പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു
Tuesday, December 6, 2016 2:58 PM IST
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്ന രാജാജി ഹാളിലെത്തി. ഗവർണർ വിദ്യാസാഗർ റാവു, കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, പൊൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ജയലളിതയുടെ മൃതദേഹത്തിനരികെ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.

മുഖ്യമന്ത്രി ഒ. പനീർശെൽവം, ശശികല എന്നിവരെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി അണ്ണാഡിഎംകെ മന്ത്രിമാരെയും എംഎൽഎമാരെയും ആശ്വസിപ്പിക്കാൻ വേദിക്കു താഴേക്കിറങ്ങി.

പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തിയ മോദിയെ ഗവർണർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഐഎൻഎസ് അഡയാറിൽനിന്ന് ഹെലികോപ്റ്റർമാർഗമാണ് രാജാജി ഹാളിലെത്തിയത്.

ജയലളിതയുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും രാഷ്ട്രീയത്തിൽ ജയലളിതയുടെ നിര്യാണം വലിയ വിടവാണ് വരുത്തിയിരിക്കുന്നതെന്നും പ്രധാനമന്ത്രി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.

അണികളുടെ പ്രാർഥന ജയയെ അനശ്വരയാക്കും: കരുണാനിധി

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡിഎംകെ നേതാവ് എം. കരുണാനിധി. ജയലളിതയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളുടെ പേരിൽ ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെങ്കിലും അവരുടെ പാർട്ടിക്കുവേണ്ടിയുള്ള വിശ്രമമില്ലാത്ത പ്രവർത്തനത്തെ നിരാകരിക്കുവാൻ ആർക്കും സാധിക്കില്ല–കരുണാനിധി പറഞ്ഞു.


അപ്രതീക്ഷിതമായി അവർക്ക് മരണം സംഭവിച്ചെങ്കിലും അവരുടെ പാരമ്പര്യം എന്നും നിലനിൽക്കും. അണ്ണാ ഡിഎംകെ നേതാക്കന്മാർക്കും പ്രവർത്തകർക്കും ഏവർക്കും കരുണാനിധി അനുശോചനം അറിയിച്ചു.

അന്ത്യോപചാരമർപ്പിക്കാൻ രജനീകാന്തും കുടുംബവും

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ തമിഴ് സിനിമ സൂപ്പർ താരം രജനീകാന്ത് കുടുംബസമേതം എത്തി. ജയയ്ക്ക് അന്ത്യോപചാരമർപ്പിച്ച രജനി, മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒ. പനീർശെൽവത്തെയും ജയലളിതയുടെ തോഴി ശശികലയെയും തന്റെ ദുഃഖം അറിയിച്ചു. ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകനും നടനുമായ ധനുഷ് എന്നിവർക്കൊപ്പമാണ് രജനീകാന്ത് ജയയുടെ ഭൗതികശരീരം പൊതുദർശനത്തിനു വച്ച രാജാജി ഹാളിൽ എത്തിയത്.

ജയലളിതയുടെ മരണ വാർത്ത തിങ്കളാഴ്ച രാത്രിയിൽ അറിഞ്ഞതിനുപിന്നാലെ, ഇന്ത്യക്ക് ധീരയായ മകളെയാണ് നഷ്‌ടപ്പെട്ടിരിക്കുന്നതെന്ന് രജനീകാന്ത് ട്വിറ്ററിൽ കുറിച്ചിരുന്നു. പൊയസ്ഗാർഡനിൽ ജയയുടെ അയൽവാസിയായിരുന്നു രജനീകാന്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.