മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പോലീസ് തടഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പോലീസ് തടഞ്ഞു
Saturday, December 10, 2016 2:42 PM IST
ഭോപ്പാൽ: ആർഎസ്എസ് പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താൽ ഭോപ്പാലിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ മധ്യപ്രദേശ് പോലീസ് തിരിച്ചയച്ചു. സംഭവത്തിൽ പിന്നീടു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് ഡിജിപി നേരിട്ടെത്തി ക്ഷമാപണം നടത്തുകയും ചെയ്തു. എഐഡിഡ ബ്ല്യുഎ (ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷൻ) സമ്മേളനം കഴിഞ്ഞു വൈകുന്നേരത്തോടെ മലയാളി അസോസിയേഷന്റെ സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ പുറപ്പെടവേയാണു പിണറായിയെ പോലീസ് മടക്കി അയച്ചത്.

സമ്മേളനവേദിയിലേക്കു പുറപ്പെട്ടു പാതിവഴി പിന്നിട്ടപ്പോഴാണു പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുള്ളതായി എസ്പി അറിയിച്ചതായുള്ള വിവരം അകമ്പടി സേവിച്ച വാഹനത്തിലെ ഉദ്യോഗസ്‌ഥർ പിണറായിക്കു കൈമാറിയത്. ഉചിതമായ തീരുമാനം എടുക്കാനുള്ള അവകാശം പോലീസ് പിണറായിക്കു നൽകി. എന്നാൽ, സുരക്ഷ കൈകാര്യം ചെയ്യുന്നവർ പോകേണ്ടെന്നു പറഞ്ഞാൽ പോകേണ്ടതില്ലെന്നാണു തീരുമാനമെന്നു വ്യക്‌തമാക്കിയ പിണറായി ചടങ്ങിൽ സംബന്ധിക്കാതെ മടങ്ങുകയായിരുന്നു.


അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദർശനം വൈകിക്കാൻ ആവശ്യപ്പെട്ടതെന്നു ഭോപ്പാൽ ഐജി രമൺ സിംഗ് സികാർവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കില്ലെന്ന നിലപാട് പോലീസ് എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു സഘടനകളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ സന്ദർശനം വൈകിപ്പിക്കാൻ ആവശ്യപ്പട്ടതേ ഉള്ളുവെന്നാണ് ഡിഐജിയുടെ നിലപാട്. അപ്പോൾ മുഖ്യമന്ത്രിയാണ് സന്ദർശനം വേണ്ടെന്നുവച്ചതെന്നും സികാർവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.