മാര്‍ക്കേസിന്റെ ഒസ്യത്ത്
മാര്‍ക്കേസിന്റെ ഒസ്യത്ത്
Sunday, April 20, 2014 12:36 AM IST
പി. കൃഷ്ണനുണ്ണി

ഒരു അഭിമുഖത്തില്‍ പത്രപ്രവര്‍ത്തക സുഹൃത്തായ പ്ളീനിയൊ അപുലെയോ മെന്‍ഡോസയോട് ഗാര്‍സിയ മാര്‍ക്കേസ് പറയുന്നതിങ്ങനെ: അയാള്‍ (നാമമില്ല) എന്റെ കുട്ടിക്കാലത്തു വീട്ടില്‍ വരുമ്പോള്‍ അയാളുടെ തലയ്ക്കു ചുറ്റും തുമ്പികളുടെ വലയമുണ്ടായിരുന്നു.

ഇത്തരം അദ്ഭുത മനുഷ്യരും അവരെ ചുറ്റിപ്പറ്റിയുള്ള കഥകളും കാഴ്ചകളുമെല്ലാം കേരളത്തിലും സുലഭമാണ്. എന്നാലവരെ നോവലിലോ കഥയിലോ ആവിഷ്കരിക്കുമ്പോഴേ എഴുത്തുകാരന്‍ ഒരു പ്രദേശത്തിന്റെ രചയിതാവ് ആകുന്നുള്ളൂ. ഏകാന്തതയുടെ നൂറു വര്‍ഷങ്ങളിലെ അതിസുന്ദരിയായ റെമദിയോസ്, അവളുടെ സൌന്ദര്യത്തിലാകൃഷ്ടരായ അനേകം യാത്രികര്‍, സംസ്കൃതം പഠിക്കുകയും ഭൂമിയുടെ പ്രദക്ഷിണ ശബ്ദം ഉറക്കത്തിനു തടസമാവുകയും ചെയ്യുന്ന മെല്‍ക്വേദിയസ്, ഒരിക്കലുമുണരാത്തവരുടെ മറ്റൊരു കൂട്ടം - എന്നിങ്ങനെ എത്ര വലിയൊരു നിരയാണ് മാര്‍ക്കേസിന്റെ പ്രപഞ്ചത്തിലുള്ളത്. ഇവരോരോരുത്തരും നമ്മളോടു പലതവണ സംസാരിച്ചു കഴിഞ്ഞിരിക്കുന്നു. പിന്നെയുമവരെ നമ്മുടെ നടവഴികളില്‍ സന്ദര്‍ശിച്ചു കൊണ്േടയിരിക്കുന്നു നാം.

ജീവകഥാകാരനായ ജെറാള്‍ഡ് മാര്‍ട്ടിന്‍ പറയുന്ന മറ്റൊരു സംഭവം. 1982ല്‍ മാര്‍ക്കേസിനു നൊബേല്‍ പുരസ്കാരം ലഭിച്ചതിനുശേഷം കൊളംബിയ ആഹ്ളാദത്തിമര്‍പ്പിലായ നിമിഷത്തില്‍ ഒരു പത്രപ്രവര്‍ത്തകന്‍ എതിരെ നടന്നുവരുന്ന ഒരു നഗരവേശ്യയോടു വിവരമറിഞ്ഞില്ലേയെന്നു ചോദിക്കുന്നു. അവള്‍ പറയുന്നു, അവളുടെ കസ്റമറായിരുന്നയാള്‍ ഇപ്പോള്‍ അതു പറഞ്ഞേയുള്ളൂവെന്ന്. തുടര്‍ന്ന് മാര്‍ട്ടിന്‍ എഴുതുന്നു: ഇതിലും വലിയൊരു അംഗീകാരം മാര്‍ക്കേസിന് ഒരിക്കലും കിട്ടുകയില്ല.’

വാസ്തവത്തില്‍, എന്താണ് മാര്‍ക്കേസ് ചെയ്തത്? ലാറ്റിനമേരിക്കയിലെ ഒരുകൂട്ടം മനുഷ്യരുടെ ജീവിതങ്ങള്‍ അതിസാധാരണമായും അനിര്‍വചനീയമായും കൃതികളിലവതരിപ്പിച്ചു. അദ്ദേഹത്തിന്റെ കൃതികളിലെ ജനറല്‍മാരും പോലീസുകാരും വേശ്യകളും വൈദികരും കന്യകകളും കൂട്ടിക്കൊടുപ്പുകാരുമെല്ലാം അതിസാധാരണക്കാരായും നമ്മുടെ സന്തതസഹചാരികളായും നമുക്കനുഭവപ്പെട്ടു. എഴുത്തിനുള്ളിലെ ഉച്ചനീചത്വങ്ങളെ തച്ചുടയ്ക്കുന്ന മാര്‍ഗമായിരുന്നു എക്കാലത്തും മാര്‍ക്കേസ് സ്വീകരിച്ചിരുന്നത്. പ്രദേശങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥകളുടെ നിര്‍മിതിയില്‍ അദ്ദേഹത്തിന്റെ കരവിരുത് അപാരമായിരുന്നു.

എന്നാല്‍, എഴുത്തിലും സാമൂഹ്യജീവിതത്തിലും മാര്‍ക്കേസ് വച്ചുപുലര്‍ത്തിയിരുന്ന ചില കടുംപിടിത്തങ്ങളെ വിമര്‍ശിക്കാതെ വയ്യ. തന്റെ പത്രപ്രവര്‍ത്തക കാലം തുടങ്ങി ജീവിതാന്ത്യം വരെ കൂടെ കൊണ്ടുനടന്ന കമ്യൂണിസ്റ് ബന്ധവും വിശ്വാസവും അതിനുദാഹരണമാണ്. കാസ്ട്രോയുടെ വിശ്വാസിയായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായി മാര്‍ക്കേസ് പലപ്പോഴും ചുരുങ്ങുകയുണ്ടായി. നാടുകടത്തപ്പെട്ട എഴുത്തുകാര്‍ക്കു വേണ്ടിയും ആസൂത്രിത കൊലപാതകങ്ങളാല്‍ അപ്രത്യക്ഷരായവര്‍ക്കു വേണ്ടിയുമൊന്നും മാര്‍ക്കേസ് ഒരക്ഷരം മിണ്ടിയില്ല. പെറുവില്‍നിന്നു മരിയോ വാര്‍ഗസ് യോസയും മെക്സിക്കോയില്‍നിന്നു കാര്‍ലോസ് ഷുഎന്‍തെസും ചിലിയില്‍നിന്നു റോബെര്‍ത്തോ ബൊളാനോയുമെല്ലാം അഭിപ്രായ സ്വാതന്ത്യ്രത്തിനുവേണ്ടി മുറവിളി കൂട്ടിയപ്പോള്‍ മാര്‍ക്കേസ് തന്ത്രപൂര്‍വം അതില്‍നിന്ന് ഒഴിഞ്ഞുനിന്നു. കാസ്ട്രോ പ്രീണനനയങ്ങളുടെ വക്താവായി അറിയപ്പെടുമ്പോഴും സ്റേറ്റ് എന്ന വിധ്വംസക യന്ത്രത്തിനെ മാര്‍ക്കേസ് കണ്ടിരുന്നതെങ്ങനെയെന്നതു സംശയാസ്പദമാണ്.

ഓര്‍മയാണു മാര്‍ക്കേസിന്റെ എഴുത്തിന്റെ കാതല്‍. ഓര്‍മകളെ സുനിശ്ചിതമായ ചില കാലങ്ങളോടും അവിടെനിന്ന് ഭാവനാത്മകമായ അപര കാലങ്ങളോടും ബന്ധിപ്പിക്കുകയാണ് മാജിക്കല്‍ റിയലിസം എന്ന വിദ്യയിലൂടെ അദ്ദേഹം ചെയ്തത്. പ്രാഗ്സ്മൃതികളെ വര്‍ത്തമാനവത്ക്കരിക്കുമ്പോള്‍ ഉണ്ടാകാറുള്ള വലിയ സാംഗത്യമല്ല മാര്‍ക്കേസിന്റെ കൃതികള്‍ക്കുള്ളത്. മറിച്ചു വര്‍ത്തമാനത്തിന്റെ തന്നെ ഉള്ളിലെ ഓര്‍മയും മറവിയും തമ്മിലുള്ള നിത്യസംഘട്ടനമാണ് ഈ കൃതികളുടെ മുഖ്യവിഷയം. യൂറോപ്യന്‍ എഴുത്തുകാരായ ഗുന്തര്‍ഗ്രാസും കുന്ദേരയും പീറ്റര്‍ ഹാന്‍കെയുമെല്ലാം ഇത്തരം സംഘട്ടനങ്ങള്‍ പ്രമേയമാക്കുമ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന ഇന്നലെകളെയാണു കൂട്ടുപിടിക്കാറ്. മാര്‍ക്കേസാകട്ടെ, വലിയൊരു ഭൂതകാലത്തിലേക്കു കടന്നുചെല്ലുന്നില്ലെങ്കിലും സമീപ ഭൂതകാലാനുഭവങ്ങളെയും കേട്ടറിവുകളെയും സമര്‍ത്ഥമായുപയോഗിക്കുന്നുണ്ട്. മക്കാണ്‍ഡോ അത്തരത്തിലൊരു സൃഷ്ടിയാണ്. 23 വര്‍ഷങ്ങള്‍ക്കു ശേഷം സാന്റിയാഗോ നാസറിന്റെ കൊലപാതകം സാധൂകരിക്കാനാകുമോയെന്ന് അന്വേഷിച്ചെത്തുന്ന നാമമില്ലാത്ത കഥാപാത്രം (ഇവൃീിശരഹല ീള മ ഉലമവേ എീൃലീഹറ) അതിന്റെ മറ്റൊരു ഉദാഹരണമാണ്. എന്റെ ശോകാര്‍ദ്ര വേശ്യകളിലെ (ങല്യാീൃ ീള ങ്യ ങലഹമിരവീഹശര ണവീൃല) കഥാപാത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെ. ഒടുവില്‍ മാജിക്കല്‍ റിയലിസത്തില്‍ നിന്നു പാടേയകന്ന മാര്‍ക്കേസ് ആഗ്രഹിച്ചിരുന്നത് എഴുത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടാന്‍ തന്നെയായിരുന്നു.

മാര്‍ക്കേസ് ഓര്‍മയായി. ജീവിതാവസാനത്തോടടുത്തപ്പോള്‍ ശോഷിച്ച ഓര്‍മകളുടെ ശരീരം മാത്രമായി അദ്ദേഹമൊതുങ്ങിക്കൂടുകയുണ്ടായി. ഒരര്‍ഥത്തില്‍ നൂറു വര്‍ഷത്തിലധികം ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ കുലപതിയുടെ ശരത്കാലത്തിലെ ജനറലിനെപ്പോലെ.

ഒടുവില്‍ നമുക്കെല്ലാം വിധിക്കപ്പെട്ടതു കടുത്ത ഏകാന്തതയായിരിക്കുമെന്ന ദുഃഖസത്യം മാര്‍ക്കേസ് മൂന്നാംലോക ജനതയോടു പങ്കുവയ്ക്കുന്നു. ആ ഏകാന്തതയില്‍ നമ്മള്‍ വിശകലനം ചെയ്യുന്നതു നമ്മുടെ വിധിയെക്കുറിച്ചായിരിക്കും. ഭരണാധികാരികള്‍ക്കും പിച്ചക്കാര്‍ക്കും അതില്‍നിന്നു മോചനമില്ല. ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്കും ഏകാന്തതയ്ക്കു മുന്നില്‍ അടിയറവ് പറയേണ്ടിവരുന്നു.ആ ഏകാന്തതയുടെ അന്ത്യനിമിഷങ്ങളില്‍ നമുക്കു കൂട്ടായി വീണിടാം, ഒരുപക്ഷേ ഒരു പക്ഷിതൂവല്‍.

മാര്‍ക്കേസിന്റെ ജീവിതവഴി

1927-കൊളംബിയയിലെ കരീബിയന്‍ തീരത്തു വാഴക്കൃഷിയുടെ സമൃദ്ധിയുള്ള കായലോര നഗരമായ അരകക്കാറ്റക്കയില്‍ മാര്‍ച്ച് ആറിനു വിശാലമായൊരു കുടംബത്തിലെ സീമന്തപുത്രനായി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ജനിച്ചു. ബാല്യകാലത്ത് മുത്തച്ഛനും മുത്തശിക്കുമൊപ്പമായിരുന്നു അധികസമയവും. സൈന്യത്തില്‍നിന്നു വിരമിച്ച മുത്തച്ഛനോട് പ്രത്യേകിച്ചൊരടുപ്പമുണ്ടായിരുന്നു. ആരും കേണലിന് എഴുതുന്നില്ല (നോവണ്‍ റൈറ്റ്സ് ടു ദ കേണല്‍) എന്ന നോവലിനു പ്രചോദനമായത് ബാല്യകാലത്തു മുത്തച്ഛനുമൊത്തു കഴിഞ്ഞിരുന്ന സമയത്തെ ഓര്‍മകള്‍.


1940- ഹൈസ്കൂള്‍ പഠനത്തിനായി തുറമുഖ നഗരമായ, കാര്‍ണിവലുകള്‍ക്കു പ്രശസ്തമായ ബാരന്‍കിയയിലേക്ക്.
1947- കൊളംബിയയുടെ തലസ്ഥാനമായബോഗോട്ടയിലെ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിയമപഠനം. ഈസമയത്ത് രണ്ടു ചെറുകഥകള്‍ എയ് എസ്പെക്റ്റഡോര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ചു.

1948-1950-കലാപത്തെത്തുടര്‍ന്നു നാഷണല്‍ സര്‍വകലാശാല അടച്ചതോടെ മാര്‍കേസ് ബാരന്‍കിയയില്‍ തിരിച്ചെത്തി. പത്രറിപ്പോര്‍ട്ടറായി ജോലിചെയ്യുന്നതിനൊപ്പം ആദ്യനോവലായ ലീഫ് സ്റോം എഴുതിത്തുടങ്ങി.

1954- മാര്‍കേസ് എയ് എസ്പെക്റ്റഡോര്‍ പത്രത്തിലെ ലേഖകനായി. കപ്പല്‍ച്ചേതത്തില്‍നിന്നു രക്ഷപ്പെട്ട കൊളംബിയയിലെ നാവികനെക്കുറിച്ചുള്ള പരമ്പര വിവാദത്തിനു വഴിതെളിച്ചു.

1955-1957. ലീഫ് സ്റോം പ്രസിദ്ധീകരിച്ചു. പാരീസില്‍ താമസിച്ച് കമ്യുണിസ്റ്ഭരണത്തിനുള്ള കിഴക്കന്‍ യൂറോപ്പിനെക്കുറിച്ച് ഏറെയെഴുതി.

1958-ബാരന്‍കിയയില്‍വച്ച്, പിന്നീട് ജീവിതത്തിലുടെനീളം ഒപ്പമുണ്ടായിരുന്ന മെഴ്സിഡിസ് ബാര്‍ഷയെ മിന്നുകെട്ടി.

1959- ക്യൂബന്‍വിപ്ളവാനന്തരം അധികാരത്തിലെത്തിയ ഫിഡല്‍കാസ്ട്രോയുടെ ക്ഷണപ്രകാരം ഹവാനയിലേക്ക്. കാസ്ട്രോയും മാര്‍ക്കേസും ആജീവനാന്തസുഹൃത്തുക്കളായി തുടര്‍ന്നു. ഈ വര്‍ഷംതന്നെയാണു മെഴ്സിഡിസ് സീമന്തപുത്രന്‍ റോഡ്രിഗോയ്ക്കു ജന്മം നല്‍കിയത്.

1960-1961-മെക്സിക്കോയിലേക്കു കുടുംബസമേതം താമസം മാറ്റുന്നതിനുമുമ്പ് ഏതാനും നാളുകള്‍ മാര്‍ക്കേസ് ക്യൂബയില്‍ ചെലവിട്ടു. നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍ പ്രസിദ്ധീകരിച്ചതും ഈവര്‍ഷം.

1962-1966-മാര്‍ക്കേസിന്റെ ഇളയമകന്‍ ഗൊണ്‍സാലോ ജനിച്ചു. നിരവധി തിരക്കഥകള്‍ക്കൊപ്പം പ്രസാധകര്‍ക്കും പരസ്യ ഏജന്‍സികള്‍ക്കുമായി ഏറെയെഴുതി. വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധം) രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി.

1967-ജൂണ്‍ മാസത്തില്‍ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് പ്രസിദ്ധീകരിച്ചതോടെ മാര്‍ക്കേസ് വിശ്വസാഹിത്യത്തിലെ അദ്ഭുതമായി. തുടര്‍ന്ന് സ്പെയിനിലേക്ക്. 1975 വരെ മാര്‍ക്കേസും കുടുംബവും അവിടെ തുടര്‍ന്നു.



=1975-1976-ലാറ്റിനമേരിക്കയിലെ ഏകാധിപതികളുടെ കഥകള്‍ ഉള്‍ച്ചേര്‍ത്ത് രചിച്ച ഓട്ടം ഓഫ് ദി പേട്രിയാര്‍ക്ക് പ്രസിദ്ധീകരിച്ചു. ഉറ്റസുഹൃത്തും പെറുവിലെ എഴുത്തുകാരനായ മരിയോ വര്‍ഗാസ് യോസയും മാര്‍കേസും തമ്മിലുള്ള വൈരത്തിനു തുടക്കം. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനുകാരണമായി ഏറെ അഭ്യൂഹങ്ങള്‍ ഇപ്പോഴും സജീവം.


1979-1981-കൊളംബിയയിലും മെക്സികോയിലുമായി മാറിമാറി ജീവിതം. ഇതിനിടെ യൂറോപ്പ് സന്ദര്‍ശനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച. ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ ടോള്‍ഡ് എന്ന കൃതിയുടെ രചന തുടങ്ങി.

1982-സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്നു.
1983-1987-ലൌ ഇന്‍ ദി ടൈം ഓഫ് കോളറ (കോളറ കാലത്തെ പ്രണയം) പ്രസിദ്ധീകരിച്ചു. ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫൊര്‍ ടോള്‍ഡ് സിനിമയായി.
1989-തെക്കേ അമേരിക്കയിലെ സ്വാതന്ത്യ്ര സമരനേതാവായ സൈമണ്‍ ബൊളിവറുടെ അവസാനദിനങ്ങള്‍ വിവരിക്കുന്ന ദി ജനറല്‍ ഇന്‍ ഹിസ് ലാബിറിന്ത് പ്രസിദ്ധീകൃതമായി.

1994-ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും ലാറ്റിനമേരിക്കയില്‍ പത്രപ്രവര്‍ത്തന സ്വാതന്ത്രം കാത്തുസൂക്ഷിക്കുന്നതിനും ഫൌണ്േടഷനു രൂപം നല്‍കുന്നു.
1996-കൊളംബയിയിലെ മയക്കുമരുന്നു രാജാവ് പാബ്ളോ എസ്കോബാര്‍ പ്രമുഖവ്യക്തികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ വിവരിക്കുന്ന ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ്’പ്രസിദ്ധീകരിച്ചു.
1999-കാന്‍സര്‍രോഗബാധിതനാകുന്നു. കീമോ തെറാപ്പിയോടെ രോഗത്തിനു ചെറിയ ശമനം.

2002-2004-ആത്മകഥയായ ലിവിംഗ് ടു ടെല്‍ ദ ടെയില്‍ 2002 ല്‍ പ്രസിദ്ധീകരിച്ചു. രണ്ടുവര്‍ഷത്തിനുശേഷം മെമ്മറീസ് ഓഫ് മൈ മെലങ്കലി വോര്‍സ് പുറത്തുവന്നു.
2010-2012-വി വില്‍ സീ ഈച്ച് അഥര്‍ ഇന്‍ ഓഗസ്റ്’ എന്ന നോവല്‍ മാര്‍ക്കേസ് എഴുതിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ എഡിറ്റര്‍ പറയുന്നു. മറവിരോഗം ബാധിച്ച മാര്‍ക്കേസിന് എഴുതാനാവില്ലെന്ന് ഇളയ സഹോദരന്‍ ജെയ്മി പിന്നാലെ.
2014- ഏപ്രില്‍ 18ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നരയോടെ മാര്‍ക്കേസ് നിത്യനിദ്രയില്‍.

മാര്‍ക്കേസിന്റെ പുസ്തകങ്ങള്‍

നോവലുകള്‍

ഇന്‍ ഈവിള്‍ അവര്‍ (1962)
വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ് (1967)
ദി ഓട്ടം ഓഫ് ദ പാട്രിയാര്‍ക്ക് (1975)
ലൌ ഇന്‍ ദ ടൈം ഓഫ് കോളറ (1985)
ദി ജനറല്‍ ഇന്‍ ഹിസ് ലാബിറിന്ത് (1989)
ഓഫ് ലൌ ആന്‍ഡ് അദര്‍ ഡിമോണ്‍സ് (1994).

ചെറുനോവലുകള്‍

ലീഫ് സ്റോം (1955)
നോ വണ്‍ റൈറ്റ്സ് ടു ദ കേണല്‍ (1961)
ക്രോണിക്കള്‍ ഒഫ് എ ഡെത്ത് ഫോര്‍ടോള്‍ഡ് (1981)
മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സ് (2004)

ചെറുകഥാ സമാഹാരം

ഐസ് ഓഫ് എ ബ്ളു ഡോഗ് (1947)
ബിഗ് മമ്മാസ് ഫ്യൂണറല്‍ (1962)
ദി ഇന്‍ക്രെഡിബിള്‍ ആന്‍ഡ് സാഡ് ടെയില്‍ ഓഫ് ഇന്നസെന്റ് റെന്‍ഡ്രിയ ആന്‍ഡ് ഹെര്‍ ഹേര്‍ട്ലെസ് ഗ്രാന്റ് മദര്‍ (1978)
കളക്റ്റഡ് സ്റോറീസ് (1984)
സ്ട്രേഞ്ച് പില്‍ഗ്രിംസ് (1993)

മറ്റുരചനകള്‍

ദി സ്റോറി ഓഫ് എ ഷിപ്റെക്ക്ഡ് സെയിലര്‍ -1970
ദി സോളിറ്റ്യൂഡ് ഓഫ് ലാറ്റിന്‍ അമേരിക്ക -1982
ദി ഫ്രാഗ്രന്‍സ് ഓഫ് ഗ്വാവ (പ്ളിനിയോ ഫുലേയോ മെന്‍ഡോസയോടൊപ്പം)-1982
ക്ളാന്‍ഡെസ്റൈന്‍ ഇന്‍ ചിലി -1986
ന്യൂസ് ഓഫ് എ കിഡ്നാപ്പിംഗ് -1996
എ കണ്‍ട്രി ഫോര്‍ ചില്‍ഡ്രന്‍ -1998
ലിവിംഗ് ടു ടെല്‍ ദി ടെയില്‍ -2002

(ഡല്‍ഹി യൂണിവേഴ്സിറ്റി ദേശ്ബന്ധു കോളജിലെ ഇംഗ്ളീഷ് പ്രഫസറാണു ലേഖകന്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.