ഇറാക്കിലെ കുര്‍ദ് സൈനികര്‍ തുര്‍ക്കിയിലൂടെ സിറിയയിലേക്ക്
Tuesday, October 21, 2014 11:37 PM IST
അങ്കാറ: സിറിയന്‍ നഗരമായ കൊബാനിയില്‍ യുദ്ധത്തിനു പോകാന്‍ ഇറാക്കില്‍നിന്നുള്ള കുര്‍ദ് പെഷ്മാര്‍ഗ പോരാളികള്‍ക്ക് അവസരമൊരുങ്ങി. തുര്‍ക്കിയിലൂടെ സിറിയയിലേക്ക് പോകാന്‍ ഇവര്‍ക്ക് പ്രത്യേക പാത ഒരുക്കാമെന്ന് തുര്‍ക്കി വിദേശകാരമന്ത്രി മെവ്്ലുട് കൌസോഗ്ളു സമ്മതിച്ചു. തുര്‍ക്കി ഭരണകൂടം ആദ്യമായാണ് കുര്‍ദുകളെ സഹായിക്കാന്‍ പരസ്യമായി രംഗത്തെത്തുന്നത്.

ഇറാക്കി കുര്‍ദുകള്‍ക്ക് കൊബാനിയില്‍ പോകാനായി അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടിരുന്നു.

ഇറാക്കിലെ കുര്‍ദുകള്‍ നല്‍കിയ ആയുധങ്ങളും വെടിക്കോപ്പുകളും മെഡിക്കല്‍ കിറ്റുകളും യുഎസ് വിമാനങ്ങളില്‍നിന്ന് കൊബാനിയില്‍ ഇട്ടുകൊടുത്തു. 21 ടണ്‍ ആയുധങ്ങളാണ് ഇപ്രകാരം വിതരണം ചെയ്തതെന്ന് ഇറാക്കില്‍നിന്നുള്ള കുര്‍ദിഷ് ഉദ്യോഗസ്ഥന്‍ ഹെമിന്‍ ഹവാര്‍മി പറഞ്ഞു. ഇറാക്കില്‍നിന്നുള്ള പോരാളികളും ആയുധങ്ങളും എത്തുന്നത് ഐഎസിനെതിരേ യുദ്ധം ചെയ്യുന്ന കൊബാനിയിലെ കുര്‍ദുകള്‍ക്ക് ഏറെ സഹായകമാവും. കൊബാനിയില്‍ ഐഎസിനെതിരേ യുഎസ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നിരവധി ഭീകരര്‍ക്ക് ജീവഹാനി നേരിട്ടു.

കൊബാനിയിലെ കുര്‍ദുകള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുമുമ്പ് തുര്‍ക്കി അധികൃതരുമായി പ്രസിഡന്റ് ഒബാമയും താനും ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഇന്തോനേഷ്യയില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ഭീകരരെ സംബന്ധിച്ച നയത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുര്‍ക്കിയില്‍ സ്വയംഭരണ പ്രവിശ്യ രൂപീകരിക്കാന്‍ ശ്രമിക്കുന്ന കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയെ(പിപികെ) ഭീകര ഗ്രൂപ്പായാണ് തുര്‍ക്കി കാണുന്നത്. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ കൊബാനി പട്ടണത്തിലെ ഭൂരിപക്ഷ കുര്‍ദുകള്‍ക്കും പിപികെയുമായി ബന്ധമുണ്െടന്നാണു തുര്‍ക്കിയുടെ ആരോപണം.


എന്നാല്‍, ഐഎസുമായി ഏറ്റുമുട്ടുന്ന കുര്‍ദുകളെ സഹായിച്ചില്ലെങ്കില്‍ ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒഴിഞ്ഞുമാറലായിരിക്കുമതെന്നു കെറി ചൂണ്ടിക്കാട്ടി. ഇസ്ലാമിക്സ്റേറ്റ് ഭീകരതയ്ക്കെതിരേയുള്ള പോരാട്ടത്തില്‍ ഏഷ്യ പസിഫിക് മേഖലയിലെ രാജ്യങ്ങളുടെ പിന്തുണ വേണമെന്ന് കെറി അഭ്യര്‍ഥിച്ചു.

കൊബാനിയില്‍ സൈനിക ഇടപെടലിനു തുര്‍ക്കി വിസമ്മതിക്കുന്നതില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ കുര്‍ദുകള്‍ ഈയിടെ നടത്തിയ ലഹളയില്‍ 32 പേര്‍ കൊല്ലപ്പെ ടുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.