കാര്‍ഗില്‍ തോല്‍വിക്കു കാരണം ഷെരീഫെന്ന്
ലാഹോര്‍: 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ തോല്‍ക്കാനുള്ള ഏകകാരണം അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണെന്ന് പര്‍വേസ് മുഷാറഫ്. ഷെരീഫ് ആ സമയത്ത് യുഎസ് സന്ദര്‍ശിച്ചില്ലായിരുന്നെങ്കില്‍ മൂന്നൂറു ചതുരശ്ര മൈല്‍ ഇന്ത്യന്‍ ഭൂമി പാക്കിസ്ഥാന്‍ കീഴടക്കിയേനെയെന്നു കാര്‍ഗില്‍ യുദ്ധവേളയില്‍ സൈനിക മേധാവിയായിരുന്ന മുഷാറഫ് ടിവി ചാനല്‍ പരിപാടിയില്‍ അവകാശപ്പെട്ടു.

കാര്‍ഗില്‍ യുദ്ധം ആരെയും അറിയിക്കാതെയാണു താന്‍ നടത്തിയതെന്നാരോപിച്ച ഐഎസ്ഐയിലെ മുന്‍ വിശകലനവിഭാഗം മേധാവി റിട്ടയേര്‍ഡ് ലഫ്റ്റനന്റ് ജനറല്‍ ഷഹീദ് അസീസിനു മാനസികനില തെറ്റിയിരിക്കുകയാണെന്നു മുഷാറഫ് പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ എല്ലാവരെയും അറിയിക്കേണ്ട കാര്യമില്ല. സുരക്ഷയും രഹസ്യാത്മകതയുമാണ് ഇത്തരം ഓപ്പറേഷനുകളില്‍ പ്രധാനം. 500 പാക് പട്ടാളക്കാര്‍ കൊല്ലപ്പെട്ട കാര്‍ഗില്‍ യുദ്ധം പാക്കിസ്ഥാനെ സംബന്ധിച്ചു വിജയമായിരുന്നു. ഇന്ത്യക്ക് വേണ്ടത്ര തയാറെടുപ്പില്ലെന്നു വ്യക്തമാക്കാനായി. പത്തു വര്‍ഷത്തിനുശേഷം അസീസ് നടത്തിയ വെളിപ്പെടുത്തല്‍ തന്നെ അമ്പരിപ്പിച്ചുവെന്നു മുഷാറഫ് കൂട്ടിച്ചേര്‍ത്തു.


മുഷാറഫിന്റെ നേതൃത്വത്തില്‍ നാലു ജനറല്‍മാരാണ് കാര്‍ഗില്‍ യുദ്ധം ആസൂത്രണം ചെയ്തതെന്നാണ് അസീസ് വെളിപ്പെടുത്തിയത്. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ മറ്റു കമാന്‍ഡര്‍മാരെ അറിയിച്ചിരുന്നില്ലെന്നും എത്ര പേര്‍ കൊല്ലപ്പെട്ടെന്ന കാര്യം ഇന്നും വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേസമയം 500 പേര്‍ കൊല്ലപ്പെട്ട കാര്‍ഗില്‍ യുദ്ധം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അന്നത്തെ ഭരണകക്ഷിയായ പിഎംഎല്‍-എന്‍ ആവശ്യപ്പെട്ടു.