ഫോളി: ഭീകരര്‍ മോചനദ്രവ്യം ചോദിച്ചിരുന്നുവെന്നു റിപ്പോര്‍ട്ട്
Friday, August 22, 2014 12:44 AM IST
വാഷിംഗ്ടണ്‍: കഴിഞ്ഞദിവസം ഭീകരര്‍ തലയറുത്തുകൊന്ന യുഎസ് മാധ്യമ പ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയുടെ കുടുംബത്തോട് ഐഎസ് ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായി വെളിപ്പെടുത്തല്‍. ന്യൂഹാംഷയറിലെ റോച്ചസ്റര്‍ സ്വദേശിയായ ഫോളി ഗ്ളോബല്‍ പോസ്റിന്റെ ലേഖകനായാണ് സിറിയയില്‍ പോയത്.

രണ്ടുവര്‍ഷം മുമ്പാണ് ഭീകരര്‍ ഇദ്ദേഹത്തെ ബന്ദിയാക്കിയത്. തുടര്‍ന്ന് 13 കോടി ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിനു കത്തയച്ചിരുന്നുവെന്ന് ഗ്ളോബല്‍പോസ്റ് സിഇഒ ഫിലിപ് ബല്‍ബോണി പറഞ്ഞു. എന്നാല്‍ ഈ ആവശ്യം നിരസിക്കപ്പെട്ടു. പിന്നീട് കഴിഞ്ഞയാഴ്ചയില്‍ ഫോളിയെ ഉടന്‍ വധിക്കുമെന്ന ഇമെയില്‍ സന്ദേശം ലഭിച്ചു. ഇറാക്കിലെ യുഎസ് വ്യോമാക്രമണത്തിനുശേഷമാണ് ഈ സന്ദേശം അയച്ചത്്.

ഇതിനിടെ ഫോളിയെയും സിറിയയില്‍ ഭീകരരുടെ കസ്റഡിയിലുണ്ടായിരുന്ന മറ്റ് അമേരിക്കക്കാരെയും മോചിപ്പിക്കാന്‍ പ്രസിഡന്റ് ഒബാമയുടെ ഉത്തരവു പ്രകാരം നേരത്തെ കമാന്‍ഡോ ആക്രമണം നടത്തിയിരുന്നതായി പെന്റഗണ്‍ വെളിപ്പെടുത്തി.

എന്നാല്‍, ഇതിനകം ബന്ദികളെ ഭീകരര്‍ മറ്റെവിടോക്കോ മാറ്റിയിരുന്നതിനാല്‍ കമാന്‍ഡോകളുടെ ശ്രമം പരാജയപ്പെട്ടു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡോയ്ക്കു പരിക്കേറ്റു.


ഇതിനിടെ ഫോളിയുടെ തലയറുത്ത ഭീകരന്‍ ബ്രിട്ടനില്‍നിന്നുള്ള ജിഹാദിയാണെന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഇയാളെ തിരിച്ചറിയാനായി വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോണ്‍ എന്നുപേരുള്ള ഈ ജിഹാദിയാണ് ബന്ദികളുടെ ബന്ധുക്കളുമായി മോചനദ്രവ്യം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താറുള്ളതെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ടു ചെയ്തു.

സിറിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഇതുവരെ 500ല്‍ അധികം ബ്രിട്ടീഷ് പൌരന്മാര്‍ സിറിയയിലേക്കും ഇറാക്കിലേക്കും പോയിട്ടുണ്െടന്നും ഇവര്‍ ഭീകരരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു.

കൂടുതല്‍ അമേരിക്കക്കാരുടെ രക്തം ചൊരിയുമെന്ന ഭീഷണി വകവയ്ക്കാതെ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇന്നലെ ഇറാക്കില്‍ ശക്തമായ ആക്രമണം നടത്തി. മൊസൂള്‍ മേഖലയില്‍ മാത്രം യുദ്ധവിമാനങ്ങളും പൈലറ്റില്ലാ വിമാനങ്ങളും 14തവണ ആക്രമണം നടത്തി.

മൊസൂള്‍ ഡാം പരിസര ത്തുള്ള ഇറാക്ക്-കുര്‍ദ് സൈനികരെ സഹായിക്കുന്നതിനാണ് ഐഎസ് ഭീകരരെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഭീകരര്‍ക്ക് കനത്ത നാശം നേരിട്ടതായി അധികൃതര്‍ അവകാശ പ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.