ഹമാസ് സൈനിക മേധാവിയെ ഇസ്രയേല്‍ കൊലപ്പെടുത്തി
ഹമാസ് സൈനിക മേധാവിയെ ഇസ്രയേല്‍ കൊലപ്പെടുത്തി
Thursday, November 15, 2012 10:41 PM IST
ഗാസാസിറ്റി: ഗാസായില്‍ ഭരണം നടത്തുന്ന ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ മേധാവി അഹമ്മദ് അല്‍ ജബാരി ഇസ്രേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ജബാരിയുടെ കാറിനെ ലക്ഷ്യമിട്ട് മിസൈല്‍ പ്രയോഗിക്കുകയായിരുന്നു.

ജബാരി കൊല്ലപ്പെട്ടെന്നും അദ്ദേഹത്തിന്റെ അംഗരക്ഷകനു പരിക്കേറ്റെന്നും ഗാസാസിറ്റിയിലെ അല്‍ഷിഫാ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. കാറിലുണ്ടായിരുന്ന മറ്റൊരാള്‍കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ദക്ഷിണ ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം നടത്തുന്ന ഗാസയിലെ ഭീകരഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന്റെ ഭാഗമായാണ് ജബാരിയെ വകവരുത്തിയതെന്ന് സൈനിക വക്താവ് അവിറ്റല്‍ ലിബോവിച്ച് വ്യക്തമാക്കി.

ഇസ്രയേലിന്റെ ഹിറ്റ്ലിസ്റിലുണ്ടായിരുന്ന പ്രമുഖ നേതാവായ ജബാരിയുടെ വധത്തെത്തുടര്‍ന്ന് ഗാസയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ഹമാസിന്റെയും അവരുടെ സൈനിക വിഭാഗമായ എസെദിന്‍ അല്‍ഖാസം ബ്രിഗേഡിന്റെയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അല്‍ഷിഫാ ആശുപത്രിക്കുള്ളില്‍ പ്രകടനം നടത്തി.ഇസ്രയേലിനോടു പ്രതികാരം ചെയ്യണമെന്ന് പ്രകടനക്കാര്‍ ആവശ്യപ്പെട്ടു.


ആശുപത്രിക്കു പുറത്ത് തോക്കുധാരികള്‍ ആകാശത്തേക്കു വെടിവച്ചു. കമാന്‍ഡര്‍ ജബാരിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ട് മോസ്കുകളില്‍നിന്ന് അറിയിപ്പുണ്ടായി.

ജബാരിയെ കൊലപ്പെടുത്തിയതിനു പിന്നാലെ ഗാസയിലെ 20 റോക്കറ്റ് വിക്ഷേപിണികളും ഇസ്രേലി വ്യോമസേന തകര്‍ത്തു. ടെല്‍അവീവ്വരെ എത്താന്‍ കെല്പുള്ള റോക്കറ്റുകള്‍ ഹമാസിന്റെയും ഇസ്്ലാമിക് ജിഹാദിന്റെയും പക്കലുണ്െടന്നു കരുതപ്പെടുന്നു. ഇവ നശിപ്പിക്കാനാണ് വ്യോമാക്രമണം നടത്തിയത്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ചവരെയുള്ള കാലയളവില്‍ നൂറിലധികം റോക്കറ്റുകളാണ് ഗാസയില്‍നിന്ന് ഇസ്രേലിമേഖലയില്‍ പതിച്ചത്. ഇതെത്തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ആറു പലസ്തീന്‍കാര്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.