ഇ മെയിലിനു 32 വയസ്, ശിവ അയ്യാദുരൈക്ക് 50ഉം
ഇ മെയിലിനു 32 വയസ്, ശിവ അയ്യാദുരൈക്ക് 50ഉം
Sunday, August 31, 2014 11:46 PM IST
ന്യൂയോര്‍ക്ക്: ഇ മെയിലിന് 32 വയസു തികയുമ്പോള്‍ ഇന്റര്‍നെറ്റിലൂടെയുള്ള ഈ കത്തിടപാടുകള്‍ക്കു തുടക്കമിട്ടത് ഒരു ഇന്ത്യക്കാരനാണെന്ന് എത്രപേര്‍ക്ക് അറിയാം? വി.എ. ശിവ അയ്യാദുരൈ എന്ന ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൌരന്‍ 1978ലാണ് ഈ വിസ്മയ കണ്ടുപിടിത്തം നടത്തിയത്. അയ്യാദുരൈയ്ക്ക് അന്നു പതിന്നാലു വയസ് മാത്രവും.
1982 ഓഗസ്റ് 30ന് അമേരിക്കന്‍ സര്‍ക്കാര്‍ അയ്യാദുരൈയെ ഇ മെയിലിന്റെ സ്രഷ്ടാവായി അംഗീകരിച്ചു. പകര്‍പ്പവകാശം നല്കി ആദരിച്ചു.

പുതിയ സോഫ്റ്റ്വെയറുകള്‍ കണ്െടത്തുന്നവര്‍ക്ക് അവ കൈമാറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കാനുള്ള ഏക മാര്‍ഗമായിരുന്നു അന്നു കോപ്പിറൈറ്റ് അവകാശം.

എംഐറ്റി, അര്‍പാനെറ്റ് എന്നീ കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കുകള്‍ മാത്രമുള്ളപ്പോഴാണ് അയ്യാദുരൈ പില്‍ക്കാലത്ത് ഇന്റര്‍നെറ്റില്‍ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഇലക്ട്രോണിക് മെയിലിനു രൂപം നല്കിയത്. അക്കാലത്ത് അതൊരു നടക്കാത്ത സ്വപ്നമായിരുന്നുവെന്നു ഹഫിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ട് ചെയ്തു.

സൈനികരഹസ്യങ്ങള്‍ കൈമാറാനാണ് അര്‍പാനെറ്റ് ഉപയോഗിച്ചിരുന്നത്. വേള്‍ഡ് വൈഡ് വെബ് പോലെ സമാന്തരമായ ഇന്റര്‍നെറ്റ് സങ്കേതമാണിത്.

ബോംബൈയിലെ ഒരു തമിഴ്കുടുംബത്തില്‍ ജനിച്ച അയ്യാദുരൈ, ഏഴു വയസുള്ളപ്പോഴാണ് അമേരിക്കയിലെത്തിയത്. 14 വയസുള്ളപ്പോള്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിംഗുമായി ബന്ധപ്പെട്ടു ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ഒരു സെമിനാറില്‍ പങ്കെടുത്തു. ന്യൂജഴ്സിയിലെ ലിവിംഗ്സ്റണ്‍ ഹൈസ്കൂളില്‍നിന്നു ബിരുദമെടുത്തു. പിന്നീട് യൂണിവേഴ്സിറ്റി ഓഫ് മെഡിസിന്‍ ആന്‍ഡ് ഡെന്റിസ്ട്രി ഓഫ് ന്യൂജഴ്സിയില്‍ ഗവേഷണ സഹായിയായി പ്രവര്‍ത്തിച്ചു. ഇക്കാലയളവിലാണു കംപ്യൂട്ടര്‍ പ്രോഗ്രാമിംഗിനോടുള്ള അയ്യാദുരൈയുടെ അമിതതാത്പര്യവും സമര്‍പ്പിത മനസും റിസര്‍ച്ച് അധ്യാപകനായ ഡോ. ലെസ്ലി മിച്ചെല്‍സണിന്റെ ശ്രദ്ധയില്‍പെട്ടുന്നത്.


നീ മിടുക്കനാണെങ്കില്‍ പേപ്പറിലൂടെയുള്ള ഈ കത്തിടപാടുകള്‍ ഇലക്ട്രോണിക് മെയിലുകളാക്കി മാറ്റാമോ എന്ന് അധ്യാപകന്‍ വെല്ലുവിളിച്ചു. അയ്യാദുരൈയ്ക്ക് അതിനു കഴിയുമെന്നു മിച്ചെല്‍സണിനു നല്ല ബോധ്യമുണ്ടായിരുന്നു.

ഓഫീസര്‍മാരുടെ സെക്രട്ടറിമാര്‍ ടൈപ് ചെയ്യുന്ന കാര്യങ്ങള്‍ ഇന്‍ബോക്സ്, ഔട്ട്ബോക്സ്, ഡ്രാഫ്റ്റ് എന്നിങ്ങനെ തരംതിരിച്ചു മേശപ്പുറത്തു സൂക്ഷിക്കുന്നതായി അയ്യാദുരൈ ശ്രദ്ധിച്ചു. ഇതിന്റെ ഇലക്ട്രോണിക് പതിപ്പ് അരലക്ഷം ലൈനുകളുള്ള ഇലക്ട്രോണിക് കോഡുകളാക്കി മാറ്റി.

സ്മിത്സോണിയന്‍ ഇന്‍സ്റിറ്റ്യൂഷന്‍ നാഷണല്‍ മ്യൂസിയത്തില്‍ അയ്യാദുരൈയ്ക്ക് യുഎസ് ഭരണകൂടം നല്കിയ പകര്‍പ്പവകാശ രേഖയുണ്ട്. ഇ മെയിലിന്റെ സ്രഷ്ടാക്കളായി പിന്നീടു പലരും രംഗത്തി. അയ്യാദുരൈയെ അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. സ്വന്തമായി ഇ മെയില്‍ ഐഡിയുള്ളവര്‍ക്ക് അയ്യാദുരൈയെ ഓര്‍മിക്കാം, നമുക്ക് അഭിമാനിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.