ആസിയാന്‍ ഉച്ചകോടി: പ്രധാനമന്ത്രി കംബോഡിയയില്‍
നൊംപെന്‍: വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ആസിയാന്‍ (ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുടെ സംഘടന) ഉച്ചകോടിക്കായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കംബോഡിയയുടെ തലസ്ഥാനമായ നൊംപെനിലെത്തി. സമ്മേളനത്തിനായി മൂന്നുദിവസം കംബോഡിയയില്‍ തങ്ങുന്ന പ്രധാനമന്ത്രി, ചൈനീസ് പ്രധാനമന്ത്രി വെന്‍ജിയാബാവോ ഉള്‍പ്പെടെയുള്ള ലോകനേതാക്കളുമായി ചര്‍ച്ച നടത്തും.

ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാര- വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മുന്തിയ പരിഗണനയാണു നല്കുന്നതെന്നു കംബോഡിയയിലേക്കു പുറപ്പെടുംമുമ്പ് ഡല്‍ഹിയില്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. അടുത്തമാസം ആസിയാന്‍ രാജ്യങ്ങളുടെ പ്രത്യേക സമ്മേളനം ഡല്‍ഹിയില്‍ ചേരാനിരിക്കുന്ന കാര്യവും പ്രധാനമന്ത്രി ഓര്‍മിച്ചു.

യൂറോപ്പില്‍ തുടരുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പത്തുരാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനിലെ വ്യാപാരബന്ധങ്ങള്‍ക്കു രാജ്യം വലിയ പ്രാധാന്യമാണു നല്കുന്നത്. ആസിയാനുമായി സേവന, നിക്ഷേപ മേഖലകളില്‍ സ്വതന്ത്രവ്യാപാരക്കരാറുകളുണ്ടാക്കുന്നതിനുള്ള ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. ആസിയാന്‍ കൂട്ടായ്മയുമായി ചരക്കുവ്യാപാരത്തിന് ഇന്ത്യ നേരത്തെ കരാറിലെത്തിയിരുന്നു. ലുക്ക് ഈസ്റ് എന്നപേരിലറിയപ്പെടുന്ന നയതന്ത്രം വിപുലപ്പെടുത്തുകയാണ് ഇതിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. നാലുലക്ഷം കോടിയിലധികം രൂപയുടെ വ്യാപാരമാണ് കഴിഞ്ഞവര്‍ഷം ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ നടത്തിയത്. ലക്ഷ്യമിട്ടതിനെക്കാള്‍ 50,000 കോടി രൂപ അധികമാണിത്.


വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘവും പ്രധാനമന്ത്രിക്കൊപ്പം കംബോഡിയന്‍ തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. സമ്മേളത്തിന് ഇന്നലെ തുടക്കമായി. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവയടക്കം പത്തുരാജ്യങ്ങളിലെ പ്രതിനിധികള്‍ എത്തിക്കഴിഞ്ഞു. യുഎസ്, റഷ്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കും.