ലെസോത്തോയില്‍ പട്ടാള അട്ടിമറിയെന്നു പ്രധാനമന്ത്രി
ലെസോത്തോയില്‍ പട്ടാള അട്ടിമറിയെന്നു പ്രധാനമന്ത്രി
Sunday, August 31, 2014 11:45 PM IST
മസേതു: ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയില്‍ പട്ടാളം അട്ടിമറിക്കുശ്രമിക്കുന്നതായി പ്രധാനമന്ത്രി തോമസ് താബാനെ. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പോലീസ് ആസ്ഥാനം, റേഡിയോ സ്റേഷന്‍, ഫോണ്‍ സംവിധാനം തുടങ്ങിയവയുടെയെല്ലാം നിയന്ത്രണം പട്ടാളം കൈയാളിയെന്നും താബാനെ അറിയിച്ചു. ലൊസോത്തോയുടെ തലസ്ഥാനമായ മസേതുവില്‍ ചെറിയതോതില്‍ പട്ടാളം വെടിവയ്പുനടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രയ്ക്കിടെ താബാനെതന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം, താബാനെയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പട്ടാളം ശ്രമിച്ചിട്ടില്ലെന്നു സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സൈനികര്‍ ക്യാമ്പുകളിലേക്കു പിന്‍വാങ്ങിയതായി മേജര്‍ എന്റെലെ എന്‍ടോയി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കു നടുവിലുള്ള ചെറു രാജ്യമായ ലെസോത്തോയുടെ തലസ്ഥാന നഗരം സൈനികരുടെ നിയന്ത്രണത്തിലാണ്. പോലീസ് ആസ്ഥാനവും പ്രധാനമന്ത്രിയുടെ വസതിയും സൈനിക നിയന്ത്രണത്തിലാണുള്ളത്. സര്‍വസൈന്യാധിപനായ പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലല്ല ഇപ്പോള്‍ പട്ടാളം നീങ്ങുന്നത്. പട്ടാള അട്ടിമറിയെക്കുറിച്ചു ചര്‍ച്ച നടത്താന്‍ സതേണ്‍ ആഫ്രിക്കന്‍ ഡവലപ്മെന്റ് കമ്യൂണിറ്റിയെ (എസ്എഡിസി) കാണുമെന്നും താബാനെ ഇ ന്യൂസ് ചാനല്‍ ആഫ്രിക്കയോട് (ഇഎന്‍സിഎ) ടെലിഫോണിലൂടെ പറഞ്ഞു.


ഉപപ്രധാനമന്ത്രി മൊത്തോജൊവ മെറ്റ്സിംഗിനോട് കൂറുപുലര്‍ത്തുവരാണ് സൈന്യത്തിന്റെ തലപ്പത്തുള്ളവര്‍. താബാനെയെ പുറത്താക്കി പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് മെറ്റ്സിംഗ്. കഴിഞ്ഞ ജൂണില്‍ മെറ്റ്സിംഗിന്റെ നേതൃത്വത്തില്‍ താബാനെ മന്ത്രിസഭയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നു. രണ്ടു വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയ തൂക്കു പാര്‍ലമെന്റ് പിരിച്ചുവിട്ടാണ് താബാനെ അവിശ്വാസ പ്രമേയം ഒഴിവാക്കിയത്. ലെഫ്റ്റനന്റ് ജനറല്‍ കെന്നഡി കമോളിയെ താബാനെ പുറത്താക്കിയതിന്റെ പ്രതിഷേധ സൂചകമാണ് സൈനിക നീക്കത്തിനു പിന്നിലെന്നു വിലയിരുത്തപ്പെടുന്നു. അതിനിടെ കമോളിതന്നെയാണ് തലവനെന്നു സൈനിക വക്താവ് അറിയിച്ചു.

1966ല്‍ ബ്രിട്ടന്റെ അധീനതയില്‍ നിന്നു സ്വതന്ത്രമായ ലെസോത്തോ ഇതിനോടകം നിരവധി പട്ടാള അധിനിവേശത്തിനു സാക്ഷിയായിട്ടുണ്ട്. 1998ല്‍ സൈനിക നീക്കത്തിലുണ്ടായ വെടിവയ്പില്‍ 58 സാധാരണക്കാരും എട്ട് ദക്ഷിണാഫ്രിക്കന്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.