നഷീദ്: ഇന്ത്യയുടെ ഇടപെടലില്‍ മാലദ്വീപിന് അതൃപ്തി
മാലെ: ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഭയം തേടിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ കാര്യത്തില്‍ മാലദ്വീപുമായി ചര്‍ച്ച നടത്തിയെന്ന ഇന്ത്യയുടെ വാദം മാലദ്വീപ് നിഷേധിച്ചു. നഷീദിന്റെ കാര്യത്തില്‍ ഇന്ത്യ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചതിലുള്ള അതൃപ്തി അറിയിച്ച മാലദ്വീപ്, രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിക്കുകയാണെന്ന് ആരോപിച്ചു.

കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് നഷീദ് ഇന്ത്യന്‍ ഹൈകമ്മീഷനില്‍ അഭയം തേടിയത്. ക്രിമിനല്‍ കോടതി ചീഫ് ജസ്റീസ് അബ്ദുള്ള മുഹമ്മദിനെ 2012 ജനുവരിയില്‍ തടവിലാക്കിയതുമായി ബന്ധപ്പെട്ട കേസാണ് നഷീദിനെതിരേയുള്ളത്.

ജുഡീഷറിയുടെ സ്വാതന്ത്യ്രത്തില്‍ ഇടപെടില്ലെന്നു മാലദ്വീപ് സര്‍ക്കാര്‍ അറിയിച്ചു. നഷീദിന്റെ കേസില്‍ സ്വതന്ത്ര സര്‍ക്കാര്‍ ഏജന്‍സികളായ പ്രോസിക്യൂട്ടര്‍ ജനറലും ജുഡീഷറിയും വിചാരണ നടത്തുകയാണ്. സെപ്റ്റംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എങ്ങനെയുള്ള സ്ഥാനാര്‍ഥികള്‍ മത്സരിക്കണമെന്ന തരത്തിലുള്ള ഇന്ത്യയുടെ അഭിപ്രായപ്രകടനം ദൌര്‍ഭാഗ്യകരമാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.


തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നു മാലദ്വീപ് വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ യോഗ്യത നിശ്ചയിക്കാനും തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കാനും തങ്ങളുടെ രാജ്യത്തെ തെരഞ്ഞെടുപ്പു കമ്മീഷനു കഴിയുമെന്നും മാലദ്വീപ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.