നോട്ട് റദ്ദാക്കൽ തീരുമാനം കേന്ദ്രസർക്കാരിന്റേത്
Tuesday, January 10, 2017 2:41 PM IST
ന്യൂഡൽഹി: അഞ്ഞൂറു രൂപ, ആയിരം രൂപ നോട്ടുകൾ റദ്ദാക്കാൻ ആദ്യം തീരുമാനമെടുത്തതു കേന്ദ്രസർക്കാരാണെന്നു പുതിയ വെളിപ്പെടുത്തൽ. പാർലമെന്ററി സമിതിക്കു നൽകിയ വിശദീകരണത്തിൽ റിസർവ് ബാങ്കാണ് ഇക്കാര്യം അറിയിച്ചത്.

നോട്ട് റദ്ദാക്കൽ തീരുമാനം പ്രഖ്യാപിച്ച നവംബർ എട്ടിന്റെ തലേദിവസം നവംബർ ഏഴിനാണ് കേന്ദ്രസർക്കാർ തങ്ങൾക്ക് ഈ ശിപാർശ നൽകിയതെന്നും റിസർവ് ബാങ്ക് ബോർഡ് എട്ടിനു യോഗം ചേർന്ന് അതനുസരിച്ചു തീരുമാനം എടുക്കുകയായിരുന്നെന്നും ബാങ്ക് വിശദീകരിച്ചു. കോൺഗ്രസ് നേതാവ് എം. വീരപ്പ മൊയ്ലി അധ്യക്ഷനായ ധനകാര്യ പാർലമെന്ററി സമിതിക്കാണ് ഈ വിശദീകരണം നല്കിയത്.

നോട്ടുകൾ റദ്ദാക്കാൻ ആദ്യ തീരുമാനം എടുത്തത് റിസർവ് ബാങ്ക് ബോർഡ് യോഗമാണെന്നു കേന്ദ്ര സർക്കാർ പലവട്ടം പറഞ്ഞിരുന്നു. ഇപ്പോൾ ആ വാദം തള്ളിയാണു റിസർവ് ബാങ്ക് തന്നെ വിശദീകരിച്ചിരിക്കുന്നത്. റിസർവ് ബാങ്കിന്റെ വിശദീകരണം. കേന്ദ്ര സർക്കാർ അംഗീകരിക്കുകയായിരുന്നെന്ന് കേന്ദ്ര ഊർജമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ അറിയിച്ചിരുന്നു.

എന്നാൽ, കള്ളനോട്ടുകളുടെ വ്യാപനം, ഭീകരർക്കുള്ള ധനസഹായം, കള്ളപ്പണം എന്നീ മൂന്നു കാരണങ്ങൾ ചൂണ്ടിക്കാട്ടി 500 രൂപ, 1000 രൂപ നോട്ടുകൾ നിരോധിക്കാൻ നടപടിയെടുക്കണമെന്നു കേന്ദ്രസർക്കാർ ശിപാർശ നൽകുകയും അതിന്മേൽ ബോർഡ് യോഗം തീരുമാനമെടുക്കുകയുമായിരുന്നെന്നു റിസർവ് ബാങ്ക് നൽകിയ എട്ട് പേജുള്ള വിശദീകരണ കുറിപ്പിൽ പറയുന്നു.

കള്ളപ്പണത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നത് ഉയർന്ന മൂല്യമുള്ള നോട്ടുകളാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. നോട്ടുനിരോധനം അതിവേഗം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആർബിഐ ഡയറക്ടർമാരാണു ബോധ്യപ്പെടുത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് നവംബർ എട്ടിന് ഉച്ചകഴിഞ്ഞു ഡയറക്ടർ ബോർഡ് യോഗം ചേർന്ന് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. ഇതിന്മേൽ ഏതാനും മണിക്കൂറുകൾക്കകം പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനമെടുത്തു നടപടി പ്രഖ്യാപിക്കുകയായിരുന്നു.


അതേസമയം, നോട്ട് നിരോധനത്തിനുള്ള നടപടികളെ സാധൂകരിക്കുന്ന വിശദീകരണമാണ് റിസർവ് ബാങ്ക് നൽകിയിരിക്കുന്നത്. മികച്ച സുരക്ഷാഘടകങ്ങൾ ഉൾപ്പെടുത്തിയ പുതിയ നോട്ടുകൾ പുറത്തിറക്കുന്നതിനുള്ള നടപടികൾ ഏതാനും വർഷങ്ങളായി തുടരുകയായിരുന്നെന്നും സർക്കാരിന്റെ ശിപാർശ അതേപടി അംഗീകരിച്ചത് അതിന്റെ അടിസ്‌ഥാനത്തിലായിരുന്നെന്നും ആർബിഐ വിശദമാക്കുന്നു.

ഭീകരരും ലഹരി മാഫിയയും വ്യാപകമായ തോതിൽ കള്ളനോട്ടുകൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിൽ ഈ രണ്ടു ഭീഷണികളും ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നോട്ട് അസാധുവാക്കൽ നടപടിയെന്നും ഇതു സംബന്ധിച്ച് ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ് ഏജൻസികൾ പല റിപ്പോർട്ടുകളും നൽകിയിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പുതിയ സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് പല ആലോചനകളും നടന്നിട്ടുണ്ട്. എന്നാൽ, ഏതെങ്കിലും നോട്ടുകൾ പെട്ടെന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. 5,000 രൂപ, 10,000 രൂപ നോട്ടുകൾ പുറത്തിറക്കുന്നതിനെക്കുറിച്ച് 2014 ഒക്ടോ ബർ ഏഴിനു കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

എന്നാൽ, നാണ്യപ്പെരുപ്പവും വിലക്കയറ്റവും കാരണം നടപടികൾ പൂർത്തീകരിക്കാനായില്ല. അതേസമയം, 2016 മേയ് 18നു 2,000 രൂപയുടെ നോട്ടുകൾ പുറത്തിറക്കുന്നതിനു സർക്കാർ നിർദേശിച്ചെന്നും റിസർവ് ബാങ്ക് വിശദമാക്കുന്നു. നോട്ട് റദ്ദാക്കലിന്റെ നടപടികളെക്കുറിച്ച് പാർലമെന്ററി സമിതികൾ ചോദ്യം ചെയ്യാൻ തുടങ്ങിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നു തുടങ്ങിയിരിക്കുന്നത്. നോട്ട് റദ്ദാക്കലിന്റെ നടപടിക്രമങ്ങൾ വിശദമാക്കണമെന്ന് സുപ്രീംകോടതിയും നിർദേശിച്ചിട്ടുണ്ട്. പാർലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിയും (പിഎസി) റിസർവ് ബാങ്കിനോടു വിശദീകരണം തേടിയിട്ടുണ്ട്.വരികയാണ്.