ഇറാന്‍ ആണവ പദ്ധതി ത്വരിതപ്പെടുത്തും
വിയന്ന: നാന്റസിലെ ആണവ നിലയത്തില്‍ കൂടുതല്‍ സെന്‍ട്രിഫ്യൂഗല്‍ യന്ത്രങ്ങള്‍ സ്ഥാപിച്ച് യുറേനിയം സമ്പുഷ്ടീകരണം വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി ഇറാന്‍ വ്യക്തമാക്കി. അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിക്ക് അയച്ച കത്തിലാണ് ഇറാന്‍ ഇക്കാര്യം അറിയിച്ചത്. സമ്പുഷ്ട യുറേനിയം വൈദ്യുതി ഉത്പാദനത്തിനോ ആണവായുധ നിര്‍മാണത്തിനോ ഉപയോഗിക്കാം. അണ്വായുധ നിര്‍മാണമാണ് ഇറാന്റെ യഥാര്‍ഥ ലക്ഷ്യമെന്നു പാശ്ചാത്യരാജ്യങ്ങള്‍ കരുതുന്നു. എന്നാല്‍ ഊര്‍ജാവശ്യം നിറവേറ്റാനാണ് ആണവസാങ്കേതിക വിദ്യയെ ആശ്രയിക്കുന്നതെന്ന് ഇറാന്‍ അവകാശപ്പെടുന്നു.


അണ്വായുധശേഷി കൈവരിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് അമേരിക്കയും ഇസ്രയേലും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇറാന്റെ ആണവപദ്ധതി തകര്‍ക്കാന്‍ സൈനികാക്രമണത്തിനും മടിക്കില്ലെന്ന് ഇസ്രയേല്‍ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.