സിറിയ: യുഎന്‍ പ്രതിനിധി അസാദിനെ സന്ദര്‍ശിച്ചു
സിറിയ: യുഎന്‍ പ്രതിനിധി അസാദിനെ സന്ദര്‍ശിച്ചു
Tuesday, December 25, 2012 10:06 PM IST
ബെയ്റൂട്ട്:21 മാസമായി തുടരുന്ന ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎന്‍-അറബ് ലീഗ് പ്രത്യേക പ്രതിനിധി ലക്ദര്‍ ബ്രാഹ്മി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദുമായി കൂടിക്കാഴ്ച നടത്തി. തലസ്ഥാനമായ ഡമാസ്കസിലായിരുന്നു കൂടിക്കാഴ്ച.

ഡമാസ്കസ് വിമാനത്താവളത്തിനു പരിസരത്തുവരെ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ലബനന്‍ വഴിയാണ് യുഎന്‍-അറബ് ലീഗിന്റെ പ്രതിനിധിയെന്ന നിലയില്‍ സമാധാനശ്രമങ്ങള്‍ക്ക് ശ്രമിക്കുന്ന ലക്ദര്‍ ബ്രാഹ്മി തലസ്ഥാനത്തെത്തിയത്. ഇതിനകം 44,000 പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്നപരിഹാരത്തിനായി പൊതുവായ വിഷയങ്ങളിലായിരുന്നു ചര്‍ച്ചയെന്ന് ലക്ദര്‍ പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ രണ്ടുകക്ഷികളും പ്രശ്നപരിഹാരത്തിനായി ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ വിമതരുടെ നിയന്ത്രണത്തിലുള്ള ഹല്‍ഫായ നഗരത്തില്‍ സിറിയന്‍സര്‍ക്കാര്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 60 കവിഞ്ഞു. ഗുരുതരമായി പരിക്കേറ്റ 50 ലധികം പേര്‍ മരണത്തോടു മല്ലടിക്കുകയാണ്. ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎന്‍ പ്രതിനിധി സന്ദര്‍ശനം നടത്തുന്നവേളയിലുണ്ടായ ആക്രമണം സമാധാനശ്രമങ്ങളെ തടസപ്പെടുത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.


സ്ഫോടനം നടന്ന ഹല്‍ഫായ നഗരത്തിലെമ്പാടും മൃതശരീരങ്ങള്‍ ചിന്നിച്ചിതറിക്കിടക്കുന്നു.പരിക്കേറ്റ് രക്തത്തില്‍ കുളിച്ച് ഇഴഞ്ഞുനീങ്ങുന്നവര്‍ വേറെയും. ഹല്‍ഫയ നഗരം സ്വന്തമാക്കിയതായി വിമതര്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇതിനുമുറുപടിയായി സര്‍ക്കാര്‍ സേന ആക്രമണം നടത്തുകയായിരുന്നു. വ്യോമാക്രമണത്തില്‍ എത്രപേര്‍ മരണമടഞ്ഞുവെന്ന് കൃത്യമായി കണക്കാക്കിയിട്ടില്ലെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ പ്രശ്നങ്ങളിലിടപെടുന്ന മനുഷ്യാവകാശസംഘടന വ്യക്തമാക്കി. ആക്രമണത്തിനു തൊട്ടുപിന്നാലെ പ്രാദേശികമായി ചിത്രീകരിച്ച ചില വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി ജഡങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ ഇതില്‍ വ്യക്തമാണ്.

രക്തത്തില്‍ കുളിച്ചനിലയില്‍ ആഴമേറിയ മുറിവുകളുമായി ഇഴഞ്ഞുനീങ്ങുന്നവരും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ബേക്കറിക്കു സമീപമായിരുന്നു ആക്രമണമെന്ന സൂചനയും ദൃശ്യങ്ങളിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.