ക്യൂ ഒഴിവാക്കി മൊബൈൽ ബാങ്കിംഗിലേക്കു മാറാൻ ആവശ്യപ്പെടൂ: മോദി
ക്യൂ ഒഴിവാക്കി മൊബൈൽ ബാങ്കിംഗിലേക്കു മാറാൻ ആവശ്യപ്പെടൂ: മോദി
Saturday, December 10, 2016 2:34 PM IST
ദീസ (ഗുജറാത്ത്): നോട്ട് റദ്ദാക്കലിനെ പ്രകീർത്തിച്ചും ജനങ്ങളുടെ ബുദ്ധിമുട്ട് അമ്പതു ദിവസം കഴിയുന്നതോടെ അവസാനിക്കുമെന്ന് അവകാശപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പൊതുവേദിയിൽ. കേന്ദ്രസർക്കാരിന്റെ നീക്കത്തെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരേ മോദി ആഞ്ഞടിച്ചു. നോട്ട് റദ്ദാക്കലിനുശേഷം പണത്തിനായി ബാങ്കിനും എടിഎമ്മിനും മുന്നിൽ ക്യൂ നിൽക്കുന്നവരുടെ വിഷമതകളെക്കുറിച്ചു പറഞ്ഞു സർക്കാർ തീരുമാനത്തെ വിമർശിക്കുകയല്ല വേണ്ടതെന്നും ജനങ്ങളോട് ഇന്റർനെറ്റ്–മൊബൈൽ ബാങ്കിംഗുകളിലേക്കു മാറാൻ ആവശ്യപ്പെടുകയാണു ചെയ്യേണ്ടതെന്നും മോദി പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ 350 കോടി മുതൽമുടക്കി ആരംഭിക്കുന്ന വെണ്ണ ഫാക്ടറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

നോട്ട് റദ്ദാക്കലിലൂടെ തീവ്രവാദം, നക്സലിസം, കള്ളപ്പണം എന്നിവയുടെ തായ്വേര് മുറിക്കാൻ സാധിച്ചു. താഴേത്തട്ടിലുള്ളവരുടെയും സത്യസന്ധരുടെയും ഉന്നമനത്തിനു വേണ്ടിയാണു നോട്ട് റദ്ദാക്കിയത്. ജനങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതം അമ്പതു ദിവസം മാത്രമേ നീണ്ടുനിൽക്കൂ. നോട്ട് റദ്ദാക്കൽ പ്രഖ്യാപിച്ച നവംബർ എട്ടിനു ശേഷം ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം മുഴുവനും കണ്ടെത്തും. അടുത്ത മാസം മുതൽ കള്ളപ്പണത്തിനെതിരേ ശക്‌തമായ നടപടിയുണ്ടാകുമെന്നും മോദി വ്യക്‌തമാക്കി.


നോട്ട് വിഷയത്തിൽ താൻ സഭയെ അഭിസംബോധന ചെയ്യണമെന്നാവശ്യപ്പെട്ടു പാർലമെന്റ് നടപടി തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ മോദി രൂക്ഷമായി വിമർശിച്ചു. ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണു ജനകീയസഭകളിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ നിർബന്ധിതനാകുന്നത്. പാർലമെന്റ് തടസപ്പെടുന്നതിൽ രാഷ്ട്രപതിപോലും നീരസം അറിയിച്ചെന്നും മോദി പറഞ്ഞു.

മോദി പാർലമെന്റിനെ അഭിസംബോധന ചെയ്യാതെ പൊതുവേദികളിൽ പ്രസംഗിച്ചു നടക്കുകയാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.