തീര്‍ഥാടകലക്ഷങ്ങള്‍ മിനയിലേക്ക്; അറഫ സംഗമം നാളെ
Thursday, October 2, 2014 11:24 PM IST
മക്ക: മക്കയിലെത്തിയ തീര്‍ഥാടകര്‍ ഹജജിന്റെ കര്‍മങ്ങളിലേക്കു പ്രവേശിക്കാനായി മിന താഴ്വാരത്തിലേക്ക് ഒഴുകിത്തുടങ്ങി. നാളെയാണ് അറഫാ സംഗമം. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നായി മക്കയിലെത്തിയ തീര്‍ഥാടകര്‍ രാത്രിയോടെയാണ് കൂടാരങ്ങളുടെ നഗരി എന്നറിയപ്പെടുന്ന മിനയിലേക്ക് നീങ്ങിത്തുടങ്ങിയത്.

മിനയില്‍ നിന്ന് നാളെ പുലര്‍ച്ചെ അറഫയിലേക്ക് തീര്‍ഥാടകര്‍ പുറപ്പെടും. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാരുടെയും ആഭ്യന്തര ഹാജിമാരുടെയും ഒഴുക്ക് ഇന്നലെയോടെ നിലച്ചിട്ടുണ്ട്. പരിശുദ്ധ മക്കയ്ക്ക് ചുറ്റും പുണ്യമന്ത്രങ്ങള്‍ ഉരുവിട്ട് തീര്‍ഥാടകലക്ഷങ്ങളുടെ പ്രവാഹമാണ്. മിനയില്‍ നിന്നു 14 കിലോമീറ്റര്‍ അകലയാണ് അറഫ സംഗമം. വെള്ളിയാഴ്ചയും അറഫ സംഗമവും ഒരു ദിവസമെത്തിയതിന്റെ പുണ്യത്തിലാണ് തീര്‍ഥാടകര്‍.

വിദേശരാജ്യങ്ങളില്‍ നിന്നായി 14 ലക്ഷം തീര്‍ഥാടകരാണ് ഈവര്‍ഷം ഹജ്ജിനായി എത്തിയിട്ടുള്ളത്. ഇവരില്‍ 13,11,421 പേര്‍ വിമാനമാര്‍ഗവും 58796 പേര്‍ കരമാര്‍ഗവും 13982 പേര്‍ കപ്പല്‍ മാര്‍ഗവുമാണ് മക്കയിലെത്തിയത്. ഇന്ത്യയില്‍നിന്നു ഇത്തവണ ഒരുലക്ഷത്തി മുപ്പത്തിആറായിരം തീര്‍ഥാടകരാണ് ഹജ്ജിനായി എത്തിയിട്ടുള്ളത്. ഇവരില്‍ 99914 പേര്‍ വിവിധ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 365 വിമാനങ്ങളിലായാണ് എത്തിയിട്ടുള്ളത്. ഇന്ത്യന്‍ തീര്‍ഥാടകരില്‍ ഇന്നലെ വരെ മൂന്നു മലയാളികള്‍ അടക്കം 47 പേര്‍ മരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നു ഹജ്ജ് കമ്മിറ്റി വഴി 6890 പേരും പതിനായിരത്തോളം പേര്‍ സ്വകാര്യഹജ്ജ് ഗ്രൂപ്പ് വഴിയും എത്തിയിട്ടുണ്ട്. സൌദി അറേബ്യയില്‍ ജോലി ചെയ്യുന്നവരും സൌദിക്കകത്തുനിന്നുമായി ഒരു ലക്ഷത്തി എഴുപതിനായിരം പേര്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ 41,000 പേര്‍ സൌദി ഇത്തവണ ഏര്‍പ്പെടുത്തിയ ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിയില്‍ ഉള്‍പ്പെട്ടവരാണ്. കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് സൌഹാര്‍ദസംഘങ്ങള്‍ ഇത്തവണ ഹജ്ജിനു എത്തിയിട്ടുണ്ട്. ബിജെപി നേതാക്കളായ ഹാരിഫ് ബാഗ്, അബ്ദുല്‍ റഷീദ് അന്‍സാരി എന്നിവര്‍ സൌദി ഹജ്ജ് മന്ത്രി ഡോ.ബെന്തര്‍ ഹച്ചാറുമായി കൂടിക്കാഴ്ച നടത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.