എതിർപ്പു സൈന്യത്തോടല്ല, കേന്ദ്രത്തിന്റെ നടപടിയോട്
എതിർപ്പു സൈന്യത്തോടല്ല, കേന്ദ്രത്തിന്റെ നടപടിയോട്
Friday, December 9, 2016 3:09 PM IST
കോൽക്കത്ത: കോൽക്കത്തയിലെ ടോൾപ്ലാസയിൽ സൈനികരെ വിന്യസിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിൽ കത്ത് ആയുധമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കറും ഏറ്റുമുട്ടുന്നു. സൈനികരുടെ സാന്നിധ്യത്തെ ചോദ്യംചെയ്ത പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ നീക്കം നിർഭാഗ്യകരമാണെന്നു വിശേഷിപ്പിച്ച പ്രതിരോധമന്ത്രിക്കു ശക്‌തമായ ഭാഷയിലാണു മമത മറുപടി നൽകിയത്. ആരോപണം സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്നു മമതയ്ക്ക് അയച്ച കത്തിൽ പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, തന്റെ പരാതി സൈന്യത്തോടല്ലെന്നും കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേയാണെന്നുമായിരുന്നു മമതയുടെ മറുപടി. പ്രതിരോധമന്ത്രി അയച്ച കത്ത് തനിക്ക് ലഭിക്കുംമുമ്പ് എങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുവെന്നു സംശയമുണ്ടെന്നും മമത പറഞ്ഞു. ഏറെ ബഹുമാനിതമായ സംവിധാനമുപയോഗിച്ചു നടത്തുന്ന ഇത്തരം രാഷ്ട്രീയ പകപോക്കൽ തന്റെ സുദീർഘമായ ഭരണ–രാഷ്ട്രീയ ജീവിതത്തിലൊരിടത്തും കണ്ടിട്ടില്ലെന്നും മമത പറഞ്ഞു.

സൈനികരെ കണ്ടതുമായി ബന്ധപ്പെട്ടു മമത ബാനർജി നടത്തിയ ആരോപണത്തിൽ അതിയായ ദുഃഖമുണ്ടെന്നും ഇത്തരം രീതികൾ സൈന്യത്തിന്റെ ആത്മവിശ്വാസം കെടുത്തുമെന്നുമായിരുന്നു പരീക്കർ പറഞ്ഞത്. രാഷ്ട്രീയകക്ഷികളും രാഷ്ട്രീയക്കാരും പരസ്പരം അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ സൈന്യത്തിനെതിരേയാകുമ്പോൾ വളരെയധികം ജാഗ്രത കാണിക്കണം. ഈ പശ്ചാത്തലത്തിൽ താങ്കളുടെ ആരോപണം സേനയുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. പൊതുജീവിതത്തിൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന ഒരു നേതാവിൽ നിന്ന് ഇത്തരമൊന്നു പ്രതീക്ഷിക്കുന്നതല്ലെന്നും പരീക്കർ പറഞ്ഞിരുന്നു.


അതേസമയം ടോൾ ഗേറ്റിലൂടെ കടന്നുപോകുന്ന ഭാരവാഹനങ്ങളുടെ വിവരശേഖരണത്തിനു സൈന്യം എത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. വർഷങ്ങളായി ഇത്തരം കീഴ്വഴക്കം രാജ്യമൊട്ടാകെ നടത്താറുണ്ടെന്നും കഴിഞ്ഞ എട്ടാം തീയതി അയച്ച കത്തിൽ പരീക്കർ പറഞ്ഞിരുന്നു.

സംസ്‌ഥാന സർക്കാരിന്റെ ബന്ധപ്പെട്ട വിഭാഗങ്ങളുമായി ആശയവിനിമയത്തിനു ശേഷമാണ് ഇതിനുള്ള തീയതി നിശ്ചയിക്കുന്നത്. ബന്ധപ്പെട്ട ഏജൻസികളോട് അന്വേഷിച്ചിരുന്നുവെങ്കിൽ ഇക്കാര്യം വ്യക്‌തമായേനെയെന്നും പരീക്കർ കത്തിൽ സൂചിപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.