ജപ്പാനില്‍നിന്നു വന്‍ നിക്ഷേപം, ആണവ കരാറായില്ല
ജപ്പാനില്‍നിന്നു വന്‍ നിക്ഷേപം, ആണവ കരാറായില്ല
Tuesday, September 2, 2014 12:16 AM IST
ടോക്കിയോ: ഇന്ത്യയില്‍ അഞ്ചു വര്‍ഷം കൊണ്ടു 2.1 ലക്ഷം കോ ടിയുടെ നിക്ഷേപത്തിനു ജപ്പാന്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍, സിവില്‍ ആണവകരാര്‍ തീരുമാന മായില്ല.

ആണവകരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സേ ആബേയും ടോക്കിയോയില്‍ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയില്‍ തീരുമാനമായി. തന്ത്രപ്രധാന പങ്കാളിയെന്ന പദവിയില്‍നിന്നു തന്ത്രപ്രധാനമേഖലയിലെ പ്രത്യേക പങ്കാളിയെന്ന നിലയിലേക്കു സഹകരണം മെച്ചപ്പെടുത്തും. വെറും വാക്കുകള്‍കൊണ്ടുള്ള കളിയല്ല ഈ പ്രഖ്യാപനമെന്നും ഇരുസര്‍ക്കാരുകളുടെയും ഇരു രാജ്യങ്ങളുടെയും വര്‍ധിച്ച ഉത്തരവാദിത്വങ്ങള്‍ പ്രതിഫലിപ്പിക്കുന്ന തീരുമാനമാണിതെ ന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദിയും ആബേയും അറിയിച്ചു.

നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ മൂന്നാംദിവസമായ ഇന്നലെയാണു പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഉന്നതതല ചര്‍ച്ച നടന്നത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ചര്‍ച്ചകളെ രണ്ടുപേരുടെയും അയല്‍രാജ്യമായ ചൈന സൂക്ഷ്മമായാണു വീക്ഷിച്ചത്. സെന്‍കാകു ദ്വീപിനെച്ചൊല്ലി ചൈനയും ജപ്പാനും അഭിപ്രായഭിന്നത ശക്തമായ സാഹചര്യത്തില്‍കൂടിയാണിത്. മേഖലയിലെ രണ്ടാമ ത്തെ യും മൂന്നാമത്തെയും ശക്തികള്‍ കൈകോര്‍ക്കുന്നതു ചൈനയുടെ താത്പര്യങ്ങളെ ചോദ്യംചെയ്യുമെന്നാണു ബെയ്ജിംഗിന്റെ ആശങ്ക.

പൊതുസ്വകാര്യമേഖലകളില്‍നിന്നു അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 2,10,000 കോടിയുടെ നിക്ഷേപം നടത്താനുള്ള താത്പര്യം ഉന്നതതല ചര്‍ച്ചയില്‍ ജപ്പാന്‍ പ്രകടിപ്പിച്ചു.

ഇന്ത്യയില്‍നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്കു നിലവിലുണ്ടായിരുന്ന വിലക്കു പിന്‍വലിച്ച ജാപ്പനീസ് നടപടിയില്‍ നരേന്ദ്രമോദി സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധമേഖലയിലെ സഹകരണത്തിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

പുറമേ പ്രതിരോധ സാങ്കേതിക വിദ്യയിലുള്ള സഹകരണത്തിനും ധാരണയായി. ആരോഗ്യം, റോഡ് വികസനം, വനിതാ ക്ഷേമം എന്നീ മേഖലകളിലും സഹകരണത്തിനു നടപടികളുണ്ട്.


ഇന്ത്യക്ക് ഏറ്റവും അടുപ്പവും വിശ്വാസവുമുള്ള പങ്കാളിയാണു ജപ്പാനെന്നു മോദി പറഞ്ഞു. ജപ്പാനുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനു സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കും. ഇന്ത്യന്‍ വികസനത്തിനുള്ള നിര്‍ണായക പങ്കാളി എന്നതു മാത്രമല്ല, സമാധാനം ഇഷ്ടപ്പെടുന്ന ജനാധിപത്യരാജ്യങ്ങളാണു രണ്ടും എന്നതും പ്രധാനമാണ്. ഏഷ്യയെയും ലോകത്തെയും രൂപപ്പെടുത്താന്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ പങ്കുവഹിക്കാനാകുമെന്നും മോദി പറഞ്ഞു.

നേരത്തേ ജാപ്പനീസ് ചേംബര്‍ ഓഫ് കൊമേഴ്സിനെയും ജപ്പാന്‍- ഇന്ത്യ വ്യാപാരവികസന കമ്മിറ്റിയെയും അഭിസംബോധന ചെയ്യവേ വികസനത്തിന് ആവശ്യമായ വ്യവസായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മോദി പറഞ്ഞിരുന്നു. വ്യവസായം വളര്‍ത്തുന്നതിന് അനുകൂലമായ സാഹചര്യമാണ് ആവശ്യം. ഇന്ത്യയില്‍ അത് ഉണ്ടാക്കിയെടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഇന്ത്യയിലെ അടിസ്ഥാന സൌകര്യവികസനത്തിനും സ്മാര്‍ട്ട്സിറ്റികളുടെ നിര്‍മാണത്തിനുമാണ് 2,10,000 കോടിരൂപ ജപ്പാന്‍ നിക്ഷേപിക്കുന്നത്. ജപ്പാനില്‍ നിന്നുള്ള വ്യാപാരം ത്വരിതപ്പെടുത്തുന്നതിനു പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്യും. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനവാസകേന്ദ്രമായ വാരാണസിയും ജാപ്പനീസ് നഗരമായ ക്യോട്ടോയും തമ്മിലുള്ള സഹകരണമാണ് മറ്റൊരു പ്രധാന കരാര്‍. പൈകൃകനഗരമായ ക്യോട്ടോ ആയിരം വര്‍ഷത്തോളം ജാപ്പനീസ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു.

ക്യോട്ടോ മേയര്‍ ദൈസാകു കഡോകവാനും ജപ്പാനിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വയുമാണ് ഈ കരാറില്‍ ഒപ്പിട്ടത്. ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് സാമ്പത്തിക-സാങ്കേതിക സഹകരണവും ജപ്പാന്‍ വാഗ്ദാനം ചെയ്തു. സൈനികേതര ആണവ സഹകരണത്തിനുള്ള കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്കും ധാരണയായിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.