ജയലളിതയുടെ സ്വത്ത്: പ്രതികരണമില്ലാതെ പാർട്ടി
ജയലളിതയുടെ സ്വത്ത്:  പ്രതികരണമില്ലാതെ പാർട്ടി
Saturday, December 10, 2016 2:34 PM IST
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ വസ്തുവകകളെക്കുറിച്ച് എഡിഎംകെ നേതൃത്വത്തിനു മൗനം. കഴിഞ്ഞ ഏപ്രിലിൽ, തെരഞ്ഞെടുപ്പു പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ 113.72 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണു ജയലളിത രേഖപ്പെടുത്തിയിരുന്നത്. ഇവ പാർട്ടിക്കു നൽകിയിട്ടുണ്ടോയെന്ന ചോദ്യത്തിനു തനിക്ക് ഉത്തരമില്ലെന്ന് എഡിഎംകെ വക്‌താവ് സി. പൊന്നയ്യൻ പറഞ്ഞു. വിശദീകരണത്തിനു തയാറല്ലെന്നും പൊന്നയ്യൻ വ്യക്‌തമാക്കി. ജയലളിതയുടെ താമസസ്‌ഥലമായ പോയസ് ഗാർഡൻ സ്മാരകമാക്കി മാറ്റുമോയെന്ന ചോദ്യത്തിന്, ഇക്കാര്യം പാർട്ടി ഹൈക്കമാൻഡും എക്സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനിക്കുമെന്നായിരുന്നു മറുപടി.


അതിനിടെ, ഇന്നലെ മുഖ്യമന്ത്രി ഒ. പനീർശെൽവവും മുതിർന്ന മന്ത്രിമാരും മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. മുതിർന്ന സിപിഐ നേതാവ് നല്ലകണ്ണ്, സിപിഐ സംസ്‌ഥാന സെക്രട്ടറി ആർ. മുത്തുരാജൻ എന്നവർ ഇന്നലെ പോയിസ് ഗാർഡനിൽ ശശികലയുമായി കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.