ഐഎസ് ഭീകരര്‍ മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ടതായി ഇറാക്ക് അംബാസഡര്‍
Thursday, September 18, 2014 10:33 PM IST
റോം: ഐഎസ് (ഇസ്ലാമിക് സ്റേറ്റ്) ഭീകരര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ പദ്ധതിയിട്ടതായി വത്തിക്കാനിലെ ഇറാക്ക് അംബാസഡര്‍ ഹബീബ് അല്‍ സദര്‍. ഇറ്റാലിയന്‍ പത്രമായ ലാ നസീയോണിന് നല്‍കിയ അഭിമുഖത്തിലാണ് സദര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മാര്‍പാപ്പയെ വധിക്കുന്നതിനായി ഐഎസ് ഭീകരര്‍ തയാറാക്കിയിരിക്കുന്ന പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വാസ യോഗ്യമായ ഇടങ്ങളില്‍നിന്നാണു ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അല്‍ബേനിയയില്‍ അടുത്തയാഴ്ച മാര്‍പാപ്പ സന്ദര്‍ശനം നടത്താനിരിക്കുകയാണ്.


ഇറാക്കി അംബാസഡറുടെ വെളിപ്പെടുത്തലിന്റെ പേരില്‍ മാര്‍പാപ്പ യാത്ര മാറ്റിവയ്ക്കില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.

വത്തിക്കാനിലേ പോലെ തുറന്ന ജീപ്പിലായിരിക്കും മാര്‍പാപ്പ അല്‍ബേനിയയിലും സന്ദര്‍ശകരുടെ ഇടയിലൂടെ സഞ്ചരിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു. നേരത്തേ ഇറാക്കില്‍ ക്രൈസ്തവരെ കൂട്ടക്കൊലചെയ്ത ഐഎസ് ഭീകരരുടെ നടപടിക്കെതിരേ മാര്‍പാപ്പ രംഗത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.