സിറിയന്‍ സര്‍ക്കാരും ഭീകരരും കുറ്റക്കാരെന്നു യുഎന്‍
Thursday, August 28, 2014 11:42 PM IST
ജനീവ: ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍ വ്യാപകമായ മനുഷ്യാവകാശധ്വംസനങ്ങളും യുദ്ധക്കുറ്റങ്ങളും അരങ്ങേറുന്നതായി യുഎന്‍ അന്വേഷകര്‍ റിപ്പോര്‍ട്ടു ചെയ്തു. സിറിയന്‍ സര്‍ക്കാരിനെയും ഐഎസ് ഭീകരരെയും വിമര്‍ശിക്കുന്ന 45 പേജുള്ള റിപ്പോര്‍ട്ടില്‍ പരസ്പരം പോരടിക്കുന്ന ഇരുവിഭാഗങ്ങളും നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിറിയന്‍ ജയിലുകളില്‍ തടവുകാര്‍ ക്രൂരപീഡനങ്ങള്‍ക്ക് വിധേയരാവുന്നു. കസ്റഡി മരണം കൂടുകയാണ്. സിവിലിയന്‍ മേഖലകളില്‍ സൈന്യം ബാരല്‍ബോംബ് വര്‍ഷിച്ച നിരവധി സംഭവങ്ങളുണ്ടായി. ക്ളോറിന്‍ അടങ്ങിയ രാസായുധങ്ങളും പ്രയോഗിച്ചു.

പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനെ പുറത്താക്കുന്നതിനു യുദ്ധം ചെയ്യുന്ന ഐഎസ്( ഇസ്്ലാമിസ്റ് സ്റേറ്റ്) ഭീകരര്‍ തടവുകാരുടെ തലവെട്ടുകയും അവരെ ക്രൂശിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സിറിയയിലെ റാക്വായും ആലപ്പോയുടെ ചില ഭാഗങ്ങളും ഭീകരരുടെ അധീനതയിലാണ്. വെള്ളിയാഴ്ചകളില്‍ ഇവിടെ പൊതുസ്ഥലത്ത് പരസ്യമായി എതിരാളികളെ വധിക്കുക പതിവു സംഭവമായി. വെടിവച്ചോ തലവെട്ടിയോ ആണു മിക്കവരെയും വധിക്കുക.


സിറിയയിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ സംബന്ധിച്ച കേസ് രാജ്യാന്തര കോടതിക്കു കൈമാറാന്‍ രക്ഷാസമിതി ശിപാര്‍ശ ചെയ്യണമെന്ന് യുഎന്‍ അന്വേഷക സംഘത്തിന്റെ തലവന്‍ പൌളോ പിന്‍ഹീറോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.