപകരിക്കൂ എന്നും ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടി. ഇതിനിടെ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കുള്ള ബിൽ അവതരിപ്പിക്കുന്ന കാര്യം മന്ത്രി വെങ്കയ്യ നായിഡു ഉന്നയിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധത്തിൽ ഉറച്ചു നിന്നു. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്കായി സഭ വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നു.

ഉച്ചകഴിഞ്ഞു സഭ വീണ്ടും ചേർന്നപ്പോൾ മന്ത്രി തവർ ചന്ദ് ഗെലോട്ട് ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള ബിൽ അവതരിപ്പിച്ചു. എന്നാൽ, നോട്ട് വിഷയത്തിൽ ചർച്ച തുടരുന്നതിനായി ബൽ മാറ്റിവച്ചു. തുടർന്ന് രാജ്യത്തെ സ്‌ഥിതി അതീവ ഗുരുതരമാണെന്നും ജനങ്ങൾക്കു ശമ്പളവും പെൻഷനും നിഷേധിക്കുന്ന അവസ്‌ഥയുമാണുള്ളതെന്നും കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ആരോപിച്ചു. എന്നാൽ, ടുജി അഴിമതി ചൂണ്ടി കോൺഗ്രസിനു നേരേ ബിജെപി അംഗം ഭൂപേന്ദർ യാദവ് ആരോപണമുന്നയിച്ചതോടെ സഭ വീണ്ടും ബഹളത്തിൽ മുങ്ങി. ഇതോടെ സഭ ഇന്നലത്തേക്കു പിരിഞ്ഞു.

ലോക്സഭയിലും പ്രതിപക്ഷം ഇന്നലെ നോട്ട് വിഷയത്തിൽ പ്രതിഷേധമുയർത്തി. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. പതിവുപോലെ ചർച്ചയ്ക്കു തയാറാണെന്നു പാർലമെന്ററി കാര്യമന്ത്രി അനന്ത് കുമാർ പറഞ്ഞു. ചട്ടങ്ങൾക്കനുസരിച്ചു പ്രതിപക്ഷം ചർച്ചയ്ക്കു തയാറായാൽ താനും തയാറാണെന്ന് സ്പീക്കർ സുമിത്ര മഹാജനും വ്യക്‌തമാക്കി. എന്നാൽ, വോട്ടിംഗോടു കൂടിയുള്ള ചർച്ച വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിന്നു. പ്രതിപക്ഷം വോട്ടിംഗ്, വോട്ടിംഗ് എന്നു മുദ്രാവാക്യം മുഴക്കിയപ്പോൾ നിങ്ങൾ മോദി, മോദി എന്നാണോ വിളിക്കുന്നതെന്നായിരുന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കറുടെ ചോദ്യം. ബഹളം രൂക്ഷമായതോടെ സഭ പിരിഞ്ഞു.


പന്ത്രണ്ടിനു സഭ വീണ്ടും ചേർന്നപ്പോൾ ചട്ടം 56 പ്രകാരം ചർച്ച അനുവദിക്കില്ലെങ്കിൽ 184–ാം വകുപ്പും പ്രകാരമെങ്കിലും ചർച്ച വേണമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. തൃണമൂൽ നേതാവ് സുദീപ് ബന്ദോപാധ്യയും ഇതേ ആവശ്യം ഉന്നയിച്ചു. ആർജെഡിയും ഇതിനെ പിന്തുണച്ചു. ഏതു ചട്ടമനുസരിച്ച് ചർച്ച നടത്തിയാലും പരിഹാരം ഉണ്ടാകണമെന്നാണ് തങ്ങളുടെ നിലപാടെന്ന് ടിആർഎസും വ്യക്‌തമാക്കി.

വിഷയം ഗൗരവമായെടുക്കണമെന്ന് സമാജ് വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ് ആവശ്യപ്പെട്ടു. പണം ലഭിക്കാത്ത കാരണത്തിൽ രണ്ടു വനിതകൾ മരിച്ചു. പണ വിതരണം പൂർണമായും സ്തംഭിച്ചു. അതിനിടെ, സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയിൽ ആർക്കും സംശയമില്ലെന്ന കാര്യത്തിൽ സന്തോഷമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ദേശീയ താത്പര്യം മുൻനിർത്തിയാണ് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. ചർച്ചയ്ക്ക് സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഏതു ചട്ട പ്രകാരം ചർച്ച വേണമെന്ന കാര്യത്തിൽ പ്രതിപക്ഷത്തിനിടയിൽ ഭിന്നിപ്പാണുള്ളതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

ഇതോടെ പ്രതിപക്ഷം ബഹളം രൂക്ഷമാക്കി. ജനങ്ങളുടെ ഇടയിലേക്ക് തെറ്റായ സന്ദേശങ്ങൾ പരത്തി വിടരുതെന്ന് ഖാർഗെ പറഞ്ഞു. വോട്ടിംഗോടു കൂടിയ ചർച്ച തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഹളം രൂക്ഷമായതോടെ ശൂന്യവേളയിൽ സഭ വീണ്ടും പിരിഞ്ഞു. നോട്ട് പിൻവലിക്കൽ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിൽ തുടർച്ചയായ പതിന്നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാവുമെന്ന് തന്നെയാണ് സൂചന. നവംബർ 16ന് ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇതുവരെ പൂർണമായും സ്തംഭനത്തിലാണ്. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ ആദായ നികുതി നിയമഭേദഗതി മാത്രമാണ് പാസാക്കിയത്. ഇതിനെതിരെയും പ്രതിപക്ഷം പ്രതിഷേധത്തിലാണ്.

പ്രധാനമന്ത്രി സഭയിൽ മാപ്പു പറയണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടു പോവില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ സൂചിപ്പിക്കുന്നത്. ലോക്സഭയിൽ നിലവിൽ നോട്ട് പിൻവലിക്കൽ വിഷയത്തിൽ ചട്ടം 193 അനുസരിച്ചുള്ള ചർച്ചയാണ് സ്പീക്കർ അനുവദിച്ചിട്ടുള്ളത്. വോട്ടെടുപ്പോടെയുള്ള ചർച്ച വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.