ട്രാഫിക് പോലീസ് സമരം ബല്‍ജിയംകാര്‍ക്കു തുണയായി
Wednesday, October 1, 2014 12:25 AM IST
ബ്രസല്‍സ്: ട്രാഫിക് പോലീസി നെ പേടിക്കാതെ ബല്‍ജിയംകാര്‍ക്ക് ഇനി സ്വൈരമായി വാഹനമോടിക്കാം. നിയമവിരുദ്ധ പാര്‍ക്കിംഗ്, അമിതവേഗം, സീറ്റ് ബെല്‍റ്റില്ലായ്മ തുടങ്ങിയ ചെറിയ കുറ്റങ്ങള്‍ ചെയ്യുന്നവരില്‍നിന്ന് പോലീസ് പിഴ ഈടാക്കില്ല.

റിട്ടയര്‍മെന്റ് പ്രായം 58ല്‍നിന്ന് 62 ആയി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ പദ്ധതിയില്‍ പ്രതിഷേധിച്ചാണ് പോലീസ് നൂതന സമരമുറ ആവിഷ്കരിച്ചത്.തങ്ങളുടെ റിട്ടയര്‍മെന്റ് പ്രായം ഉയര്‍ത്തരുതൊന്നാവശ്യപ്പെട്ട് രണ്ടാഴ്ചമുമ്പ് 40,000പോലീസ് ഓഫീസര്‍മാര്‍ ബ്രസല്‍സില്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനങ്ങിയില്ല. ഇതേത്തുടര്‍ന്നാണു പുതുമയുള്ള സമരവുമായി അവര്‍ രംഗത്തെത്തിയത്. സര്‍ക്കാരിനു നഷ്ടമുണ്ടാക്കുന്ന സമരം ഒരാഴ്ച തുടരാനാണു പദ്ധതി. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കും മറ്റും നിയമനടപടികളില്‍നിന്ന് ഒഴിവു നല്‍കില്ലെന്നു പോലീസ് യൂണിയന്‍ നേതാവ് വിന്‍സന്റ് ഹൌസിന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.