ദാരിദ്യ്രവും സംഘര്‍ഷവും ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
ദാരിദ്യ്രവും സംഘര്‍ഷവും ഇല്ലാതാക്കാന്‍ മാര്‍പാപ്പയുടെ ആഹ്വാനം
Monday, April 21, 2014 10:30 PM IST
വത്തിക്കാന്‍സിറ്റി: ലോകത്ത്, വിശിഷ്യ സിറിയയിലും യുക്രെയിനിലും ആഫ്രിക്കയിലും തുടരുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. നിരവധി പേര്‍ പട്ടിണി കിടക്കുമ്പോള്‍ ലോകത്തു ഭക്ഷണം പാഴാക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതിനെ മാര്‍പാപ്പ അപലപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ലോകത്തിനു ഈസ്റര്‍ദിന ആശീര്‍വാദം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

എല്ലാ യുദ്ധങ്ങളും ചെറുതും വലുതുമായ എല്ലാ സംഘര്‍ഷങ്ങളും ലോകത്തുനിന്ന് ഇല്ലാതാക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടാണു മാര്‍പാപ്പ തന്റെ ‘ഉര്‍ബി എത്ത് ഒര്‍ബി’(നഗരത്തോടും ലോകത്തോടും) സന്ദേശം ആരംഭിച്ചത്.

സംഘര്‍ഷങ്ങളും ഭക്ഷ്യവസ്തുക്കളുടെ പാഴാക്കലും നിമിത്തം രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിശപ്പിന്റെ വിളി തരണം ചെയ്യാനുള്ള സഹായത്തിനായും കുട്ടികള്‍, വൃദ്ധര്‍, സ്ത്രീകള്‍, കുടിയേറ്റക്കാര്‍ തുടങ്ങി സമൂഹത്തില്‍ ചൂഷണത്തിനു വിധേയരാകാനിടയുള്ളവരുടെ സംരക്ഷണത്തിനായും അദ്ദേഹം പ്രാര്‍ഥിച്ചു.

അപരന്റെ ആവശ്യങ്ങളിലേക്കുകൂടി നാം ശ്രദ്ധിക്കണമെന്നും സ്വാര്‍ഥതയുടെ മുഖംമൂടി വലിച്ചെറിയേണ്ടതുണ്െടന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ഒന്നര ലക്ഷത്തോളം പൌരന്മാര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനു പൌരന്മാര്‍ പലായനം ചെയ്തുകൊണ്ടുമിരിക്കുന്ന സിറിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാനും ആ രാജ്യത്തു സമാധാനം സംസ്ഥാപിതമാക്കാനും രാജ്യാന്തരസമൂഹം ഇടപെടണം. സിറിയന്‍ജനതയ്ക്കു നമ്മുടെ പ്രാര്‍ഥനകളും സഹായവും ആവശ്യമാണ്. നിരപരാധികളും സുരക്ഷിതരുമല്ലാത്ത സാധാരണജനങ്ങളുടെ മേലുള്ള ബലപ്രയോഗം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.

യുക്രെയിനില്‍ സമാധാനപാലനത്തിനായി നടക്കുന്ന പ്രയത്നങ്ങള്‍ ഫലം കാണാനായി പ്രാര്‍ഥിച്ച മാര്‍പാപ്പ, ഐക്യത്തിന്റെയും സംഭാഷണങ്ങളുടെയും പാതയിലൂടെ രാജ്യാന്തര സമൂഹത്തിന്റെ സഹായത്തോടെ അക്രമം തടയാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതുവഴി ആ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള പാത തുറക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇറാക്ക്, വെനസ്വേല, സൌത്ത് സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കും അറുതി വരുത്തണം. ഗിനിയ, സിയെറലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളില്‍ മാരകപകര്‍ച്ചവ്യാധിയായ ഇബോള ബാധിച്ചവരുടെയും ദാരിദ്യ്രവും അജ്ഞതയും മൂലമുണ്ടാകുന്ന നാനാവിധ രോഗങ്ങളാല്‍ വലയുന്നവരുടെയും വൈദ്യശുശ്രൂഷ ഗൌരവമായി കാണണം. അടുത്തയിടെ ഹോസ്റല്‍ ആക്രമിച്ചു 130 പെണ്‍കുട്ടികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയതു പരാമര്‍ശിച്ചു നൈജീരിയയില്‍ നടന്നു കൊണ്ടിരിക്കുന്ന അതിക്രൂരമായ ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.


സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ ഉയിര്‍പ്പുദിന സന്ദേശം ശ്രവിക്കുവാനും ആശീര്‍വാദം സ്വീകരിക്കാനുമായി രണ്ടു ലക്ഷത്തോളം തീര്‍ഥാടകര്‍ തടിച്ചുകൂടിയിരുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പാതിരാക്കുര്‍ബാനയിലും മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.

കത്തോലിക്കാസഭയുടെ സാര്‍വത്രികത വിളിച്ചോതി ദിവ്യബലിക്കിടെ ഹിന്ദി, ഫ്രഞ്ച്, ചൈനീസ്, ജര്‍മന്‍, കൊറിയന്‍, സ്പാനിഷ്, ഇറ്റാലിയന്‍, ഇംഗ്ളീഷ് ഭാഷകളില്‍ പ്രാര്‍ഥനകളും ബൈബിള്‍ വായനയുമുണ്ടായിരുന്നു. തിരുക്കര്‍മങ്ങള്‍ക്കിടെ പരമ്പരാഗത ആചാരപ്രകാരം പത്തുപേര്‍ക്കു മാര്‍പാപ്പ ജ്ഞാനസ്നാനം നല്‍കി. ദിവ്യബലിക്കിടെ നല്‍കിയ സന്ദേശത്തില്‍ യേശുവിന്റെ ഉയിര്‍പ്പു നല്‍കുന്ന പ്രത്യാശ നമുക്കു കരുത്തു പകരണമെന്നു അദ്ദേഹം ഉദ്ബോധിപ്പിച്ചു. യേശുവിന്റെ മരണത്തോടെ ശിഷ്യന്മാരുടെ വിശ്വാസം ക്ഷയിച്ചു. തങ്ങളുടെ എല്ലാ പ്രതീക്ഷകളും തകര്‍ന്നടിഞ്ഞുവെന്നും തങ്ങള്‍ അനാഥരായെന്നും അവര്‍ കരുതി. എന്നാല്‍, യേശു ഉത്ഥാനം ചെയ്ത വാര്‍ത്ത അവര്‍ക്കു പ്രത്യാശ പകരുന്നതായിരുന്നു. ഇരുട്ടില്‍നിന്നു വീണ്ടും വെളിച്ചത്തിലേക്ക് അവര്‍ നടന്നുകയറി. പിന്നീടു പ്രതിസന്ധികളൊന്നും അവര്‍ക്കു തടസമായില്ല- മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടനുബന്ധിച്ചു സെന്റ് പീറ്റേഴ്സ് ചത്വരവും ബസിലിക്കയും നെതല്‍ലാന്‍ഡ്സില്‍നിന്നു വിശ്വാസികള്‍ എത്തിച്ച പൂക്കളുപയോഗിച്ചാണ് അലങ്കരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.