രാം ഗോപാലിനെ എസ്പിയിൽ നിന്നു പുറത്താക്കി
Monday, January 9, 2017 2:54 PM IST
ന്യൂഡൽഹി: സമാജ്വാദി പാർട്ടിക്കുള്ളിലെ അവകാശത്തർക്കം അതിരൂക്ഷമായതിനിടെ പാർട്ടി നേതാവ് രാം ഗോപാൽ യാദവിനെതിരേ ഉറച്ച നീക്കങ്ങളുമായി മുലായം സിംഗ് യാദവ്.

അഖിലേഷ് യാദവിന്റെ അമ്മാവൻ കൂടിയായ രാം ഗോപാൽ യാദവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയെന്നു ചൂണ്ടിക്കാട്ടി മുലായം രാജ്യസഭാ അധ്യക്ഷനു കത്തു നൽകി. തനിക്കും അഖിലേഷിനും ഇടയിൽ ശത്രുതയില്ല. എന്നാൽ, ഒരാൾ മാത്രമാണ് പാർട്ടിക്കുള്ളിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും രാം ഗോപാൽ യാദവിന്റെ പേരെടുത്തു പറയാതെ മുലായം മാധ്യമപ്രവർത്തകരോടു വ്യക്‌തമാക്കി.

രാം ഗോപാൽ യാദവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. രാജ്യസഭയിലെ കക്ഷി നേതാവ് എന്ന സ്‌ഥാനവും നഷ്‌ടപ്പെട്ടു. അതിനാൽ എംപിയുടെ ഇരിപ്പടം രാജ്യസഭയിൽ പിൻനിരയിലേക്കു മാറ്റണമെന്നും രാജ്യസഭാധ്യക്ഷൻ ഡോ. ഹമീദ് അൻസാരിക്ക് എഴുതിയ കത്തിൽ മുലായം ആവശ്യപ്പെട്ടു. കക്ഷി നേതാവെന്ന നിലയിൽ മുൻനിരയിൽ ബിഎസ്പി നേതാവ് മായാവതിക്കരികിലാണ് രാം ഗോപാൽ യാദവിന്റെ സീറ്റ്. മുലായത്തിന്റെ കത്ത് ലഭിച്ചുവെന്നും പരിശോധിക്കുമെന്നും രാജ്യസഭാധ്യക്ഷന്റെ ഒഎസ്ഡി ഗുരുദീപ് സിംഗ് സപ്പൽ ട്വിറ്ററിൽ വ്യക്‌തമാക്കി. രാം ഗോപാലിനു പകരമായി കക്ഷി നേതാവിന്റെ ചുമതല ആർക്കു നൽകുമെന്നു മുലായം വ്യക്‌തമാക്കിയിട്ടില്ല.


പാർട്ടി തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കിൾ ഉറപ്പിച്ചു കിട്ടുന്നതിനായി മുലായം സിംഗ് ഇന്നലെ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു. തൊട്ടു പിന്നാലെ തന്നെ ഇക്കാര്യമുന്നയിച്ച് രാം ഗോപാൽ യാദവും തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടു. പാർട്ടി ചിഹ്നം സംബന്ധിച്ച് അടിയന്തര തീരുമാനം എടുക്കണമെന്നാണ് അഖിലേഷ് പക്ഷത്തിന്റെ ആവശ്യം.

അഖിലേഷ് യാദവിനെ പാർട്ടി പ്രസിഡന്റായി തെരഞ്ഞെടുത്തു കൊണ്ടുള്ള കൺവൻഷൻ വിളിച്ചു ചേർത്തത് രാം ഗോപാൽ യാദവായിരുന്നു. എന്നാൽ, രാം ഗോപാലിനെ പാർട്ടിയിൽ നിന്നു നേരത്തേ തന്നെ പുറത്താക്കിയതാണെന്നും കൺവൻഷൻ വിളിച്ചു ചേർക്കാൻ അയാൾക്ക് അവകാശമില്ലെന്നുമാണ് മുലായം സിംഗ് പറഞ്ഞത്.

തന്റെ വിശ്വസ്തരായ അമർസിംഗ്, ശിവ്പാൽ യാദവ് എന്നിവരോടൊപ്പമാണു മുലായം തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിലെത്തിയത്. പിന്തുണ ഉറപ്പിച്ചു പാർട്ടി ജനപ്രതിനിധികൾ ഒപ്പിട്ട സത്യവാങ്മൂലവും മുലായം കമ്മീഷനു കൈമാറി. അതിനിടെ, പാർട്ടിയിലെ ഭൂരിപക്ഷവും അഖിലേഷിനൊപ്പമാണെന്നും സൈക്കിൾ ചിഹ്നം തങ്ങൾക്കു തന്നെ കിട്ടുമെന്നും രാം ഗോപാൽ യാദവ് ആവശ്യപ്പെട്ടു.


സെബി മാത്യു