മാനഭംഗക്കേസ:് പ്രതികളടക്കം അഞ്ചുപേരെ ഇറാനില്‍ തൂക്കിലേറ്റി
ടെഹ്റാന്‍: ഒരു അഫ്ഗാന്‍ പൌരനുള്‍പ്പെടെ വിവിധ കുറ്റകൃത്യങ്ങള്‍ നടത്തിയ അഞ്ചുപേരെ ഇറാനില്‍ ഇന്നലെ തൂക്കിലേറ്റി. ഇതില്‍ മൂന്നുപേര്‍ ബലാത്സംഗക്കേസില്‍ പ്രതികളാണ്. മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ടു പിടിയിലായ അഫ്ഗാനിസ്ഥാനിലെ ഹേരാത് പ്രവിശ്യയില്‍നിന്നുള്ള 27കാരനാണു വധശിക്ഷയ്ക്കു വിധേയനായ വിദേശി. വടക്കന്‍ നഗരമായ ദാംഗാനിലെ ജയിലിലാണ് ഇയാളെ തൂക്കിലേറ്റിയത്. മാനഭംഗക്കേസില്‍ തൂക്കിലേറ്റപ്പെട്ട മൂന്നുപേരും ഇറാനിയന്‍ പൌരന്മാരാണ്. മധ്യ നഗരമായ യാസ്ഡിലെ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത്. ഇവര്‍ക്കൊപ്പം മയക്കുമരുന്നുകടത്തു കേസില്‍ പ്രതിയായ മറ്റൊരാളേയും തൂക്കിലേറ്റി. ഇസ്ലാമിക് റിപ്പബ്ളിക്കായ ഇറാനില്‍ മാനഭംഗം, കൊലപാതകം, സായുധ കവര്‍ച്ച, മയക്കുമരുന്ന് കടത്ത്, മായംകലര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ചൈന, സൌദി അറേബ്യ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടക്കുന്നത് ഇറാനിലാണ്.