മുൻ വ്യോമസേനാ മേധാവി അറസ്റ്റിൽ
മുൻ വ്യോമസേനാ മേധാവി അറസ്റ്റിൽ
Friday, December 9, 2016 3:15 PM IST
ന്യൂഡൽഹി: വിവാദ അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേനാ മുൻ മേധാവി എസ്.പി. ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തു.

3600 കോടി രൂപയുടെ ഇടപാടിൽ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ത്യാഗിയോടൊപ്പം ഡൽഹിയിലെ അഭിഭാഷകൻ ഗൗതം ഖെയ്ത്താൻ, ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്ന ജൂലി ത്യാഗി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ഗൗതം ഖെയ്ത്താനെ കേസിൽ മുമ്പ് എൻഫ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു. ഇവർ 432 കോടിരൂപ പറ്റിയെന്നാണു സിബിഐ നൽകുന്ന വിശദീകരണം. ഇതേ കേസിൽ ത്യാഗിയുടെ സഹോദരനും മുമ്പ് അറസ്റ്റിലായിരുന്നു. ഹെലികോപ്ടർ ഇടപാടിൽ ത്യാഗി സ്വാധീനം ചെലുത്തി ബന്ധുക്കൾ വഴിയും ഇടനിലക്കാർ വഴിയും പ്രതിഫലം കണ്ടെത്തിയെന്നു സിബിഐ പറയുന്നു. ഇതാദ്യമായാണ് ഒരു മുൻ സേനാ മേധാവി അഴിമതിക്കേസിൽ അറസ്റ്റിലാകുന്നത്.

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വിവിഐപികൾക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവിൽ 12 ഹെലികോപ്ടറുകൾ വാങ്ങുന്നതിനായി 2010ൽ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്ത വെസ്റ്റ്ലാൻഡ് കരാർ. അഴിമതി ആരോപണം ഉയർന്ന സാഹചര്യത്തിൽ 2014ൽ സർക്കാർ കരാർ റദ്ദാക്കി. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന അഗസ്ത വെസ്റ്റ്ലാൻഡ് കമ്പനിയുടെ മാതൃസ്‌ഥാപനം ഇറ്റലിയിലുള്ള ഫിൻമെക്കാനിക്കയാണ്. കേസിൽ ഇറ്റാലിയൻ കോടതി ഫിൻമെക്കാനിക്ക ഉദ്യോഗസ്‌ഥരെ ശിക്ഷിച്ചിരുന്നു.

2005 ഡിസംബർ 31 മുതൽ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കുന്ന കാലത്താണ് ഹെലികോപ്ടറുകൾ വാങ്ങാൻ തീരുമാനിക്കുന്നത്. ഇത്തരം കോപ്ടറുകൾക്ക് 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്‌ഥ ഇളവ് ചെയ്ത് 4,500 മീറ്റർ ഉയരത്തിൽ പറക്കൽ പരിധി മതി എന്നു വെട്ടിക്കുറച്ചതു ത്യാഗിയാണ്.

ഇതോടെയാണ് കരാറിൽ ഏർപ്പെടാൻ അഗസ്ത വെസ്റ്റ്ലാൻഡ് യോഗ്യത നേടുന്നത്. ഇതിനു പുറമേ, ഇടപാടിലെ ഇറ്റാലിയൻ ഇടനിലക്കാരായിരുന്ന ഗിഡോ റാൽഫ് ഹാഷ്ച്കേ, കാർലോ ഷെറോസ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നു സിബിഐ ചോദ്യം ചെയ്തപ്പോൾ ത്യാഗി സമ്മതിച്ചിരുന്നു. ഫിൻ മെക്കാനിക്കയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി 2005ൽ കൂടിക്കണ്ടിരുന്നുവെന്നും ത്യാഗി സമ്മതിച്ചിരുന്നു.


ഹെലികോപ്റ്ററും ആരോപണവും

ഇടപാട്: ബ്രിട്ടീഷ്–ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ അഗസ്റ്റ വെസ്റ്റ്ലാൻഡിൽനിന്ന് 12 ഹെലികോപ്റ്റർ വാങ്ങാൻ 2010 ഫെബ്രുവരിയിൽ കരാർ ഒപ്പിച്ചു. 1999–ൽ ആരംഭിച്ചതാണ് ഇതിനുള്ള ചർച്ച. 2003 ലും 2004 ലും വെസ്റ്റ്ലാൻഡിന് അനുകൂലമായി സാങ്കേതിക ഘടകങ്ങൾ മാറ്റി. 3600–ൽ പരം കോടി രൂപയുടേതായിരുന്നു കരാർ.

ആരോപണം: ഫിൻമെക്കാനിക്ക മേധാവി പിന്നീട് കൈക്കൂലി നൽകിയ കേസിൽ പിടിയിലായി. ഇന്ത്യയുമായുള്ള കരാർ സാധ്യമാക്കാൻ പല ഇടനിലക്കാർക്കും പണം നൽകിയെന്നു ഫിൻമെക്കാനിക്ക തലവൻ ജ്യൂസപ്പെ ഓർസി മൊഴിനൽകി. ഇതോടെ ഇടപാടിൽ സിബിഐ അന്വേഷണത്തിന് അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി 2013 ഫെബ്രുവരി 12–ന് ഉത്തരവിട്ടു. 2007–ൽ വ്യോമസേനാ മേധാവി സ്‌ഥാനത്തുനിന്നു റിട്ടയർ ചെയ്ത എസ്.പി. ത്യാഗി ഇടപാട് നടത്താൻ പണം കൈപ്പറ്റിയെന്നാണ് ആരോപണം. സാങ്കേതിക വ്യവസ്‌ഥകൾ മാറ്റാൻ അദ്ദേഹമാണു നീക്കം നടത്തിയതെന്നും പറയുന്നു.

രാഷ്ട്രീയം: ഇപ്പോൾ ത്യാഗിയെയും മറ്റും അറസ്റ്റ് ചെയ്തതിൽ രാഷ്ട്രീയമുണ്ടെന്ന് ആക്ഷേപമുണ്ട്. കറൻസി വിവാദത്തിൽനിന്നു ശ്രദ്ധ തിരിക്കുക, കോൺഗ്രസിനെ പ്രതിരോധത്തിലാക്കുക എന്നിവയാണു രാഷ്ട്രീയ ലക്ഷ്യങ്ങൾ. പണം പറ്റിയവരിൽ സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ പേര് ഒരു ഇടനിലക്കാരൻ പറഞ്ഞതായ റിപ്പോർട്ട് പലവട്ടം പുറത്തുവന്നിട്ടുണ്ട്. ഗുജറാത്തിൽനിന്നുള്ള രാകേഷ് അസ്താനയ്ക്കു സിബിഐ മേധാവിയുടെ ചുമതല ചട്ടംമറികടന്നു നൽകിയതും അറസ്റ്റുമായി ബന്ധമുണ്ടെന്നു കോൺഗ്രസ് പറയുന്നു.

അനന്തരം: 12 ഹെലികോപ്റ്ററിനു കോൺട്രാക്ട് ചെയ്തതിൽ മൂന്നെണ്ണം ലഭിച്ചു. 2014 ജനുവരി ഒന്നിനു കരാർ റദ്ദാക്കി. ഫിൻമെക്കാനിക്കയ്ക്കു നൽകിയ 1818 കോടി രൂപ ആ വർഷം ജൂണിൽ തിരിച്ചുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.