പ്രതിരോധമേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ഇന്ത്യ-ജപ്പാന്‍ ധാരണ
പ്രതിരോധമേഖലയില്‍ കൂടുതല്‍ സഹകരണത്തിന് ഇന്ത്യ-ജപ്പാന്‍ ധാരണ
Monday, September 1, 2014 11:07 PM IST
ടോക്കിയോ: ഉഭയകക്ഷിബന്ധം കൂടുതല്‍ ഊട്ടിയുറപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും ഇന്നു കൂടിക്കാഴ്ച നടത്തും. സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി രണ്ടുരാജ്യങ്ങളിലെയും വിദേശ-പ്രതിരോധ മന്ത്രിമാര്‍ ഉള്‍പ്പെടുന്ന സമിതിയെ രൂപവത്കരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പ്രതിരോധം, അടിസ്ഥാനവികസനം എന്നീ മേഖലകളില്‍ കൂടുതല്‍ സഹകരണത്തോടൊപ്പം വാണിജ്യബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തീരുമാനമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സാമ്പത്തികസഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷ സംബന്ധിച്ച വെല്ലുവിളികളും ഇരുപ്രധാനമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമാകും. പ്രതിരോധ, ആണവോര്‍ജ മേഖലയില്‍ ഏതാനും കരാറുകളിലും ഒപ്പുവച്ചേക്കും.

നേരത്തെ ക്യോട്ടോയില്‍ നൊബേല്‍ പുരസ്കാര ജേതാവ് എസ്. യമനകയുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയിലെ ആദിവാസി ഭൂരിപക്ഷമേഖലകളില്‍ വ്യാപകമായ അരിവാള്‍ രോഗത്തിനു പരിഹാരം കണ്െടത്താനുള്ള ഗവേഷണങ്ങളാണു നരേന്ദ്ര മോദി അന്വേഷിച്ചത്. ക്യോട്ടോ സര്‍വകലാശാലയിലെ വിത്തുകോശ ഗവേഷണ കേന്ദ്രം സന്ദര്‍ശിക്കുന്നതിനിടെ നൊബേല്‍ പുരസ്കാര ജേതാവുമായി ഇക്കാര്യം പ്രധാനമന്ത്രി ചര്‍ച്ച ചെയ്യുകയായിരുന്നു. രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നു കണ്ടുപിടിക്കാന്‍ ജപ്പാന്റെ സഹായവും പ്രധാനമന്ത്രി ആരാഞ്ഞു. ഇക്കാര്യത്തില്‍ സഹകരണത്തിന് ജപ്പാന്‍ സമ്മതിച്ചതായി വിദേശകാര്യമന്ത്രാലയം പിന്നീട് വ്യക്തമാക്കി.


ജപ്പാന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായിരുന്ന ഇന്നലെ പൈകൃതകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി.

ചരിത്രനഗരമായ ക്യോട്ടോയിലെ സന്ദര്‍ശനത്തിനുശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി ടോക്കിയോയിലെത്തിയത്. നഗരവികസനത്തിനു ക്യോട്ടോയെ മാതൃകയാക്കാന്‍ ഇന്ത്യ താത്പര്യപ്പെടുകയാണെന്ന് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സാംസ്കാരികമായ തനിമ നിലനിര്‍ത്തി ക്യോട്ടോയില്‍ നടപ്പാക്കിയ വികസനമാണു മോദിയെ ആകര്‍ഷിച്ചത്.

മോദിയുടെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ക്യോട്ടോ മോഡല്‍ വികസനം നടപ്പാക്കുകയെന്ന ലക്ഷ്യത്തില്‍ പുതിയ കരാറിലും അദ്ദേഹം ഒപ്പുവച്ചു. സംസ്കാരങ്ങളെയും പൈതൃകങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തെക്കുറിച്ച് ക്യോട്ടോമേയര്‍ ദിസാകു കഡോക്വ ഇന്ത്യന്‍ പ്രധാനമന്ത്രിക്കു വിശദീകരിച്ചു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.