റഷ്യന്‍ ട്രക്കുകള്‍ യുക്രെയ്നില്‍ കടന്നുകയറി
റഷ്യന്‍ ട്രക്കുകള്‍ യുക്രെയ്നില്‍ കടന്നുകയറി
Saturday, August 23, 2014 11:42 PM IST
കീവ്: ദുരിതാശ്വാസ വസ്തുക്കള്‍ വഹിച്ചുകൊണ്ടുള്ള റഷ്യന്‍ ട്രക്കുകള്‍ അനുമതി കൂടാതെ യുക്രെയ്നില്‍ പ്രവേശിച്ചു. ഇതോടെ മേഖല വീണ്ടും സംഘര്‍ഷത്തിലേക്കു നീങ്ങുകയാണ്. തങ്ങളുടെ അനുമതിയോ റെഡ്ക്രോസിന്റെ മേല്‍നോട്ടമോ ഇല്ലാതെ ട്രക്കുകള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളിലേക്കു പ്രവേശിച്ചതുവഴി റഷ്യ തങ്ങളെ ആക്രമിച്ചിരിക്കുകയാണെന്ന് യുക്രെയ്ന്‍ ആരോപിച്ചു. റെഡ്ക്രോസിനെ മറയാക്കി റഷ്യയുടെ ഭാഗത്തുനിന്ന് നേരിട്ടുണ്ടായ ആക്രമണമാണിതെന്ന് യുക്രെയ്ന്‍ സുരക്ഷാ മേധാവി വാലന്റൈന്‍ നാലിവാചെങ്കോ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ വസ്തുക്കളും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം എന്ന വ്യാജേന എത്തിയിരിക്കുന്നത് സൈനികവാഹനങ്ങളാണെന്നും ഇതിനായി അവര്‍ വ്യാജരേഖകള്‍ ചമച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റഷ്യയില്‍നിന്നുള്ള 34 ട്രക്കുകളാണ് ഇന്നലെ യുക്രെയ്ന്‍ അതിര്‍ത്തിയായ ഇസ്വാരിനോയിലൂടെ അതിക്രമിച്ചു കടന്നത്. ഈ വാഹനങ്ങള്‍ക്കു തൊട്ടുപിന്നാലെ 100ഓളം ഇതര വാഹനങ്ങളും അതിര്‍ത്തി കടന്ന് യുക്രെയ്നില്‍ പ്രവേശിച്ചു. യുക്രെയ്ന്‍ സര്‍ക്കാരിനെതിരേ പോരടിക്കുന്ന റഷ്യന്‍ അനുകൂലികളായ വിമതര്‍ക്കു സ്വാധീനമുള്ള മേഖലയാണിവിടം. ആദ്യം എത്തിയ 34 ട്രക്കുകള്‍ കസ്റംസ് ഓഫീസര്‍മാരും റെഡ്ക്രോസ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച പരിശോധിച്ചിരുന്നുവെന്നും എന്നാല്‍, ഇവയ്ക്കു പിന്നാലെയെത്തിയ വാഹനവ്യൂഹം പരിശോധിക്കാനായില്ലെന്നും യുക്രെയ്ന്‍ സെക്യൂരിറ്റി സര്‍വീസസ് വക്താവ് ആന്ദ്രെ ലിസെങ്കോ പറഞ്ഞു. റഷ്യന്‍ ട്രക്കുകള്‍ യുക്രെയ്നില്‍ പ്രവേശിച്ചതായി ജനീവയിലെ റെഡ്ക്രോസ് ആസ്ഥാനവും സ്ഥിരീകരിച്ചു.


റെഡ്ക്രോസിന്റെ മേല്‍നോട്ടത്തില്‍ ട്രക്കുകള്‍ക്കു രാജ്യത്തു പ്രവേശിക്കാന്‍ നേരത്തേ യുക്രെയ്ന്‍ അനുമതി നല്‍കിയിരുന്നു. ഓരോ ട്രക്കിലും റെഡ്ക്രോസിന്റെ പ്രതിനിധി ഉണ്ടായിരിക്കണമെന്ന നിബന്ധനയോടെയായിരുന്നു അനുമതി. കിഴക്കന്‍ യുക്രെയ്നിലെ വിമത മേഖലയായ ലുഗാന്‍സ്ക്, ഡോനെട്സ്ക് എന്നീ നഗരങ്ങളിലെ ദുരിതബാധിതരായ ജനങ്ങള്‍ക്കു വിതരണം ചെയ്യുന്നതിനുള്ള 2,000 ടണ്‍ ദുരിതാശ്വാസ വസ്തുക്കളും മരുന്നുമാണ് 260 ഓളം വാഹനങ്ങളിലായി അയച്ചിരിക്കുന്നതെന്നാണ് റഷ്യ വ്യക്തമാക്കിയിരുന്നത്.

യുക്രെയ്ന്‍ സേനയും വിമതരും തമ്മിലുള്ള പോരാട്ടം തുടരുന്നതിനാല്‍ ഭക്ഷണമോ കുടിവെള്ളമോ വൈദ്യുതിയോ മറ്റ് അവശ്യവസ്തുക്കളോ ഇല്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. വിമതര്‍ക്കു നല്‍കാനുള്ള ആയുധങ്ങളും വെടിക്കോപ്പുകളുമാണ് ട്രക്കുകളിലുള്ളതെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് പ്രവേശനാനുമതി ലഭിക്കാതെ ട്രക്കുകള്‍ ഒരാഴ്ചയോളം കുടുങ്ങിക്കിടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.