പാക്കിസ്ഥാനില്‍ ഭീകരാക്രമണം; ഒമ്പതു മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബന്നു, ഒരക്കാസി മേഖലകളില്‍ ഇന്നലെ നടന്ന ഭീകരാക്രമണങ്ങളില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു.

ഖൈബര്‍ പക്തൂണ്‍ഹ്വാ പ്രവിശ്യയിലെ ബന്നു മേഖലയിലെ മര്യാന്‍ പോലീസ് സ്റേഷനു നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസൈനികരും ഭീകരരും തമ്മില്‍ ഒന്നര മണിക്കൂര്‍ തോക്കുയുദ്ധം നടന്നു.

ആറു ഭീകരര്‍ക്കു ജീവഹാനി നേരിട്ടെന്ന് പോലീസ് മേധാവി നിസാര്‍ താനോലി അറിയിച്ചു. ഒരു പോലീസുകാരനു പരിക്കേറ്റിട്ടുണ്ട്. സ്റേഷന്‍ മന്ദിരത്തിനും കേടുപാടുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു.


ഇതിനിടെ ഒരക്കാസി മേഖലയില്‍ ഒരു വാഹനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്.