പേട്രിയറ്റ് മിസൈല്‍ ഘടകങ്ങള്‍ തുര്‍ക്കിയില്‍
Sunday, January 6, 2013 10:33 PM IST
അങ്കാറ: സിറിയന്‍ മിസൈലുകളെ പ്രതിരോധിക്കാന്‍ നാറ്റോ നല്കിയ പേട്രിയറ്റ് മിസൈല്‍വേധ സംവിധാനം തുര്‍ക്കിയിലെത്തിച്ചേര്‍ന്നു. യുഎസിന്റെ ഉദ്യോഗസ്ഥരും ഉപകരണങ്ങളുമാണ് അഡാനയിലെ ഇന്‍കിര്‍ലിക് എയര്‍ബേസിലെത്തിയത്. പേട്രിയറ്റ് മിസൈലിന്റെ ആറു യൂണിറ്റുകളാണ് തുര്‍ക്കിക്ക് നാറ്റോ അനുവദിച്ചിരിക്കുന്നത്. യുഎസിനു പുറമേ ജര്‍മനി, നെഥര്‍ലന്റ് എന്നീ രാജ്യങ്ങളാണ് ഇവ നല്കുക. യുഎസിന്റെ നാനൂറോളം സൈനികരും ഉപകരണങ്ങളും ടര്‍ക്കിയിലെത്തും.

ജനുവരി അവസാനം പ്രവര്‍ത്തനസജ്ജമാകുമെന്നു പ്രതീക്ഷിക്കുന്ന ആറു യൂണിറ്റുകളും നാറ്റോയുടെ നിയന്ത്രണത്തിലായിരിക്കും.


സിറിയയില്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ നടക്കുന്ന ആഭ്യന്തര യുദ്ധം അതിര്‍ത്തി രാജ്യങ്ങളിലേക്കും വ്യാവിക്കുന്ന പശ്ചാത്തലത്തിലാണ് പേട്രിയറ്റ് മിസൈലുകള്‍ നല്കണമെന്നു തുര്‍ക്കി നാറ്റോയോട് അഭ്യര്‍ഥിച്ചത്. വിതമര്‍ക്കെതിരേ സിറിയന്‍ പട്ടാളം പ്രയോഗിക്കുന്ന മിസൈലുകളും ഷെല്ലുകളും തുര്‍ക്കിയില്‍ പതിക്കുകയുണ്ടായി. സിറിയന്‍ വിമതരുടെയും അഭയാര്‍ഥികളുടെയും പ്രധാന അഭയസ്ഥാനം കൂടിയാണ് തുര്‍ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.