ഫ്രാന്‍സും വ്യോമാക്രമണം തുടങ്ങി
ഫ്രാന്‍സും വ്യോമാക്രമണം തുടങ്ങി
Saturday, September 20, 2014 11:34 PM IST
പാരീസ്: ഇറാക്കില്‍ ഇസ്ളാമിക് സ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ക്കെതിരേ വ്യോമാക്രമണം ആരംഭിച്ചതായി ഫ്രാന്‍സ്. ഇറാക്ക്-സിറിയ രാജ്യങ്ങി ലെ ഏതാനും പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഐഎസിനെതിരേയുള്ള യുദ്ധത്തില്‍ പങ്കുചേരാന്‍ ഫ്രാന്‍സ് സന്നദ്ധതയറിയിച്ചിരുന്നു. ഇതിനുശേഷം ആദ്യമായി ഇന്നലെ റഫാല്‍ ജറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

ഇന്ത്യന്‍ സമയം ഉച്ചയോടെ വിമാനങ്ങള്‍ തീവ്രവാദികളുടെ സംഭരണകേന്ദ്രം ആക്രമിക്കുകയായിരുന്നുവെന്നു പ്രസിഡന്റ് ഫ്രാന്‍ സ്വാ ഒളാന്ദ് അറിയിച്ചു. വരുംദിവസങ്ങളിലും സമാനമായ ആക്രമണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ് തീവ്രവാദികള്‍ക്കെതിരേ യുഎസ് നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ പങ്കുചേരുന്ന ആദ്യരാജ്യമാണു ഫ്രാന്‍സ്. കഴിഞ്ഞമാസം എട്ടിനുശേഷം ഇതുവരെ യുഎസ് വിമാനങ്ങള്‍ 170 തവണ വ്യോമാക്രമണം നടത്തിക്കഴിഞ്ഞു. എങ്കിലും വിവിധ രാജ്യങ്ങളുടെ പിന്തുണ യുഎസ് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു.

ഐഎസ് തീവ്രവാദികളുടെ നിയന്ത്രണത്തിലായ കുര്‍ദ്ഗ്രാമങ്ങളിലെ നൂറുകണക്കിനു കുര്‍ദുകള്‍ തൊട്ടടുത്ത തുര്‍ക്കിയിലേക്കു കടന്നു. കുര്‍ദ് ഭൂരിപക്ഷപ്രദേശത്തെ 24 ഗ്രാമങ്ങളുടെ നിയന്ത്രണമാണ് കഴിഞ്ഞദിവസം ഐഎസ് തീവ്രവാദികള്‍ പിടിച്ചെടുത്തത്. സ്ത്രീകളും കുട്ടികളുമാണ് അയല്‍രാജ്യത്തേക്കു പോകുന്നവരില്‍ ഏറെയും. കുര്‍ദുകാര്‍ കൊബാനിയെന്ന് വിളിക്കുന്ന സിറിയന്‍ നഗരമായ അന്‍ അല്‍ അറബില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള തുര്‍ക്ക് ഗ്രാമമായ ദിക്മിടാസാണ് ജനക്കൂട്ടത്തിന്റെ ലക്ഷ്യം. വ്യാഴാഴ്ച രാത്രിയോടെ 3,000 പേരാണ് അയല്‍രാജ്യത്തേക്കു പോ കാന്‍ തയാറായി എത്തിയത്. അതിനുശേഷം കൂടുതല്‍ പേര്‍ പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഇവരെ തുര്‍ക്കിയിലെ സുരക്ഷാ സേന തടയുകയാണ്. മോശം കാലാവസ്ഥ പലരുടെയും യാത്ര മുടങ്ങുകയും ചെയ്തു.


അതിനിടെ, ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഷിയാ പള്ളിയിലും മാര്‍ക്കറ്റിലുമുണ്ടായ സ്ഫോടനപരമ്പരയില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അല്‍ മുബാറക് പള്ളിയിലുണ്ടായ സ്ഫോടന ത്തില്‍ എട്ടുപേരാണു മരിച്ചത്. തുടര്‍ന്നാണ് ഷിയാ ഭൂരിപക്ഷപ്രദേശമായ നര്‍വാനിലെ മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടാ യത്. ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.