പാക്കിസ്ഥാന്‍ പൊട്ടിത്തെറിയുടെ വക്കില്‍
പാക്കിസ്ഥാന്‍ പൊട്ടിത്തെറിയുടെ വക്കില്‍
Tuesday, September 2, 2014 10:33 PM IST
ഇസ്ലാമാബാദ്: ജനാധിപത്യം സംരക്ഷിക്കാന്‍ പട്ടാളമേധാവികളുടെ യോഗം തീരുമാനിച്ചതോടെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റും പാക്കിസ്ഥാന്‍ ടെലിവിഷന്‍ ആസ്ഥാനവും കൈയേറി. ശക്തമായ സുരക്ഷാവലയം ഭേദിച്ചു സെക്രട്ടേറിയറ്റിന്റെ ഗേറ്റ് തകര്‍ത്ത പ്രക്ഷോഭകാരികള്‍ മന്ദിരത്തിനകത്തേക്കു പുലര്‍ച്ചെ ഇരച്ചുകയറി. രാജ്യത്തെ പ്രതിസന്ധി സമാധാനപരമായ രീതിയില്‍ പരിഹരിക്കാന്‍ സൈന്യം രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു മണിക്കൂറുകള്‍ക്കകമാണു പ്രക്ഷോഭകാരികള്‍ സെക്രട്ടേറിയറ്റും ടെലിവിഷന്‍ കേന്ദ്രവും കൈയേറിയത്.

പാക്കിസ്ഥാന്‍ ടെലിവിഷന്‍ ആസ്ഥാനം കൈയേറി പ്രക്ഷേപണം തടഞ്ഞ കലാപകാരികളെ സൈന്യം പുറത്താക്കി. പ്രധാനമന്ത്രി നവാസ് ഷരീഫ് നേതൃത്വം നല്‍കുന്ന പിഎംഎല്‍-എന്‍ സര്‍ക്കാരിനെതിരേ ഇമ്രാന്‍ ഖാന്റെ തെഹ്രിക് -ഇ-ഇന്‍സാഫും മതപണ്ഡിതന്‍ തഹിര്‍ ഉല്‍ ക്വാദ്രിയുടെ പാക്കിസ്ഥാന്‍ അവാമി തഹ്രിക്കുമാണു പ്രക്ഷോഭം നടത്തുന്നത്. ഇതിനിടെ, പ്രധാനമന്ത്രി നവാസ് ഷരീഫും സൈനികമേധാവി ജനറല്‍ റഹീദ് ഷരീഫും കൂടിക്കാഴ്ച നടത്തി. സമധാനപരമായ രീതിയിലുള്ള പ്രശ്നപരിഹാരത്തിനു പാക് സുപ്രീംകോടതി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കോടതിയുടെ ഇടപെടല്‍ സ്വീകാര്യമാണോയെന്നു മറുപടി നല്‍കാന്‍ തെഹ്രിക്-ഇ-ഇന്‍സാഫ് അഭിഭാഷകനോടു കോടതി ആവശ്യപ്പെട്ടു.

കനത്ത മഴയിലും സെക്രട്ടേറിയറ്റിനു മുന്നില്‍ തമ്പടിച്ചിരുന്ന പ്രക്ഷോഭകാരികള്‍ സൈന്യത്തിന്റെ ആജ്ഞ ലംഘിച്ചു വടികളും കുന്തങ്ങളും ഉപയോഗിച്ചു പുലര്‍ച്ചെ മന്ദിരത്തിന്റെ ഗേറ്റ് തകര്‍ത്തു. റബര്‍ ബുള്ളറ്റും കണ്ണീര്‍വാതക ഷെല്ലും ഉപയോഗിച്ചു പ്രക്ഷോഭകാരികളെ നേരിടാന്‍ പോലീസ് ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ വാഹനങ്ങള്‍ നശിപ്പിച്ചു.

രാവിലെ പാക്കിസ്ഥാന്‍ ടെലിവിഷന്‍ (പിടിവി)ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ നൂറുകണക്കിനു പ്രക്ഷോഭകാരികള്‍ പ്രക്ഷേപണം തടഞ്ഞു. കാമറകള്‍ തല്ലിത്തകര്‍ത്ത ഇവര്‍ ചാനല്‍ കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഉടന്‍തന്നെ സൈന്യമെത്തി പ്രക്ഷോഭകാരികളെ പുറത്താക്കി. 800 പേരടങ്ങുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളുടെ സംഘത്തെ പുറത്താക്കിയശേഷം പിടിവിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വേള്‍ഡ് ആന്‍ഡ് ന്യൂസ് സംപ്രേഷണം പുനരാരംഭിച്ചതായി ട്വിറ്ററിലൂടെ പിടിവി അറിയിച്ചു. ചാനല്‍ കേന്ദ്രത്തിലെ കേബിള്‍ സംവിധാനങ്ങള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ വിലപിടിപ്പുള്ള കാമറകള്‍ മോഷ്ടിച്ചുകൊണ്ടുപോയതായി പിടിവി ന്യൂസ് ഡയറക്ടര്‍ മുഹമ്മദ് മാലിക് പറഞ്ഞു.


കരസേനാ മേധാവിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന യോഗത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ധാരണയായതോടെയാണു പാക്കിസ്ഥാനില്‍ പ്രക്ഷോഭം രൂക്ഷമായത്. സമയം പാഴാക്കാതെ രാജ്യത്തെ പ്രതിസന്ധി സമാധാനപൂര്‍വം രാഷ്ട്രീയപരമായി പരിഹരിക്കാനാണു സൈനികമേധാവികളുടെ യോഗം തീരുമാനിച്ചത്.

പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ വസതി വളഞ്ഞ പിടിഐ, ക്വാദ്രി അനുകൂലികള്‍ക്കു നേരേ പോലീസ് വെടിവയ്പ് നടത്തിയതോടെയാണു കലാപം മുര്‍ച്ഛിച്ചത്. ഏറ്റുമുട്ടലില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

എന്നാല്‍, പാക്കിസ്ഥാന്‍ ടെലിവിഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഉപരോധം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നു പിടിഐ അധ്യക്ഷന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പിടിഐ പ്രവര്‍ത്തകരല്ല ഇതിനു പിന്നിലെന്നും ടെലിവിഷന്‍ കേന്ദ്രമോ പ്രധാനമന്ത്രിയുടെ വസതിയോ ഉപരോധിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ടെലിവിഷന്‍ കേന്ദ്രം കൈയേറി പ്രക്ഷോഭകാരികള്‍ പട്ടാളത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയെന്നും മന്ദിരത്തിന്റെ ചുമരുകളില്‍ ക്വാദ്രി അനുകൂല മുദ്രാവാക്യങ്ങള്‍ കോറിയിട്ടെന്നും എക്സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അനുയായികളോടു പരിധി ലംഘിക്കരുതെന്നും പട്ടാള നിര്‍ദേശങ്ങള്‍ക്കുള്ളില്‍നിന്നു പ്രക്ഷോഭം നടത്തണമെന്നും ക്വാദ്രി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണു നവാസ് ഷരീഫിന്റെ പാര്‍ട്ടി അധികാരത്തിലെത്തിയതെന്നാരോപിച്ചാണ് ഇമ്രാന്‍ ഖാന്‍ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത്. രാജ്യത്തു പുതിയ മാറ്റം കൊണ്ടുവരാനാണു ക്വാദ്രിയുടെ പ്രക്ഷോഭം. ഓഗസ്റ് 14 നാണ് പാക്കിസ്ഥാനില്‍ കലാപം തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.