ഗാസയില്‍ മരണം 832 ആയി, വെസ്റ്ബാങ്കിലും ആക്രമണം
ഗാസയില്‍ മരണം 832 ആയി, വെസ്റ്ബാങ്കിലും ആക്രമണം
Saturday, July 26, 2014 11:24 PM IST
ജറുസലേം:ഗാസയില്‍ ഇന്നലെ ഇസ്രേലികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന കമാന്‍ഡറും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും ഒരു ഗര്‍ഭിണിയും കൊല്ലപ്പെട്ടു. 18 ദിവസമായി തുടരുന്ന ഇസ്രേലി സൈനിക നടപടിയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം ഇതോടെ 832 ആയി. 5240 പേര്‍ക്കു പരിക്കേറ്റു.

34 സൈനികര്‍ ഉള്‍പ്പെടെ ഇസ്രേലി ഭാഗത്ത് 36 പേര്‍ക്കു ജീവഹാനി നേരിട്ടു. കഴിഞ്ഞ ദിവസം ഗാസയില്‍ യുഎന്‍ അഭയാര്‍ഥി കേന്ദ്രത്തില്‍ ഇസ്രേലികള്‍ നട ത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത് വ്യാപക പ്രതിഷേധത്തിനിടയാക്കി.

ഇതിനിടെ വെസ്റ്ബാങ്കിലേക്കും ഇസ്രേലി ആക്രമണം വ്യാപിച്ചത് ആശങ്ക പരത്തി. വെസ്റ്ബാങ്കിലെ ഹെബ്രോണില്‍ ഗാസാ അതിക്രമത്തിനെതിരേ സമരം നടത്തുന്നവര്‍ക്കു നേരേ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊ ല്ലപ്പെട്ടു. നാബ്ലസ് നഗര ത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തങ്ങളുടെ കാറിനു നേര്‍ക്കു കല്ലെറിഞ്ഞ പലസ്തീന്‍കാര്‍ക്കു നേരെ ഇസ്രേലിവനിത നടത്തിയ വെടിവയ്പിലും ഒരാള്‍ കൊല്ലപ്പെട്ടു.

ഗാസ അതിക്രമത്തില്‍ പ്രതിഷേധിച്ച് വെസ്റ്ബാങ്കില്‍ പലസ്തീന്‍കാര്‍ രോഷദിനാചരണം നടത്തി. കിഴക്കന്‍ ജറൂസലം, ബത്ലഹേം, രമല്ല, നാബ്ലസ് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ജറൂസലേമില്‍ ഇസ്രേലി സൈന്യത്തിന് ജാഗ്രതാ ഉത്തരവു നല്‍കി. ഇസ്രേലി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹമാസ് ഇന്നലെ 35 റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി. ടെല്‍ അവീവിനു സമീപവും റോക്കറ്റുകള്‍ പതിച്ചു.


റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് ടെല്‍അവീവിലേക്കുള്ള വിമാന സര്‍വീസ് നേരത്തെ യുഎസ്, യൂറോപ്യന്‍ വിമാനക്കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതിനിടെ വെടിനിര്‍ത്തലിനുള്ള നീക്കങ്ങളും ശക്തമായി. സമാധാനം സ്ഥാപിക്കാന്‍ സഹകരിക്കണമെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യുഎസ്് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ആവശ്യപ്പെട്ടു. ഇരുവരും നേരത്തെ പലസ്തീന്‍, ഇസ്രേലി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒരാഴ്ചത്തെ വെടിനിര്‍ത്തലിനുള്ള നിര്‍ദേശം കെറി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് എതിരേയുള്ള ഇസ്രേലി ഉപരോധം അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഹമാസ് ഉറച്ചു നില്‍ക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.