ഹെന്നിംഗിനെ മോചിപ്പിക്കണമെന്നു ഭാര്യ
Monday, September 22, 2014 11:22 PM IST
ലണ്ടന്‍: ഇസ്ലാമിക് സ്റേറ്റ് ഭീകരര്‍ തടവിലാക്കിയ ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ അലന്‍ ഹെന്നിംഗിന്റെ മോചനത്തിനായി അപേക്ഷിച്ചു ഭാര്യ ബാര്‍ബറ. തന്റെ ഭര്‍ത്താവ് സമാധാനകാംക്ഷിയും നിസ്വാര്‍ഥനുമാണ്. ദുരിതമനുഭവിക്കുന്നവരോടു പക്ഷം ചേരാനാണ് അദ്ദേഹം സിറിയയിലെത്തിയത.് ഭര്‍ത്താവിന്റെ മോചനത്തിനായുള്ള തന്റെ അപേക്ഷ ഹൃദയപൂര്‍വം പരിഗണിക്കണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മുസ്ലീം സുഹൃത്തുകള്‍ക്കൊപ്പം സിറിയയിലെ ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായവുമായി പോകുന്നവഴിയാണ് അലന്‍ ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ പിടിയിലാകുന്നത്. സിറിയയിലെ ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്കു ഭക്ഷണവും വെളളവുമായി പോയ ആംബുലന്‍സിന്റെ ഡ്രൈവറായിരുന്നു അലന്‍ ഹെന്നിംഗ്. ബാര്‍ബറയെക്കൂടാതെ ബ്രിട്ടനിലെ നിരവധി മുസ്ലിം നേതാക്കളും ഹെന്നിംഗിന്റെ മോചനത്തിനായി രംഗത്തുവന്നിട്ടുണ്ട്. പിടിയിലായിരുന്ന രണ്ടു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെയും ഒരു ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെയും ഭീകരര്‍ നേരത്തെ വധിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.