ഗോല്‍ക്കൊണ്ട വജ്രത്തിനു റിക്കാര്‍ഡ് വില
ലണ്ടന്‍: ഇന്ത്യയിലെ പ്രസിദ്ധമായ ഗോല്‍ക്കൊണ്ട ഖനിയില്‍നിന്നുള്ള വജ്രം വിലയില്‍ ലോക റിക്കാര്‍ഡ് സൃഷ്ടിച്ചു. 76 കാരറ്റ് തൂക്കമുള്ള ഈ കല്ല് കഴിഞ്ഞദിവസം സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന ലേലത്തില്‍ വിറ്റുപോയത് 169 ലക്ഷം യൂറോയ്ക്കാണ്. നിറമില്ലാത്ത കുറ്റമറ്റ വജ്രമാണിത്. ഓസ്ട്രിയയിലെ ആര്‍ച്ച്ഡ്യൂക് ആയിരുന്ന ജോസഫ് അഗസ്റിന്റെ പേരാണ് വജ്രത്തിനു നല്കിയത്. 1933 ല്‍ അദ്ദേഹം ഈ വജ്രം ഒരു ബാങ്കില്‍ നിക്ഷേപിച്ചു. മൂന്നു വര്‍ഷത്തിനുശേഷം ഒരു യൂറോപ്യന്‍ ബാങ്കര്‍ക്കു വിറ്റു. ഫ്രാന്‍സില്‍ സുരക്ഷിതമായിരുന്ന വജ്രം 1961ല്‍ കണ്െടത്തി. ഇപ്പോള്‍ വജ്രം വാങ്ങിച്ചിരിക്കുന്നത് ആരാണെന്നു പുറത്തുവിട്ടിട്ടില്ല. ഏതോ മ്യൂസിയത്തിലായിരിക്കും വജ്രം ഇനി എത്തിപ്പെടുകയെന്നു സൂചനയുണ്ട്.


ബ്രിട്ടീഷ് കിരീടത്തെ അലങ്കരിക്കുന്ന കോഹിനൂറും മറ്റൊരു പ്രസിദ്ധ വജ്രം ബ്ളൂഹോപും അടക്കം ഗോള്‍ക്കോണ്ടയില്‍നിന്നു ലഭിച്ചിട്ടുള്ള പ്രസിദ്ധ വജ്രങ്ങള്‍ നിരവധിയാണ്. 18-ാം നൂറ്റാണ്ടുവരെ ഈ ഖനി നിലവിലുണ്ടായിരുന്നു.