നോട്ട് പിൻവലിക്കൽ ഭീകര കുംഭകോണമെന്നു രാഹുൽ
നോട്ട് പിൻവലിക്കൽ ഭീകര കുംഭകോണമെന്നു രാഹുൽ
Friday, December 9, 2016 3:09 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചാൽ ഭൂമികുലുക്കം ഉണ്ടാകുന്നതു കാണാമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് പിൻവലിച്ച നടപടിയെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. നോട്ട് വിഷയത്തിൽ താൻ പാർലമെന്റിൽ സംസാരിച്ചു തുടങ്ങിയാൽ പിന്നെ പ്രധാനമന്ത്രിക്കു സഭയിലിരിക്കാൻ പോലും കഴിയില്ലെന്നു രാഹുൽ തുറന്നടിച്ചു.

പ്രധാനമന്ത്രി രാജ്യമെമ്പാടും നടന്ന് നോട്ട് വിഷയത്തിൽ പ്രസംഗങ്ങൾ നടത്തുകയാണ്. എന്നാൽ, പാർലമെന്റിൽ വന്നിരിക്കാൻ ഭയപ്പെടുന്നു. എന്താണ് മോദിയുടെ ഭയത്തിനു പിന്നിലെ കാരണമെന്നും പാർലമെന്റിനു പുറത്ത് രാഹുൽ ചോദിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുംഭകോണമാണ് നോട്ട് പിൻവലിച്ച നടപടി. പറയാനുള്ളതെല്ലാം പാർലമെന്റിൽ പറയും. തന്നെ പാർലമെന്റിൽ സംസാരിക്കാൻ അനുവദിക്കാത്തതിൽ സർക്കാരിനെയും രാഹുൽ വിമർശിച്ചു. ലോക്സഭയിൽ നോട്ട് വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന് പ്രതിപക്ഷം വ്യക്‌തമാക്കിയതിനു പിന്നാലെയായിരുന്നു സർക്കാരിനും പ്രധാനമന്ത്രിക്കും നേരേ രാഹുലിന്റെ കടന്നാക്രമണം.

ആദ്യം കള്ളപ്പണത്തെക്കുറിച്ചു പറഞ്ഞ സർക്കാർ ഇപ്പോൾ നിലപാട് മാറ്റി കാഷ് ലെസ് സൊസൈറ്റി എന്നാക്കി മാറ്റിയിരിക്കുന്നു. ഇതു നരേന്ദ്ര മോദി കൂടി ഉൾപ്പെട്ട വലിയൊരു കുംഭകോണമാണ്. നോട്ട് നിരോധനം മൂലം പാവപ്പെട്ടവർ അനുഭവിച്ച ദുരിതത്തെക്കുറിച്ചു പാർലമെന്റിൽ ശബ്ദമുയർത്തുക തന്നെ ചെയ്യും. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി സഭയിലെത്തുക തന്നെ ചെയ്യണം. മോദിയാണ് ഈ തീരുമാനംകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കിയതെന്നും രാഹുൽ ആരോപിച്ചു. വിഷയത്തിൽ ആദ്യം ചർച്ചയ്ക്കു തയാറാണെന്നു പറഞ്ഞ സർക്കാർ ഇപ്പോൾ പ്രതിപക്ഷം സന്നദ്ധത അറിയിച്ചപ്പോൾ പിൻമാറിയിരിക്കുകയാണെന്നും പറഞ്ഞു.


ഭൂമികുലുക്കം ഉണ്ടാകുന്ന സമയത്ത് തങ്ങൾ പാർലമെന്റിൽ ഉണ്ടാകാതിരിക്കട്ടെ എന്നാണു കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു, രാഹുലിന്റെ പരാമർശത്തോട് പ്രതികരിച്ചത്. സഭയിൽ വോട്ടിംഗോടുകൂടി ചർച്ച ആവശ്യപ്പെടുന്ന പ്രതിപക്ഷം 2014 ലോക്സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് ഓർത്താൽ മതി. ആദ്യം പാർലമെന്റ് നടത്താൻ അനുവദിക്കണം. എന്നിട്ടു വേണം വോട്ടിംഗ് ആവശ്യപ്പെടാൻ. വോട്ടിംഗിലൂടെ ജനങ്ങൾ 2014ൽ തന്നെ ബിജെപി സർക്കാരിനുവേണ്ടി വിധിയെഴുതിയതാണെന്നും മന്ത്രി പറഞ്ഞു.

ഏതു ചട്ടം അനുസരിച്ചും ചർച്ച ആകാമെന്ന വിട്ടുവീഴ്ചയ്ക്കു പ്രതിപക്ഷം ഇന്നലെയാണ് തയാറായത്. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സ്പീക്കർ സുമിത്ര മഹാജനാണ്. നോട്ട് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്‌തമാക്കാൻ ധനമന്ത്രി അരുൺ ജയ്റ്റ്ലി തയാറായതാണ്. എന്നാൽ, പ്രതിപക്ഷം പ്രധാനമന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ടും വോട്ടിംഗ് വേണമെന്നു വാശിപിടിച്ചും സഭ തടസപ്പെടുത്തുകയായിരുന്നെന്നു മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.