ചൈന: നേതൃമാറ്റം ഇന്നു പ്രഖ്യാപിക്കും
Thursday, November 15, 2012 10:42 PM IST
ബെയ്ജിംഗ്: ചൈനയുടെ അടുത്ത നേതാക്കളായ സീ ജിന്‍പിംഗും ലി കെഖിയാംഗും അടങ്ങുന്ന പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തുകൊണ്ട് ചൈനീസ് കമ്യൂണിസ്റ് പാര്‍ട്ടിയുടെ 18-ാം കോണ്‍ഗ്രസിന് സമാപനമായി. ഇന്നു പുതിയ കേന്ദ്രകമ്മിറ്റി ചേര്‍ന്ന് 25 അംഗ പോളിറ്റ് ബ്യൂറോയെയും സ്റാന്‍ഡിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. പുതിയ നേതാക്കള്‍ ഒന്നിച്ചു മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതോടെ പാര്‍ട്ടിയിലെ അധികാരമാറ്റം പൂര്‍ണമാകും. ഹൂജിന്റാവോ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഇന്നലെ ഒഴിഞ്ഞു.

ഇന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന 59 വയസുള്ള സീ അടുത്ത മാര്‍ച്ചിലെ പാര്‍ലമെന്റ് സമ്മേളനത്തോടെ രാജ്യത്തിന്റെ പ്രസിഡന്റുമാകും. ഹു ജിന്റാവോ, സുപ്രധാനമായ കേന്ദ്രമിലിട്ടറി കമ്മീഷന്‍ ചെയര്‍മാന്‍ പദവിയും ഈയാഴ്ച ഒഴിയും. മാര്‍ച്ചില്‍ പ്രധാനമന്ത്രി ആകാനുള്ള ലി കെഖിയാംഗ് (57) ഇപ്പോള്‍ പ്രധാനമന്ത്രി വെന്‍ ജിയാബാവോ പാര്‍ട്ടിയില്‍ വഹിക്കുന്ന ചുമതലകള്‍ ഇന്ന് ഏറ്റെടുക്കും.

സ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വരാന്‍ സാധ്യതയുള്ളവരായി കരുതപ്പെടുന്ന മറ്റ് എട്ടു പേരും കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉപപ്രധാനമന്ത്രി വാംഗ് കിഷാന്‍, ഉപപ്രധാനമന്ത്രി ചാംഗ് ഡെജിയാംഗ്, ഷാങ് ഹായിയിലെ പാര്‍ട്ടി തലവന്‍ യു ചെംഗ് ഷെംഗ്, പ്രചാരണകാര്യമന്ത്രി ലിയു യുന്‍ഷാന്‍, ടിയാന്‍ജിനിലെ പാര്‍ട്ടി മേധാവി ചാംഗ് ഗാംവാലി, പാര്‍ട്ടിസംഘടനാ കാര്യമേധാവി ലി യുവാന്‍ ചാവോ, പോളിറ്റ് ബ്യൂറോയിലെ ഏക വനിതയായ ലിയു യാന്‍ഡോംഗ്, ഗുവാംഗ് ഡോംഗിലെ പാര്‍ട്ടി മേധാവി വാംഗ് യാംഗ് എന്നിവരാണവര്‍.

ഇവരില്‍ വാംഗ് കിഷാന്‍ പോളിറ്റ് ബ്യൂറോ സ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉണ്ടാകുമെന്ന് ഉറപ്പായി. അദ്ദേഹത്തെ അച്ചടക്ക പരിശോധനയ്ക്കായുള്ള കേന്ദ്ര കമ്മീഷനിലേക്കു നിയമിച്ചതോടെയാണിത്. ഈ കമ്മീഷനില്‍വരുന്ന പോളിറ്റ്ബ്യൂറോ അംഗം സ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ വരുന്നതാണു കീഴ്വഴക്കം. 64 വയസുള്ള ധനകാര്യ വിദഗ്ധനായ വാംഗിനെ അച്ചടക്കമേധാവിയാക്കിയത് പാര്‍ട്ടിയിലെ അഴിമതിക്കെതിരായ പോരാട്ടത്തിനു നേതൃത്വം നല്കുന്ന പ്രത്യേക പ്രാധാന്യത്തെ കാണിക്കുന്നു.


ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്കിന്റെ മുന്‍മേധാവിയായ വാംഗ്, ബെയ്ജിംഗ് മേയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003ല്‍ സാര്‍സ് രോഗം പടര്‍ന്നപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനാണു വാംഗിനെ മേയറാക്കിയത്. ഗുവാംഗ് ഡോംഗില്‍ വൈസ് ഗവര്‍ണറായിരുന്നപ്പോഴും പിന്നീടും സാമ്പത്തിക കാര്യങ്ങളില്‍ നേതൃത്വത്തിന്റെ കൈയാളായിരുന്നു. അമേരിക്കയുമായുള്ള പ്രധാന സാമ്പത്തിക ചര്‍ച്ചകളില്‍ വാംഗിനു പ്രധാന പങ്കുണ്ടായിരുന്നു. ദെംഗ് സിയാവോ പിംഗിന്റെ വിശ്വസ്തനായിരുന്ന മുന്‍ ഉപപ്രധാനമന്ത്രി യാവോ യിലിന്റെ പുത്രീ ഭര്‍ത്താവാണ്.

കോണ്‍ഗ്രസ്-കമ്യൂണിസ്റ് പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്തിക്കൊണ്ട് സ്ഥാനമൊഴിയുന്ന ഹു ജിന്റാവോയുടെ ശാസ്ത്രീയ വികസനകാഴ്ചപ്പാട് പാര്‍ട്ടി സിദ്ധാന്തത്തില്‍ ഉള്‍പ്പെടുത്തി. മാര്‍ക്സിസം-ലെനിനിസം, മാവോസേ ദൂംഗ് ചിന്ത, ദെംഗ് സിയാവോ പിംഗ് സിദ്ധാന്തം, ജിയാംഗ് സെമിന്റെ മൂന്നു പ്രാതിനിധ്യങ്ങള്‍ എന്നിവയ്ക്കൊപ്പം പാര്‍ട്ടിയുടെ സൈദ്ധാന്തിക ശേഖരത്തില്‍ ഇതും പെടും.

പാര്‍ട്ടിയിലെ മാവോയിസ്റുകളെ ഒതുക്കിയും അമിത ഉദാരവത്കരണം ഒഴിവാക്കിയും ഹു നടത്തിയ പത്തുവര്‍ഷത്തെ ഭരണത്തിന് ഈ കോണ്‍ഗ്രസോടെ തിരശീല വീണു. മാര്‍ച്ചിലെ പാര്‍ലമെന്റ് കഴിയുന്നതോടെ പൊതുരംഗത്തുനിന്നും അദ്ദേഹം നിഷ്ക്രമിക്കും. ദെംഗ് സിയാവോ പിംഗിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്നുവന്ന ഹുവിനെ പാര്‍ട്ടിയിലെ മുന്‍ നേതാക്കളുടെ മക്കളടങ്ങിയ വരേണ്യവിഭാഗത്തിനു വലിയ മതിപ്പില്ലായിരുന്നു.

കേന്ദ്രകമ്മിറ്റിയിലേക്ക് 200 സ്ഥിര അംഗങ്ങളെയും 170 ബദല്‍ അംഗങ്ങളെയുമാണു 2270 അംഗങ്ങള്‍ പങ്കെടുത്ത കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.