ഷുവിനെതിരേ നടപടി: ചിന്‍പിംഗ് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തേടി
ഷുവിനെതിരേ നടപടി: ചിന്‍പിംഗ് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ തേടി
Thursday, July 31, 2014 11:44 PM IST
ബെയ്ജിംഗ്: ചൈനയിലെ മുന്‍ ആഭ്യന്തര സുരക്ഷാവകുപ്പ് മേധാവി ഷു യോങ്കാംഗിനെതിരേ അഴിമതിക്കേസില്‍ അന്വേഷണത്തിന് ഉത്തരവിടുംമുമ്പ് പ്രസിഡന്റ് ഷി ചിന്‍പിംഗ് മുതിര്‍ന്ന കമ്യൂണിസ്റ് നേതാക്കളുടെ അനുമതി നേടിയിരുന്നതായി റിപ്പോര്‍ട്ട്.

ഹൂ ജിന്റാവോ, ജിയാംഗ് സെമിന്‍ എന്നീ റിട്ടയേര്‍ഡ് നേതാക്കളുടെ അനുമതിയോടെയാണ് ഷുവിനെതിരേയുള്ള നടപടിയെന്നു പാര്‍ട്ടിയുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ പറഞ്ഞു.

1949ല്‍ ചൈനയില്‍ കമ്യൂണിസ്റ്റ് ഭരണം ആരംഭിച്ചശേഷം അന്വേഷണവിധേയനാവുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് 71കാരനായ ഷു. ചൈനയിലെ അത്യുന്നത അധികാരസമിതിയായ പോളിറ്റ്ബ്യൂറോ സ്റാന്‍ഡിംഗ് കമ്മിറ്റി അംഗമായി അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച ഷു 2012ലാണു റിട്ടയര്‍ ചെയ്തത്. റിട്ടയര്‍ ചെയ്ത നേതാക്കള്‍ പരസ്യമായി രംഗത്തു വരാറില്ലെങ്കിലും അണിയറയിലിരുന്നു പാര്‍ട്ടിക്കാര്യങ്ങള്‍ നിയന്ത്രിക്കുക പതിവാണ്. റിട്ടയര്‍ ചെയ്ത നേതാക്കള്‍ക്ക് എതിരേ നടപടി സ്വീകരിക്കുക അപൂര്‍വ സംഭവമാണ്.

മുന്‍ പ്രസിഡന്റുമാരും പാര്‍ട്ടി നേതാക്കളുമായ ഹൂ ജിന്റാവോയും ജിയാംഗ് സെമിനുമായി ഇപ്പോഴത്തെ പ്രസിഡന്റ് ഷി ചിന്‍പിംഗ് രഹസ്യധാരണയുണ്ടാക്കിയ ശേഷമാണ് ഷുവിനെതിരേ നടപടി എടുത്തതെങ്കിലും റിട്ടയര്‍ചെയ്ത മറ്റു നേതാക്കള്‍ ആശങ്കയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്.


റിട്ടയര്‍മെന്റിനുശേഷവും പാര്‍ട്ടിയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള വ്യഗ്രതയില്‍ ഷു വഴിവിട്ടു നടത്തിയ നിയമനങ്ങളും മറ്റുമാണ് അദ്ദേഹത്തിനെതിരേ തിരിയാന്‍ ചിന്‍പിംഗിനെ പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.തന്റെ പിന്‍ഗാമിയായി ബോ സിലായിയെ സുരക്ഷാ മേധാവി സ്ഥാനത്തേക്ക് ഷു നോമിനേറ്റു ചെയ്തിരുന്നു.

ബോസിലായി അഴിമതിക്കേസില്‍ കുടുങ്ങി ജയിലിലായി. കഴിഞ്ഞ മാര്‍ച്ചില്‍ ഷുവിന്റെ കുടുംബാംഗങ്ങളില്‍നിന്നും കൂട്ടാളികളില്‍നിന്നുമായി അധികൃതര്‍ 90 ബില്യണ്‍ യുവാന്റെ ( 1456 കോടി ഡോളര്‍) സ്വത്തുക്കള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷുവിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരുമായി 300ല്‍ അധികം പേരെ കസ്റഡിയിലെടുത്തു ചോദ്യം ചെയ്തു.

ഇതൊക്കെയാണെങ്കിലും ഷുവിനെതിരേ കുറ്റംചുമത്തി വിചാരണ നടത്തുമോ എന്നു കണ്ടറിയണം. വിചാരണ നടത്തിയാല്‍ പാര്‍ട്ടിയുടെ അന്തര്‍നാടകങ്ങളും മറ്റും പുറത്തുവരും. ഇതു പാര്‍ട്ടിക്ക് ഏറെ അലോസരമുണ്ടാക്കുമെന്നു തീര്‍ച്ചയാണെന്നു ഒരു പാര്‍ട്ടി കേന്ദ്രം സൂചിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.