ഭീകരാക്രമണം: പാക്കിസ്ഥാനില്‍ ഒമ്പതു മരണം
Wednesday, April 23, 2014 10:56 PM IST
പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ പോലീസുകാര്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാന്‍ താലിബാന്‍ വിസമ്മതിച്ച് ഒരാഴ്ച തികയും മുമ്പാണ് ആക്രമണം നടന്നത്.

പെഷവാര്‍ പ്രാന്തത്തില്‍ തിങ്കളാഴ്ച രാത്രി പോലീസ് പട്രോള്‍ പാര്‍ട്ടിക്കു നേര്‍ക്കു നടന്ന ആക്രമണത്തില്‍ അഞ്ചു പോലീസുകാരും ആംബുലന്‍സ് ഡ്രൈവറും കൊല്ലപ്പെട്ടു.

ഇന്നലെ ഛര്‍സാദയില്‍ പോലീസ് ആസ്ഥാനത്തിനു സമീപമുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് വാന്‍ കടന്നുപോകുമ്പോള്‍ മോട്ടോര്‍ബൈക്കിലെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഷഫിയുള്ള ഖാന്‍ പറഞ്ഞു.


സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വെടിനിര്‍ത്തലില്‍നിന്ന് ഈ മാസം 16ന് താലിബാന്‍ പിന്മാറിയിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകരെ പോലീസ് അറസ്റു ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണു പിന്മാറ്റമെന്നു താലിബാന്‍ അറിയിച്ചു. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോള്‍ തങ്ങളുടെ അമ്പതോളം ആളുകള്‍ കൊല്ലപ്പെട്ടെന്നും താലിബാന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.