ഗാസയില്‍ മിസൈല്‍ വര്‍ഷം ; മരണം 60 കവിഞ്ഞു
ഗാസയില്‍ മിസൈല്‍ വര്‍ഷം ; മരണം 60 കവിഞ്ഞു
Monday, November 19, 2012 11:36 PM IST
ഗാസാസിറ്റി:ഗാസയില്‍ ഇസ്രയേല്‍ മിസൈല്‍ വര്‍ഷം തുടരുന്നതിനിടെ വെടിനിര്‍ത്തലിന് ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ശ്രമം ആരംഭിച്ചു. പോരാട്ടം അഞ്ചാം ദിവസത്തിലേക്കു കടന്നതോടെ കൊല്ലപ്പെട്ട പലസ്തീ ന്‍കാരുടെ എണ്ണം 60 കവിഞ്ഞു. 400 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ ആകാശത്തുനിന്നും കടലില്‍നിന്നും ഗാസയില്‍ മിസൈല്‍ ആക്രമണമുണ്ടായി.നാലു കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്കു ജീവഹാനി നേരിട്ടു. ഹമാസ് തീവ്രവാദികള്‍ ടെല്‍അവീവിലേക്ക് അയച്ച റോക്കറ്റുകള്‍ മിസൈല്‍ പ്രതിരോധസംവിധാനത്തിന്റെ സഹായത്തോടെ ഇസ്രയേല്‍ തകര്‍ത്തു. ഇന്നലത്തെ വ്യോമാക്രമണത്തില്‍ ഗാസയില്‍ എട്ടു പത്രലേഖകര്‍ക്ക് പരിക്കേറ്റതില്‍ ഫോറിന്‍ പ്രസ് അസോസിയേഷന്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു.

ബ്രിട്ടന്റെ സ്കൈന്യൂസ്, ജര്‍മനിയുടെ എആര്‍ഡി, സൌദിയുടെ അല്‍ അറബിയ, ബെയ്റൂട്ടിലെ അല്‍ഖുഡ്സ് ടിവി എന്നിവയുടെഓഫീസുകളും മറ്റ് മാധ്യമസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന ഗാസയിലെ രണ്ടു കെട്ടിടങ്ങളിലാണ് ഇന്നലെ ഇസ്രേ ലി മിസൈലുകള്‍ പതിച്ചത്. എന്നാല്‍, ഹമാസിന്റെ കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളെയാണു തങ്ങള്‍ ലക്ഷ്യംവച്ചതെന്ന് ഇസ്രയേല്‍ വിശദീകരിച്ചു.


ഈജിപ്തിന്റെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഇസ്രയേലിന്റെ ഒരു ദൂതന്‍ കയ്റോയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രേലി മേഖലകളിലേക്കുള്ള റോക്കറ്റാക്രമണം ഹമാസ് നിര്‍ത്തിയില്ലെങ്കില്‍ കരയാക്രമണത്തിനു മടിക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹൂ മുന്നറിയിപ്പു നല്‍കി. പ്രതിരോധമന്ത്രി എലി യിഷാഹി ഒരു പടികൂടി കടന്ന് ഗാസയെ മധ്യയുഗത്തിലേക്ക് തിരിച്ചയയ്ക്കുമെന്നു ഭീഷണി മുഴക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.