മാര്‍പാപ്പമാരുടെ നാമകരണത്തിനു വത്തിക്കാനിലേക്കു തീര്‍ഥാടക പ്രവാഹം
മാര്‍പാപ്പമാരുടെ നാമകരണത്തിനു വത്തിക്കാനിലേക്കു തീര്‍ഥാടക പ്രവാഹം
Thursday, April 24, 2014 10:12 PM IST
ഫാ. ഐസക് ആരിക്കാപ്പള്ളി സിഎംഐ

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയ്ക്കും ലോകത്തിനും ആത്മീയ തേജസും ഉണര്‍വും പകര്‍ന്നു നല്‍കി കോടിക്കണക്കിനു വിശ്വാസികളുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച ദിവംഗതരായ ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ മാര്‍പാപ്പാമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ക്കു വത്തിക്കാനില്‍ ഒരുക്കം തുടങ്ങി.

27-നു സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നടക്കുന്ന ചരിത്ര സംഭവത്തിനു സാക്ഷ്യംവഹിക്കാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നു വത്തിക്കാനിലേക്കു തീര്‍ഥാടക പ്രവാഹം ആരംഭിച്ചു. നഗരത്തിലെ വിവിധ ഹോട്ടലുകളിലും മറ്റു താമസയിടങ്ങളിലുമായി ഇതിനോടകം 10 ലക്ഷത്തോളം പേര്‍ സീറ്റുകള്‍ ബുക്ക് ചെയ്തു. 20 ലക്ഷത്തിലേറെപ്പേര്‍ ചടങ്ങുകളില്‍ സംബന്ധിക്കുമെന്നാണു കണക്കാക്കപ്പെടുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം കര്‍ദിനാള്‍മാരും മെത്രാന്മാരും അടക്കം ആയിരത്തോളംപേര്‍ സഹകാര്‍മികരാകും. വിശുദ്ധ കുര്‍ബാനമധ്യേ ദിവ്യകാരുണ്യം നല്‍കാന്‍ എഴുന്നൂറിലേറെ വൈദികരെ പ്രത്യേകം നിയോഗിച്ചുകഴിഞ്ഞു. ചടങ്ങുകള്‍ തത്സമയം റിപ്പോര്‍ട്ടു ചെയ്യാന്‍ വന്‍ മാധ്യമസംഘവും എത്തും. ഇവര്‍ക്കായി പ്രത്യേക സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആധ്യാത്മിക ഉണര്‍വിനായി ഇന്നലെ റോമിലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേകം യാമപ്രാര്‍ഥനകള്‍ നടത്തി. റോമിലെ എല്ലാ രൂപതകളിലെയും മുഴുവന്‍ യുവജനങ്ങള്‍ക്കുമായി സെന്റ് ജോണ്‍ ലാറ്ററന്‍ കത്തീഡ്രലില്‍ സംഘടിപ്പിച്ച യുവജനസമ്മേളനത്തിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. കര്‍ദിനാള്‍ അഗസ്റീനോ വല്ലീനി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നിവരുടെ നാമകരണ നടപടികളുടെ പോസ്റുലേറ്റര്‍മാരായ മോണ്‍. തവോമിസ ഓര്‍ഡര്‍, ഫാ. ജോണ്‍ ജോസഫ് കാലിഫാനോ, ദൈവവിളി കാര്യാലയ ഡയറക്ടര്‍ ഫാ. ഫാബിയോ റൊസീനി തുടങ്ങിയവര്‍ സംബന്ധിച്ചു.


മാര്‍പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം ശനിയാഴ്ച വിശ്വാസികള്‍ക്കു പ്രാര്‍ഥിക്കാനായി റോമിലെ എല്ലാ ദേവാലയങ്ങളും തുറന്നിടും. നാമകരണ ചടങ്ങുകളോടനുബന്ധിച്ച് ഇത്തരത്തിലുള്ള ഒരു നടപടി ആദ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. തീര്‍ഥാടകരുടെ സൌകര്യാര്‍ഥം ടെര്‍മിനി, സെന്റ് പീറ്റര്‍ എന്നീ റെയില്‍വേ സ്റേഷനുകളില്‍ നിന്ന് 24 മണിക്കൂറും ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, ജോര്‍ജ് എന്ന പേരുകാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ തന്റെ നാമഹേതുക തിരുനാള്‍ ആഘോഷിച്ചു. വത്തിക്കാന്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ പൊതുദര്‍ശനം നല്‍കിയ മാര്‍പാപ്പയെ കാണാനും ആശംസ അറിയിക്കാനുമായി ഒരു ലക്ഷത്തോളം പേര്‍ എത്തിയിരുന്നു. ലത്തീനില്‍ ഗീതമാലപിച്ച് അവര്‍ മാര്‍പാപ്പയ്ക്ക് ആയുരാരോഗ്യ ആശംസകള്‍ നേര്‍ന്നു.

ഉയിര്‍പ്പിന്റെ സന്തോഷം എല്ലാ വിഭാഗം ജനങ്ങളുമായി പങ്കുവയ്ക്കണമെന്നു മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു. മരിച്ചവരുടെ ഇടയിലല്ല, ജീവിക്കുന്നവരുടെ ഇടയിലാണ് ക്രിസ്തുവിന്റെ സാന്നിധ്യമുള്ളത്. അതാണു ലോകത്തിനു പ്രതീക്ഷ നല്‍കുന്നതും. ആ പ്രതീക്ഷയാണ് മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതും- മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.