മോദിയുടെ ഭരണപരാജയം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രചാരണം തുടങ്ങി
Tuesday, May 16, 2017 12:05 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ ഭ​ര​ണ പ​രാ​ജ​യം തു​റ​ന്നുകാ​ട്ടു​ന്ന​തി​നാ​യി ര​ണ്ടു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍ഗ്ര​സ് തു​ട​ക്കം കു​റി​ച്ചു.

മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ലെ മോ​ദി സ​ർ​ക്കാ​രി​ന്‍റെ 30 പ്ര​വ​ർ​ത്ത​ന പ​രാ​ജ​യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള "പാ​ഴാ​യ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ, വെ​ള്ള​പൂ​ശു​ന്ന സ​ർ​ക്കാ​ർ’ എ​ന്ന വീ​ഡി​യോ പു​റ​ത്തി​റ​ക്കി​യാ​ണ് പ്ര​ച​ാര​ണ​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്.

കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ പ​രാ​ജ​യ​ങ്ങ​ൾ പാ​ർ​ട്ടി അ​ടു​ത്ത 24 മാ​സം കൊ​ണ്ട് രാ​ജ്യ​ത്തി​ന്‍റെ മു​ക്കി​ന്‍റെ മൂ​ല​യി​ലും എ​ത്തി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് വ​ക്താ​വ് ര​ണ്‍ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​നി​ത​ക ഘ​ട​ന ത​ന്നെ പ്ര​തി​കാ​ര​മാ​ണ്. ഇ​ത്ത​രം പ്ര​തി​കാ​രംകൊ​ണ്ട് സ​ർ​ക്കാ​രി​നെ​തി​രാ​യ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ അ​മ​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മോ​ദി സ​ർ​ക്കാ​രി​ന്‍റെ മൂ​ന്ന് വ​ർ​ഷ​ത്തെ ഭ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തം മാ​ത്ര​മാ​ണു സ​മ്മാ​നി​ച്ച​തെ​ന്ന് ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ചീ​ഫ് വി​പ്പ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പ​റ​ഞ്ഞു. കേ​വ​ലം വി​പ​ണ​ന​ത്തി​ൽ മാ​ത്ര​മാ​ണ് സ​ർ​ക്കാ​രി​ന് വി​ജ​യം അ​വ​കാ​ശ​പ്പെ​ടാ​ൻ ക​ഴി​യു​ക.

ദ​ളി​ത്,ആ​ദി​വാ​സി മു​ക്ത ഭാ​ര​ത​മാ​ണ് സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം വ​ലി​യ ഭീ​ഷ​ണി​യി​ലാ​ണ്. ആ​ഭ്യ​ന്ത​ര സു​ര​ക്ഷ​യും അ​പ​ക​ട​ത്തി​ലാ​ണ്. ന​ല്ല ദി​നം വ​രു​മെ​ന്നു പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷം കാ​ത്തി​രു​ന്ന ജ​നം ഇ​നി​യും എ​ത്ര​നാ​ൾ കാ​ത്തി​രി​ക്ക​ണ​മെ​ന്നും ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ചോ​ദി​ച്ചു.

കോ​ണ്‍ഗ്ര​സ് ഭ​ര​ണനി​ർ​വ​ഹ​ണ​ത്തി​ന്‍റെ ബ​ദ​ൽ മാ​തൃ​ക മു​ന്നോ​ട്ട് വ​യ്ക്കു​മെ​ന്നും ബിജെ പി​യു​ടെ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​മെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച രാ​ജ​സ്ഥാ​ൻ പിസിസി പ്ര​സി​ഡ​ന്‍റ് സ​ച്ചി​ൻ പൈ​ല​റ്റ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്കു മു​ന്പി​ൽ ക​ള്ളവാ​ഗ്ദാ​ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കാ​ത്ത​താ​യി​രി​ക്കും ഈ ​ബ​ദ​ൽ. ഇ​തി​ന്‍റെ ക​ർ​മരേ​ഖ പാ​ർ​ട്ടി ത​യാ​റാ​ക്കിവ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. പാ​ക്കി​സ്ഥാ​ൻ, കാ​ഷ്മീ​ർ ന​യം, ആ​ഭ്യ​ന്ത​ര സു​ര​ക്ഷ, വ​നി​ത സു​ര​ക്ഷ, ദ​ളി​തു​ക​ൾ​ക്കെ​തി​രേ വ​ർ​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മം, പെ​ട്രോ​ൾ,ഡീ​സ​ൽ വി​ലവ​ർ​ധ​ന​, തൊ​ഴി​ൽ സൃ​ഷ്ടി​ക്ക​ൽ, ക​ള്ള​പ്പ​ണം തി​രി​കെ കൊ​ണ്ടു​വ​ര​ൽ, യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ളു​ടെ പേരുമാറ്റം, ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി എ​ന്നി​വ അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​ർ വീഴ്ചക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് എ​ഐ​സി​സി പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ.


സർക്കാരിന്‍റെ മൂന്നാം വാർഷികത്തിൽ ആഘോഷിക്കാനെന്തിരിക്കുന്നു: രാഹുൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ജെ​​​പി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ മൂ​​​ന്നാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ന്ത് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ആ​​​ഘോ​​​ഷം​ സം​​ഘ​​​ടി​​​പ്പി​​​ക്കു​​​ക എ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​രി​​​ഹ​​​സി​​​ച്ചു. പാ​​​ലി​​​ക്ക​​​പ്പെ​​​ടാ​​​ത്ത വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ​​​ മാ​​​ത്ര​​​മാ​​​ണ് മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ലും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ബാ​​​ക്കി​​​പ​​​ത്ര​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ​​​ർ​​​ക്കാ​​ർ ന​​​ല്കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​ങ്ങ​​​ളാ​​​ണ് ഇ​​​തു​​​വ​​​രെ ന​​​ല്കി​​​യ​​​ത്.

ക​​​ർ​​​ഷ​​​ക ആ​​​ത്മ​​​ഹ​​​ത്യ​​​യും തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ​​​യും രാ​​​ജ്യ​​​ത്ത് വ​​​ർധി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും രാ​​​ഹു​​​ൽ ചൂ​​​ണ്ടി​​​ക്കാണി​​​ച്ചു. അ​​​തി​​​ർ​​​ത്തി​​​യി​​​ൽ സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ൻ ബ​​​ലി​​​ക​​​ഴി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​തു വ​​​ർ​​​ധിച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മൂ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​ത്തി​​​ൽ ആ​​​ഘോ​​​ഷി​​​ക്കാ​​​ൻ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും രാ​​​ഹു​​​ൽ ട്വി​​​റ്റ​​​റി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​ക്കി.