റഷ്യക്കെതിരേ പുതിയ ഉപരോധത്തിനു യൂറോപ്യന്‍ യൂണിയന്‍
റഷ്യക്കെതിരേ പുതിയ ഉപരോധത്തിനു യൂറോപ്യന്‍ യൂണിയന്‍
Monday, September 1, 2014 11:06 PM IST
ബ്രസല്‍സ്: യുക്രെയിനില്‍ ഇടപെടുന്നതു ഒരാഴ്ചയ്ക്കുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യയ്ക്കെതിരേ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്നു യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഹെര്‍മന്‍ വാന്‍ റൂപേ. യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക ഉച്ചകോടിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുയായിരുന്നു അദ്ദേഹം. യുക്രെയ്നിലേക്കു റഷ്യന്‍ സേന കടന്നു കയറിയ പശ്ചാത്തലത്തില്‍ പുതിയ ഉപരോധത്തെക്കുറിച്ചു കമ്മീഷന്‍ എത്രയും പെട്ടെന്നു തീരുമാനം എടുക്കും.

റഷ്യ നിലപാടില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വലിയ വിലനല്‍കേണ്ടിവരുമെന്നു യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജോസ് മാനുവല്‍ ബറോസോ ഇതേ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ സൈനികനീക്കത്തിനു മുതിരില്ലെന്നും സമാധാനത്തിന്റെ പാതയില്‍ റഷ്യയ്ക്കു ചുട്ട മറുപടി നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോളണ്ട് പ്രധാനമന്ത്രി ഡോണാള്‍ഡ് ടസ്കിനെ പുതിയ പ്രസിഡന്റായും വിദേശകാര്യ അധ്യക്ഷയായി ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫെഡറിക്ക മൊഗേറിനിയെയും കൌണ്‍സില്‍ തെരഞ്ഞെടുത്തു. യുക്രെയ്ന്‍ പ്രധാനമന്ത്രി പെട്രോ പൊര്‍ഷെങ്കോയ്ക്കു എല്ലാ സഹകരണവും യൂറോപ്യന്‍ കൌണ്‍സില്‍ വാഗ്ദാനം ചെയ്തു.


തെക്കുപടിഞ്ഞാറന്‍ യുക്രെയ്നിന്റെ നിയന്ത്രണം നിലവില്‍ റഷ്യപിടിച്ചെടുത്തിരിക്കുകയാണ്. ആയിരത്തോളം റഷ്യന്‍ പട്ടാളക്കാര്‍ യുക്രെയ്നിലുണ്െടന്നു നാറ്റോ അറിയിച്ചു. യുക്രെയ്ന്‍ വിമതരുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിയന്ത്രിക്കുന്നതു റഷ്യന്‍ സൈനികരാണെന്നും നാറ്റോ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍, യുക്രെയ്നില്‍ സൈനിക ആക്രണത്തിനു റഷ്യ മുതിരില്ലെന്നും രണ്ടാം ലോകമഹായുദ്ധകാലത്തു നാസി സേന ചെയ്തതുപോലെ യുക്രെയ്ന്‍ യുദ്ധവിമാനങ്ങള്‍ റഷ്യയ്ക്കു മുകളിലൂടെ പറക്കുന്നുണ്െടന്നും പ്രസിഡന്റ് പുടിന്‍ കുറ്റപ്പെടുത്തി. കിഴക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിമതരുമായി യുക്രെയ്ന്‍ ഭരണകൂടം ചര്‍ച്ച നടത്തുകയാണു ചെയ്യേണ്ടതെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യയ്ക്കെതിരേ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആഗല മെര്‍ക്കലുമായി ടെലിഫോണ്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഒബാമ പ്രസ്താവന ഇറക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.