ആക്സിസ് ബാങ്കിൽ റെയ്ഡ്; 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി
ആക്സിസ് ബാങ്കിൽ റെയ്ഡ്; 44 വ്യാജ അക്കൗണ്ടുകളിലായി 100 കോടി
Friday, December 9, 2016 3:09 PM IST
ന്യൂഡൽഹി: ഡൽഹി ചാന്ദ്നി ചൗക്കിലെ ആക്സിസ് ബാങ്ക് ശാഖയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 44 വ്യാജ അക്കൗണ്ടുകളിൽനിന്നായി 100 കോടി രൂപ കണ്ടെത്തി. കെവൈസി നിബന്ധന പാലിക്കാത്തവയാണ് ഈ അക്കൗണ്ടുകൾ. 450 കോടി രൂപയുടെ നിക്ഷേപങ്ങൾക്ക് വ്യക്‌തമായ രേഖകളും ലഭിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്‌ഥരെ ചോദ്യംചെയ്തു വരികയാണ്.

ആക്സിസ് ബാങ്കിന്റെ കാഷ്മീരി ഗേറ്റ് ശാഖയിൽ രണ്ടു മാനേജർമാരെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.

76 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി ഗുജറാത്തിൽ എത്തിയ കാർ പിടിച്ചെടുത്തു. സൂറത്തിൽനിന്നാണ് കാർ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽനിന്നാണ് കാർ ഗുജറാത്തിലെത്തിയതെന്നാണു സൂചന. കാറിലുണ്ടായിരുന്ന നാലു പേരെ പോലീസ് ചോദ്യംചെയ്തു വരികയാണ്. മൂന്നു പുരുഷൻമാരും ഒരു സ്ത്രീയുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇത്രയും വലിയ തുകയുടെ പുതിയ നോട്ട് ഇവരുടെ കൈവശം എങ്ങനെ എത്തി എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. ഗുജറാത്തിലെ പോർബന്തർ ജില്ലയിൽ 25 ലക്ഷം രൂപയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.


മുംബൈയിലെ മാട്ടുംഗയിൽ 85 ലക്ഷം രൂപയുമായി ഒരാൾ പിടിയിലായി. പുതിയ 2000 രൂപ നോട്ടുകളായിരുന്നു ഇയാളുടെ പക്കലുണ്ടായിരുന്നത്.

ഹരിയാനയിലെ ഗുഡ്ഗാവിൽ പത്തു ലക്ഷം രൂപയുടെ പുതിയ കറൻസികളുമായി രണ്ടു പേരം പോലീസ് പിടികൂടി.

രാജസ്‌ഥാനിൽ അസാധുവാക്കിയ കറൻസികളുടെ 88 ലക്ഷം രൂപയുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. 22കാരനായ രാജേന്ദ്ര ഭരദ്വാജ് ആണ് അറസ്റ്റിലായത്. ജയ്പുരിലെ വ്യാപാരിക്കു നല്കാനായി കൊണ്ടുപോയ പണമാണിത്.

ചെന്നൈയിൽ ഇന്നലെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 106 കോടി രൂപയും 127 കിലോ സ്വർണവും കണ്ടെടുത്തി. ഇതിൽ 96 കോടി രൂപയുടെ പഴയ നോട്ടുകളും ഉൾപ്പെടുന്നു. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വ്യവസായികളായ ശേഖർ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി എന്നിവരുടെ വസതികളിലും സ്‌ഥാപനങ്ങളിലുമാണു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആദായ നികുതി വകുപ്പിലെ നൂറോളം ഉദ്യോഗസ്‌ഥരാണു റെയ്ഡ് നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.