2000 രൂപ നോട്ടുകളുടെ വൻ ശേഖരം പലേടത്തും; റെയ്ഡ് തുടരുന്നു
2000 രൂപ നോട്ടുകളുടെ വൻ ശേഖരം പലേടത്തും; റെയ്ഡ് തുടരുന്നു
Saturday, December 10, 2016 2:42 PM IST
ബംഗളൂരു: നോട്ട് റദ്ദാക്കൽ തീരുമാനത്തിനു ശേഷവും അനധികൃത പണം വൻതോതിൽ സൂക്ഷിക്കുന്നുണ്ടെന്നു തെളിയിച്ചു കർണാടകയിലും തമിഴ്നാട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കോടിക്കണക്കിനു രൂപയാണു രണ്ടു ദിവസമായി തുടരുന്ന റെയ്ഡിൽ രണ്ടു സംസ്‌ഥാനങ്ങളിൽനിന്നു പിടികൂടിയത്. ഇതിനു പുറമേ ആന്ധ്രയിൽ സിബിഐ സംഘം നടത്തിയ പരിശോധനയിൽ 45 ലക്ഷം രൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളും പിടിച്ചെടുത്തു. കർണാടകയിലെ ചിത്രദുർഗയിൽ ഹവാല ഇടപാടുകാരന്റെ കുളിമുറിയിലെ രഹസ്യ അറയിൽനിന്ന് 5.7 കോടിരൂപയുടെ പുതിയ 2,000 രൂപ നോട്ടുകൾ പിടിച്ചെടുത്തതു രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കോടികളുടെ സ്വർണ ബിസ്കറ്റുകളും ആഭരണങ്ങളും ഇതോടൊപ്പം കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി സൂക്ഷിച്ച 142 കോടിരൂപയോളം കണ്ടെടുത്തിരുന്നു.

ചിത്രദുർഗയിൽനിന്ന് 40 കിലോമീറ്റർ അകലെ ചല്ലക്കരയിലെ ഹവാല ഇടപാടുകാരന്റെ വസതിയിലെ കുളിമുറിയിൽനിന്നാണു പുതിയ നോട്ടുകളും സ്വർണശേഖരവും പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് സ്‌ഥിരീകരിച്ചു. രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. ഇന്നലെ ഹൂബ്ലി, ചിത്രദുർഗ ജില്ലകളിലെ 15 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായി കർണാടക–ഗോവ സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. 28 കിലോഗ്രാം സ്വർണബിസ്കറ്റുകളും നാലു കിലോഗ്രാം സ്വർണാഭരണങ്ങളും ഇതോടൊപ്പം കണ്ടെടുത്തു. പഴയ നൂറു രൂപയും 20 രൂപയും ഉൾപ്പെടുത്തിയുള്ള 90 ലക്ഷം രൂപയും പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യരേഖകളും കണ്ടെത്തി. റെയ്ഡ് തുടരുകയാണെന്നും ആദായനികുതി വകുപ്പ് പറഞ്ഞു.


തമിഴ്നാട്ടിലെ വെല്ലൂരിൽ ഒരു കാറിൽനിന്നു രണ്ടായിരം രൂപയുടെ വൻശേഖരം കണ്ടെത്തി. രണ്ടു ദിവസമായി ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡിൽ പത്തുകോടി രൂപയുടെ പുതിയ നോട്ടുകളും 127 കിലോഗ്രാം സ്വർണവും പിടിച്ചെടുത്തു. മറ്റൊരു സംഭവത്തിൽ, സിബിഐ സംഘം ഹൈദരാബാദിൽനിന്ന് 65 ലക്ഷം രൂപയുടെ പുതിയ 2,000 രൂപ നോട്ടുകൾ പിടിച്ചെടുത്തു. പോസ്റ്റ് ഓഫീസിലെ സീനിയർ സൂപ്രണ്ടിൽനിന്നാണു പണം കണ്ടെടുത്തത്.

കെട്ടുകണക്കിനു പുതിയ കറൻസി പിടിച്ച സ്‌ഥലങ്ങൾ

ഡിസംബർ 10:
5.7 കോടി, ചിത്രദുർഗ, കർണാടക.
24 കോടി, വെല്ലൂർ, തമിഴ്നാട്.
65 ലക്ഷം, ഹൈദരാബാദ്.
71 ലക്ഷം, കൊത്തൂർ, ഹൈദരാബാദ്.

ഡിസംബർ 9:

72 ലക്ഷം, ദാദർ, മുംബൈ.
17 ലക്ഷം, ഗുരുഗ്രാമ, ഹരിയാന.
76 ലക്ഷം, സൂറത്ത്, ഗുജറാത്ത്.

ഡിസംബർ 8:

10 കോടി, ചെന്നൈ.
40 ലക്ഷം, ഹോഷംഗാബാദ്, മധ്യപ്രദേശ്.

ഡിസംബർ 7:

1.5 കോടി, ഗോവ.
71 ലക്ഷം, ഉടുപ്പി, കർണാടക.

നവംബർ 29: ഒരു കോടി, കോയമ്പത്തൂർ.

നവംബർ 23: 10.6 ലക്ഷം, ഗുജറാത്ത്.

നവംബർ 20: എട്ടു ലക്ഷം, സബർക്കന്ത, ഗുജറാത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.