ഒബാമയെ കാത്തിരിക്കുന്നത് ഏറെ പ്രശ്നങ്ങള്‍
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി ഇന്നലെ രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബറാക് ഒബാമയെ കാത്തിരിക്കുന്നത് ഒരു പിടി പ്രശ്നങ്ങള്‍. വര്‍ധിച്ച തൊഴിലില്ലായ്മ, റിപ്പബ്ളിക്കന്മാരുമായുള്ള ഏറ്റുമുട്ടല്‍, ബജറ്റ് പ്രതിസന്ധി, തോക്കുനിയന്ത്രണം, കുടിയേറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് രണ്ടാമൂഴത്തില്‍ പരിഹാരം കാണേണ്ട ഭാരിച്ച ചുമതലയാണ് അദ്ദേഹത്തിനുള്ളത്.

ഞായറാഴ്ച വൈറ്റ്ഹൌസില്‍ നടന്ന ചടങ്ങില്‍ ഒബാമ ഒരുവട്ടം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഞായറാഴ്ച അവധിദിനമായതിനാല്‍ പൊതുചടങ്ങ് ഇന്നത്തേക്കു മാറ്റി. അതിനാല്‍ രണ്ടാമതൊരിക്കല്‍കൂടി അദ്ദേഹത്തിനു സത്യപ്രതിജ്ഞ ചെയ്യേണ്ടിവന്നു.

ഒന്നാമൂഴത്തിലും ഇപ്രകാരം രണ്ടു തവണ ഒബാമ സത്യപ്രതി ജ്ഞ ചെയ്തു. അന്ന് ജസ്റീസ് റോബര്‍ട്സ് ചൊല്ലിക്കൊടുത്ത സത്യവാചകത്തില്‍ ചെറിയ പിഴവു വന്നുവെന്നു സംശയം വന്നതിനാല്‍ രണ്ടാമതൊരിക്കല്‍കൂടി സത്യപ്രതിജ്ഞ ആവര്‍ത്തിക്കുകയായിരുന്നു. ഏബ്രഹാം ലിങ്കണും മാര്‍ട്ടിന്‍ കിംഗ് ജൂണിയറും ഉപയോഗിച്ച ബൈബിളുകളില്‍ തൊട്ടാണ് ഇന്നലെ ഒബാമ രണ്ടാംവട്ടം സത്യപ്രതിജ്ഞ നിര്‍വഹിച്ചത്. നാലുവര്‍ഷം മുമ്പു നടന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ 18 ലക്ഷം പേര്‍ എത്തിയെന്നാണു കണക്ക്. എന്നാല്‍ ഇത്തവണ ഏഴുലക്ഷം പേരേ മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് നേരത്തേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


ഇന്നലെ രാവിലെ ഒബാമയും ഭാര്യയും മക്കളും വൈറ്റ്ഹൌസിനു സമീപമുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ ആരാധനയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഭാര്യ ജില്‍ ബൈഡന്‍ എന്നിവരും ആരാധനയ്ക്കെത്തിയി രുന്നു.